എന്‍.ഡി.എ കണ്‍വീനറുടെ അത്താഴവിരുന്നില്‍ തോമസ് ഐസക്കും സംഘവും പങ്കെടുത്തത് വിവാദത്തില്‍

എന്‍.ഡി.എ കണ്‍വീനറുടെ അത്താഴവിരുന്നില്‍ തോമസ് ഐസക്കും സംഘവും പങ്കെടുത്തത് വിവാദത്തില്‍

എന്‍ഡിഎ വൈപ്പിന്‍ നിയോജക മണ്ഡലം കണ്‍വീനര്‍ രഞ്ജിത് രാജ്‌വിയുടെ വീട്ടില്‍ തിരഞ്ഞെടുപ്പ് കാലത്ത് മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്കും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെഎന്‍ ഉണ്ണികൃഷ്ണനും അത്താഴവിരുന്നില്‍ പങ്കെടുത്തത് വിവാദത്തില്‍. ഇവരെ കൂടാതെ സി.പി.എമ്മിന്റെ ഏരിയാ കമ്മിറ്റി അംഗങ്ങളും വിരുന്നില്‍ പങ്കെടുത്തതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. എസ്എന്‍ഡിപി ശാഖാ ഭാരവാഹികളും വീട്ടിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.


ഹിന്ദു ഐക്യവേദിയുടെ നേതാവു കൂടിയാണ് ബിഡിജെഎസ് രൂപവത്കരിച്ച കാലം മുതല്‍ നിയോജക മണ്ഡലം അദ്ധ്യക്ഷനായ രഞ്ജിത് രാജ്‌വി. രഞ്ജിത്തിന്റെ ഭാര്യ കൃഷ്ണകുമാരി എസ്എന്‍ഡിപി യോഗം വനിതാസംഘം സംസ്ഥാന പ്രസിഡന്റാണ്. മാര്‍ച്ച് 28ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ.എന്‍ ഉണ്ണികൃഷ്ണന്‍ വനിതാ സംഘം നേതാവായ കൃഷ്ണകുമാരിയെ കാണാനെത്തുമെന്നാണ് ആദ്യം അറിയിച്ചത്. പ്രചാരണത്തിനായി വൈപ്പിനിലെത്തുന്ന തോമസ് ഐസക്കും കൂടെയുണ്ടാകുമെന്ന് പിന്നീട് അറിയിക്കുകയായിരുന്നു.

വീട്ടിലെത്തിയ നേതാക്കളെ ഏതുപാര്‍ട്ടിയായാലും സ്വീകരിക്കേണ്ട മര്യാദ മാത്രമാണ് തന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് രഞ്ജിത് പറയുന്നത്. എന്നാല്‍ അത്താഴവിരുന്നിന്റെ തുടര്‍ച്ചയായി എസ്എന്‍ഡിപിയിലെ ഇടത് അനുകൂല സംഘത്തിന്റെ യോഗം ചെറായിയിലെ പ്രമുഖ ഹോട്ടലില്‍ ചേര്‍ന്നെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഈ യോഗത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി പങ്കെടുത്തു. ബിഡിജെഎസ് നേതാക്കള്‍ വഴിയാണ് എന്‍ഡിഎ വോട്ടുകളുടെ കച്ചവടം എല്‍ഡിഎഫ് ഉറപ്പിച്ചത് കോണ്‍ഗ്രസ് ബ്ലോക് പ്രസിഡന്റും തിരഞ്ഞെടുപ്പ് സമിതി കണ്‍വീനറുമായ വിഎസ് സോളിരാജ് ആരോപിച്ചു.

അതേസമയം, ആരോപണത്തില്‍ കഴമ്പില്ലെന്ന് അത്താഴവിരുന്നില്‍ പങ്കെടുത്ത സിപിഎം ഏരിയാ കമ്മിറ്റി അംഗം എ.പി പ്രിനില്‍ പറഞ്ഞു. സാമൂഹിക പ്രവര്‍ത്തകയും സാമുദായിക സംഘടനാ നേതാവുമായ ഒരാളുടെ പിന്തുണ തേടിയാണ് പോയത്. പിന്നീട് ഇടതു സ്ഥാനാര്‍ത്ഥിക്കായി കൃഷ്ണകുമാരി പ്രചാരണത്തിന് ഇറങ്ങിയെന്നും പ്രിനില്‍ ചൂണ്ടിക്കാട്ടി.

എസ് ശര്‍മ്മയുടെ മണ്ഡലമായിരുന്ന വൈപ്പിനില്‍ 8201 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ.എന്‍ ഉണ്ണികൃഷ്ണന്‍ ജയിച്ചത്. ദീപക് ജോയ് ആയിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഇത്തവണ ആദ്യമായി മത്സരരംഗത്തിറങ്ങിയ ട്വന്റി20 വൈപ്പിന്‍ മണ്ഡലത്തില്‍ നിന്നും 16707 വോട്ടുകള്‍ പിടിച്ചത് നിര്‍ണായകമായി.



Other News in this category



4malayalees Recommends