മൂന്നാറിലെ വിവാദ സിഎസ്‌ഐ ധ്യാനം ; സംഘാടകര്‍ക്കും പങ്കെടുത്തവര്‍ക്കുമെതിരെ കേസെടുത്തു ; ബിഷപ്പ് റസാലവും വൈദികരും കേസില്‍ പ്രതികളാകും

മൂന്നാറിലെ വിവാദ സിഎസ്‌ഐ ധ്യാനം ; സംഘാടകര്‍ക്കും പങ്കെടുത്തവര്‍ക്കുമെതിരെ കേസെടുത്തു ; ബിഷപ്പ് റസാലവും വൈദികരും കേസില്‍ പ്രതികളാകും
വിവാദ സിഎസ്‌ഐ ധ്യാനത്തില്‍ സംഘാടകര്‍ക്കും പങ്കെടുത്തവര്‍ക്കുമെതിരെ കേസെടുത്തു. പകര്‍ച്ച വ്യാധി നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബിഷപ്പ് റസാലവും വൈദികരും കേസില്‍ പ്രതികളാകും. പ്രതിപ്പട്ടിക തയ്യാറാക്കി വരുന്നതായി ഇടുക്കി പൊലീസ് അറിയിച്ചു. ധ്യാനം നടത്തിയവര്‍ക്കെതിരെ കേസെടുക്കാന്‍ ജില്ലാ പൊലീസ് മേധാവിയ്ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കഴിഞ്ഞ ഏപ്രില്‍ 13 മുതല്‍ 17 വരെ മൂന്നാര്‍ സിഎസ്‌ഐ പള്ളിയില്‍ ധ്യാനം നടത്തിയത്. കൊവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തില്‍ പരമാവധി പരിപാടികള്‍ ഓണ്‍ലൈനായി നടത്തണമെന്ന് ഏപ്രിലില്‍ തന്നെ സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. മാത്രമല്ല ഇടുക്കിയിലെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഏപ്രില്‍ 12 മുതല്‍ ജില്ലയിലെ പൊതുപരിപാടികള്‍ക്ക് ജില്ലഭരണകൂടം വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.

ഇക്കാര്യം അറിയാമായിരുന്നെന്ന് വിശദീകരണ കുറിപ്പില്‍ സിഎസ്‌ഐ സഭ വ്യക്തമാക്കിയിട്ടുമുണ്ട്. സിഎസ്‌ഐ സഭ അവകാശപ്പെടുന്നത് പോലെ ധ്യാനത്തിന് അനുമതി നല്‍കിയിരുന്നോ എന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ദേവികുളം സബ്കളകര്‍ക്കും ഇടുക്കി കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ അനുമതിയ്ക്കായി ആരും സമീപിച്ചിട്ടില്ലെന്നാണ് ദേവികുളം സബ്കളക്ടര്‍ പറയുന്നത്.

അഞ്ച് ദിവസം നീണ്ട ധ്യാനത്തില്‍ പങ്കെടുത്ത 480 വൈദികരില്‍ ബിഷപ്പടക്കം എണ്‍പതോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് സഭയുടെ വിശദീകരണം. ധ്യാനത്തിന് ശേഷവും തിരിച്ചെത്തിയ വൈദികര്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കാതെ സഭാ വിശ്വാസികളുമായി അടുത്തിടപഴകുകയും ചെയ്ത സാഹചര്യത്തിലാണ് സഭയ്‌ക്കെതിരേ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ 27ന് സഭാ വിശ്വാസിയായ തിരുവനന്തപുരം സ്വദേശി മോഹനന്‍ ചീഫ് സെക്രട്ടറിക്കും. മുഖ്യമന്ത്രിക്കും പരാതി നല്‍കിയത്.

Other News in this category4malayalees Recommends