ജി7 യോഗത്തില്‍ കൊവിഡ് ഭീതി; സമ്മേളനത്തിനെത്തിയ ഇന്ത്യന്‍ പ്രതിനിധി സംഘത്തിലെ രണ്ട് പേര്‍ പോസിറ്റീവായി; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഉള്‍പ്പെടെ ക്വാറന്റൈനില്‍

ജി7 യോഗത്തില്‍ കൊവിഡ് ഭീതി; സമ്മേളനത്തിനെത്തിയ ഇന്ത്യന്‍ പ്രതിനിധി സംഘത്തിലെ രണ്ട് പേര്‍ പോസിറ്റീവായി; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഉള്‍പ്പെടെ ക്വാറന്റൈനില്‍
ലണ്ടനില്‍ ചേര്‍ന്ന ജി7 അംഗങ്ങളുടെ യോഗത്തില്‍ കൊവിഡ് ഭീതി. സമ്മേളനത്തിനെത്തിയ ഇന്ത്യന്‍ സംഘത്തിലെ രണ്ട് പ്രതിനിധികള്‍ കൊവിഡ് പോസിറ്റീവായി മാറിയതോടെയാണ് അങ്കലാപ്പ്. ഇന്ത്യയില്‍ നിന്നുള്ള സംഘം ഇപ്പോള്‍ സമ്പൂര്‍ണ്ണമായി സെല്‍ഫ് ഐസൊലേഷനിലാണ്. ഇവര്‍ വിര്‍ച്വലായി യോഗത്തില്‍ പങ്കെടുക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.

സംഭവം യുകെ സര്‍ക്കാര്‍ ശ്രോതസ്സുകള്‍ സ്ഥിരീകരിച്ചു. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് നടത്തിയ പരിശോധനയിലാണ് ഇന്ത്യന്‍ അംഗങ്ങള്‍ കൊവിഡ് പോസിറ്റീവാണെന്ന് തിരിച്ചറിഞ്ഞത്. ലണ്ടനിലെ ലങ്കാസ്റ്റര്‍ ഹൗസില്‍ സുപ്രധാന യോഗത്തില്‍ എത്തിച്ചേരുന്നതിന് മുന്‍പാണ് രോഗബാധയുള്ള വിവരം എത്തിയത്.

ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരിട്ട് യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ലെന്നത് ഖേദകരമാണെന്ന് മുതിര്‍ന്ന ബ്രിട്ടീഷ് നയതന്ത്രജ്ഞന്‍ പ്രതികരിച്ചു. എന്നിരുന്നാലും വിര്‍ച്വലായി യോഗത്തില്‍ അദ്ദേഹം പങ്കുചേരും. കൊവിഡ് പ്രോട്ടോകോളും, ദിവസേന ടെസ്റ്റിംഗും നിലനില്‍ക്കുന്നത് ഇതിന് വേണ്ടിയാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'വൈകുന്നേരമാണ് കൊവിഡ് പോസിറ്റീവ് കേസുകളുമായി സമ്പര്‍ക്കമുള്ളതായി വിവരം ലഭിച്ചത്. ജാഗ്രതയുടെ ഭാഗമായും, മറ്റുള്ളവരുടെ സുരക്ഷ പരിഗണിച്ചു വിര്‍ച്വല്‍ മോഡിലാണ് സമ്മേളനത്തിന്റെ ഭാഗമാകുക', ഡോ. എസ്. ജയശങ്കര്‍ അറിയിച്ചു.

കൊവിഡ് നിയമങ്ങള്‍ കൃത്യമായി പാലിച്ചതിനാല്‍ യോഗത്തിനെത്തിയ മറ്റുള്ളവര്‍ ക്വാറന്റൈന്‍ ചെയ്യേണ്ട കാര്യമില്ലെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് വിദഗ്ധര്‍ വ്യക്തമാക്കി.

Other News in this category4malayalees Recommends