വഴിയോര കച്ചവടക്കാരന്റെ കൂട ചവിട്ടിത്തെറിപ്പിച്ച് അഴിഞ്ഞാട്ടം; പോലീസുകാരന് സസ്‌പെന്‍ഷന്‍ ; സ്വന്തം ശമ്പളത്തില്‍ നിന്ന് തുക പിരിച്ച് നല്‍കി മറ്റ് പോലീസ് ഉദ്യോഗസ്ഥരും

വഴിയോര കച്ചവടക്കാരന്റെ കൂട ചവിട്ടിത്തെറിപ്പിച്ച് അഴിഞ്ഞാട്ടം; പോലീസുകാരന് സസ്‌പെന്‍ഷന്‍ ; സ്വന്തം ശമ്പളത്തില്‍ നിന്ന് തുക പിരിച്ച് നല്‍കി മറ്റ് പോലീസ് ഉദ്യോഗസ്ഥരും
പഞ്ചാബില്‍ വഴിയോര കച്ചവടക്കാരന്റെ കൂട ചവിട്ടിത്തെറിപ്പിച്ച് പോലീസ് ഉദ്യോഗസ്ഥന്റെ അഴിഞ്ഞാട്ടം. വീഡിയോ വൈറലായതോടെ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതായി ഡിജിപി ദിന്‍കര്‍ ഗുപ്ത അറിയിച്ചു. പഗ്വാര സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ നവ്ദീപ് സിങ്ങാണ് കൂട ചവിട്ടിത്തെറിപ്പിച്ചത്.

പച്ചക്കറി വില്‍പനക്കാരന്റെ കൂട നവ്ദീപ് ചവിട്ടിത്തെറിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ് നടപടി. തികച്ചും ലജ്ജാകരവും അംഗീകരിക്കാനാവാത്തതുമാണ് നവ്ദീപിന്റെ നടപടിയെന്ന് ഡിജിപി ട്വിറ്ററില്‍ കുറിച്ചു. 'പഗ്വാര എസ്എച്ച്ഒയെ സസ്പന്‍ഡ് ചെയ്തു. ഇത്തരം പെരുമാറ്റം ഒരു കാരണവശാലും അനുവദിക്കാനാവില്ല. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ ശക്തമായ അനന്തരഫലം നേരിടേണ്ടി വരും' ഡിജിപി കൂട്ടിച്ചേര്‍ത്തു.

സേനാ വിഭാഗത്തിലെ അംഗമെന്ന നിലയില്‍ ഇത്തരം പെരുമാറ്റം സര്‍വീസ് ചട്ടങ്ങള്‍ക്കെതിരാണെന്നും ആ പോലീസ് ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തി സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയെന്നും കപൂര്‍ത്തല സീനിയര്‍ എസ്പി കന്‍വര്‍ദീപ് കൗര്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കന്‍വര്‍ദീപ് കൗര്‍ പറഞ്ഞു. അതേസമയം, നിറകണ്ണുകളോടെ നിന്ന കച്ചവടക്കാരന് സഹായ ഹസ്തവുമായി മറ്റ് പോലീസ് ഉദ്യോഗസ്ഥരും രംഗത്തെത്തി. നഷ്ടപരിഹാരമെന്ന നിലയില്‍ കപൂര്‍ത്തല സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ വഴിയോര കച്ചവടക്കാരന് അവരുടെ ശമ്പളത്തില്‍ നിന്ന് വിഹിതം പിരിച്ചു നല്‍കി സഹായിക്കുകയായിരുന്നു.

Other News in this category4malayalees Recommends