പെര്‍ത്തില്‍ മലയാളി പെണ്‍കുട്ടി ചികിത്സ ലഭിക്കാതെ മരിച്ച സംഭവം; ഐശ്വര്യയുടെ മാതാപിതാക്കള്‍ ഹോസ്പിറ്റലിന് മുന്നില്‍ നിരാഹാര പ്രതിഷേധം ആരംഭിച്ചു; പനി പിടിച്ച ഏഴ് വയസുകാരി മരിച്ചത് എമര്‍ജന്‍സി വാര്‍ഡില്‍ ചികിത്സ കിട്ടാന്‍ വൈകിയതിനാല്‍

പെര്‍ത്തില്‍ മലയാളി പെണ്‍കുട്ടി ചികിത്സ ലഭിക്കാതെ മരിച്ച സംഭവം; ഐശ്വര്യയുടെ മാതാപിതാക്കള്‍ ഹോസ്പിറ്റലിന് മുന്നില്‍  നിരാഹാര പ്രതിഷേധം ആരംഭിച്ചു; പനി പിടിച്ച ഏഴ് വയസുകാരി മരിച്ചത് എമര്‍ജന്‍സി വാര്‍ഡില്‍ ചികിത്സ കിട്ടാന്‍ വൈകിയതിനാല്‍
പെര്‍ത്ത് ചില്‍ഡ്രന്‍സ് ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡില്‍ ഏഴ് വയസുകാരി മലയാളി പെണ്‍കുട്ടി ഐശ്വര്യ ചികിത്സ ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് മരിച്ച സംഭവം വിവാദമാകുന്നു. പനിച്ച് വിറച്ചിട്ടും മകള്‍ക്ക് ചികിത്സ വൈകിപ്പിച്ച് അവളെ മരണത്തിലേക്ക് തള്ളി വിട്ട ആശുപത്രിക്കാരുടെ കണ്ണില്‍ ചോരയില്ലാത്ത നടപടിയില്‍ പ്രതിഷേധിച്ച് ഐശ്വര്യയുടെ മാതാപിതാക്കള്‍ ഹോസ്പിറ്റലിന് മുന്നില്‍ നിരാഹാര സമരം തുടങ്ങിയത് വന്‍ ചലനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.

അകാലത്തില്‍ പൊലിഞ്ഞ തങ്ങളുടെ മകള്‍ക്ക് നീതി തേടിയുള്ള ബോര്‍ഡും പിടിച്ചാണ് ഐശ്യര്യയുടെ അച്ഛനായ അശ്വതും പ്രസീതയും നിരാഹാര സമരത്തിനിറങ്ങിയിരിക്കുന്നത്.കഴിഞ്ഞ മാസം മൂന്നാം തിയതിയായിരുന്നു ഇവിടുത്തെ എമര്‍ജന്‍സി വാര്‍ഡില്‍ കിടന്ന് ഐശ്വര്യ മരിച്ചത്. പിനി വഷളായിട്ടും ഈ പെണ്‍കുട്ടിക്ക് ചികിത്സക്കായി രണ്ട് മണിക്കൂര്‍ വരെ കാത്തിരിക്കേണ്ടി വന്നുവെന്നും തല്‍ഫലമായി രോഗം വഷളായി മരിക്കുകയായിരുന്നുവെന്നും ഇതിനുത്തരവാദികള്‍ ആശുപത്രിക്കാരാണെന്നുമാണ് ഐശ്യര്യയുടെ രക്ഷിതാക്കള്‍ ആരോപിക്കുന്നത്.

വെള്ളിയാഴ്ച അര്‍ധരാത്രി സമരം തുടങ്ങി ഏഴ് മണിക്കൂറോളമായിട്ടും ഹോസ്പിറ്റലുകാരുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് അശ്വത് ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ വാഗ്ദാനങ്ങള്‍ മുന്നോട്ട് വയ്ക്കുന്നതല്ലാത്തെ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഉറച്ച നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും അശ്വത് പരിതപിച്ചു. ഈ പെണ്‍കുട്ടിയുടെ അവസ്ഥ വഷളാകുന്നതായി അച്ഛനമ്മമാര്‍ പല തവണ ചൂണ്ടിക്കാണിച്ചിട്ടും, എമര്‍ജന്‍സി വിഭാഗത്തിലുള്ളവര്‍ അത് ഗൗരവമായെടുത്തില്ല എന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്.

ദാരുണ സംഭവത്തെക്കുറിച്ച് ആരോഗ്യവകുപ്പ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇത്തരം സാഹചര്യങ്ങളിലെ അന്വേഷണം നാലാഴ്ച മുതല്‍ ആറാഴ്ച വരെയെടുക്കാമെന്നും, എന്നാല്‍ ഈ മരണത്തിന്റെ ദാരുണ സ്വഭാവം കണക്കിലെടുത്ത് എത്രയും വേഗം അത് മുഴുമിപ്പിക്കും എന്നുമായിരുന്നു സംസ്ഥാന ആരോഗ്യമന്ത്രി റോജര്‍ കുക്ക് വ്യക്തമാക്കിയത്.

Other News in this category4malayalees Recommends