കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ധ്യാനം; 80 ഓളം പുരോഹിതര്‍ക്ക് കോവിഡ്, രണ്ട് വൈദികര്‍ മരിച്ചു

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ധ്യാനം; 80 ഓളം പുരോഹിതര്‍ക്ക് കോവിഡ്, രണ്ട് വൈദികര്‍ മരിച്ചു
മൂന്നാറിലെ ധ്യാനകേന്ദ്രത്തില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് നടന്ന സി.എസ്.ഐ സഭാ വൈദികരുടെ ധ്യാനത്തില്‍ പങ്കെടുത്ത 80 ഓളം പുരോഹിതന്മാര്‍ക്ക് കോവിഡ് ബാധിച്ചു. രോഗബാധയെ തുടര്‍ന്ന് രണ്ട് വൈദികര്‍ മരിച്ചു. വൈദികന്‍ റവ ബിജുമോന്‍, റവ ഷൈന്‍ ബി രാജ് എന്നിവരാണ് മരിച്ചത്. സി.എസ്.ഐ ബിഷപ്പ് ധര്‍മ്മരാജ് റസാലം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

ൃകഴിഞ്ഞ ഏപ്രില്‍ 13 മുതല്‍ 17 വരെയായിരുന്നു മൂന്നാര്‍ സി.എസ്.ഐ പള്ളിയില്‍ വൈദികരുടെ ധ്യാനം. ബിഷപ്പ് ധര്‍മരാജ് റസാലം നേതൃത്വം നല്‍കിയ ധ്യാനത്തില്‍ വിവിധ പളളികളില്‍ നിന്നായി 480 പുരോഹിതരാണ് പങ്കെടുത്തത്. ധ്യാനത്തിന് ശേഷം വൈദികര്‍ പള്ളികളിലുമെത്തി. മാനദണ്ഡങ്ങള്‍ ലംഘിച്ച് ധ്യാനം നടത്തിയതിനെതിരെ വിശ്വാസികള്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി. രോഗബാധിതരായ പുരോഹിതരില്‍ പലരും കാരക്കോണത്തെ സി.എസ്.ഐ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റ് ചിലര്‍ വീടുകളിലും ചികിത്സയില്‍ തുടരുന്നുണ്ട്.

കോവിഡ് രണ്ടാം തരംഗത്തിന്റെ ഭാഗമായി മദ്ധ്യകേരള ധ്യാനം മാറ്റിവച്ചിരുന്നു. പക്ഷെ ദക്ഷിണ കേരള ധ്യാനം അധികൃതര്‍ രഹസ്യമായി നടത്തുകയായിരുന്നു. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ അനുസരിച്ച് ധ്യാനത്തില്‍ 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാനാവൂ. ഈ സാഹചര്യത്തിലാണ് മദ്ധ്യകേരള ധ്യാനം മാറ്റിവച്ചത്. എന്നാല്‍ ധ്യാനം ചേരാന്‍ തങ്ങള്‍ക്ക് അനുമതിയുണ്ടായിരുന്നു എന്നാണ് സി.എസ്.ഐ ദക്ഷിണ കേരള വൈദിക നേതൃത്വത്തിന്റെ വിശദീകരണം.

ധ്യാനത്തിന് അനുമതി തേടിയിരുന്നില്ലെന്നും ഏപ്രില്‍ 12 മുതല്‍ ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നെന്നും ഇടുക്കി ജില്ല ഭരണകൂടം വ്യക്തമാക്കി. പരമാവധി പരിപാടികള്‍ ഓണ്‍ലൈനായി നടത്തണമെന്ന ഉത്തരവ് നിലനില്‍ക്കുന്നതിനിടെയായിരുന്നു ധ്യാനം.

തിരുവനന്തപുരത്ത് നിന്ന് പ്രത്യേക ബസുകളിലാണ് വൈദികരെ മൂന്നാറില്‍ എത്തിച്ചത്. ധ്യാനത്തിനിടെ വൈദികര്‍ക്ക് ശരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടെങ്കിലും കാലവസ്ഥ വ്യതിയാനം നിമിത്തമെന്ന് കരുതി. നാട്ടിലെത്തിയിട്ടും അസ്വസ്ഥതകള്‍ വിട്ടുമാറാതിരുന്നപ്പോള്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്നാണ് രണ്ട് പുരോഹിതര്‍ മരിച്ചത്.



Other News in this category



4malayalees Recommends