അന്യനെ പോലെ അകലെ നിന്ന് അവന്‍ കേക്ക് മുറിക്കുന്നത് ഞാന്‍ കണ്ടു, ആഗ്രഹങ്ങള്‍ ചവിട്ടി അരയ്ക്കപ്പെട്ടു: കിഷോര്‍ സത്യ

അന്യനെ പോലെ അകലെ നിന്ന് അവന്‍ കേക്ക് മുറിക്കുന്നത് ഞാന്‍ കണ്ടു, ആഗ്രഹങ്ങള്‍ ചവിട്ടി അരയ്ക്കപ്പെട്ടു: കിഷോര്‍ സത്യ
മകന്റെ ജന്മദിനാഘോഷങ്ങള്‍ ഒരു അന്യനെ പോലെ അകലെ നിന്ന് കാണേണ്ടി വന്ന ദുഃഖം പങ്കുവെച്ച് നടന്‍ കിഷോര്‍ സത്യ. ഷൂട്ടിംഗില്‍ നിന്നും മടങ്ങിയ ശേഷം സെല്‍ഫ് ക്വാറന്റൈനില്‍ കഴിഞ്ഞപ്പോള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്ന സങ്കടമാണ് താരം പങ്കുവെയ്ക്കുന്നത്. മലനിരകള്‍ കാണാന്‍ പോകണമെന്ന മകന്റെ ആഗ്രഹങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ കൊറോണയുടെ തേര്‍വാഴ്ചയില്‍ അതൊക്കെ ചവിട്ടി അരയ്ക്കപ്പെട്ടു എന്നും കിഷോര്‍ സത്യ കുറിച്ചു.

കിഷോര്‍ സത്യയുടെ കുറിപ്പ്:

ഇന്ന് എന്റെ മോന്റെ ജന്മദിനം ആയിരുന്നു….. പക്ഷെ ഒരു അന്യനെ പോലെ അകലെ നിന്ന് അവന്‍ കേക്ക് മുറിക്കുന്നത് ഞാന്‍ കണ്ടു….. കുറെ ദിവസമായി കൊച്ചിയില്‍ ഷൂട്ടിംഗില്‍ ആയിരുന്നു ഞാന്‍. ഇന്നലെയാണ് തിരിച്ചെത്തിയത്…. ഒരുപാട് പേരുമായി ഇടപഴകിയത് കൊണ്ട് കുറച്ച് ദിവസം സ്വയം നിയന്ത്രിത റൂം ക്വാറന്റൈന്‍ തീരുമാനിച്ചു ഞാന്‍. യാത്ര കഴിഞ്ഞുള്ള എന്റെ മടങ്ങി വരവുകള്‍ മോന് ആഘോഷമാണ്.

കെട്ടിപ്പിടുത്തവും ഉമ്മകളും കെട്ടിമറിയലുകളും…. അങ്ങനെ അങ്ങനെ…. ഇത് ആദ്യമായാണ് അരികില്‍ ഉണ്ടായിട്ടും ഈ അകലം….. മനസ്സ് കൊണ്ട് കെട്ടിപ്പിടിച്ച്, ഉമ്മവച്ച് ഞാന്‍ അവനോടൊപ്പം ചേര്‍ന്നു….. ദൂരെ മാറിനിന്ന്…. മാറിയ കാലം നല്‍കിയ അകല്‍ച്ചയുടെ പുതിയ ശീലങ്ങള്‍….. ഈ ബര്‍ത്ത് ഡേക്ക് ജനല്‍ തുറക്കുമ്പോള്‍ മലനിരകള്‍ കാണുന്ന ഇടത്തു പോണമെന്നാരുന്നു അവന്റെ ആഗ്രഹം. അതൊക്കെ പ്ലാന്‍ ചെയ്ത് സെറ്റ് ചെയ്തിരുന്നു.

കൊറോണയുടെ പുതിയ തേര്‍വ്വാഴ്ചയില്‍ അതൊക്കെ ചവിട്ടി അരയ്ക്കപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ അധികമായി വീടുകളില്‍ തളയ്ക്കപ്പെട്ട എന്റെ മകനെ പോലെ നിരവധി കുറഞ്ഞുങ്ങളുടെ ശാരീരിക മാനസിക ആരോഗ്യത്തില്‍ ഞാന്‍ ഏറെ ഖിന്നനാണ്…. ജീവനും ജീവിതവും തിരിച്ചു പിടിക്കാനുള്ള ഓട്ടത്തില്‍ അവരെ നാം ഗൗനിക്കാതെ ഇരിക്കരുത്….. അവര്‍ക്കായും നാം സമയം കണ്ടെത്തണം, ഒപ്പം മനസും…

Other News in this category4malayalees Recommends