മെല്‍ബണില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു; അടുത്ത വ്യാഴാഴ്ച അര്‍ദ്ധരാത്രി വരെയാണ് ലോക്ക്ഡൗണ്‍ ആശ്വാസമായി ചെറിയ ഇളവുകള്‍ ;സ്റ്റേറ്റില്‍ ആറ് പുതിയ കോവിഡ് രോഗികള്‍ കൂടി; ആക്ടീവ് കേസുകള്‍ 60

മെല്‍ബണില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി  ദീര്‍ഘിപ്പിച്ചു; അടുത്ത വ്യാഴാഴ്ച അര്‍ദ്ധരാത്രി വരെയാണ് ലോക്ക്ഡൗണ്‍ ആശ്വാസമായി ചെറിയ ഇളവുകള്‍ ;സ്റ്റേറ്റില്‍ ആറ് പുതിയ കോവിഡ് രോഗികള്‍ കൂടി;  ആക്ടീവ് കേസുകള്‍ 60
മെല്‍ബണില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു. സ്റ്റേറ്റില്‍ കോവിഡ് പെരുപ്പം തുടരുന്ന സാഹചര്യത്തിലാണ് നടപടി കടുപ്പിച്ച് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇത് പ്രകാരം അടുത്ത വ്യാഴാഴ്ച അര്‍ധരാത്രി വരെയാണ് ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ചിരിക്കുന്നത്. സ്റ്റേറ്റില്‍ ആറ് പുതിയ കോവിഡ് കേസുകള്‍ കൂടിയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മൊത്തത്തില്‍ സ്‌റ്റേറ്റില്‍ 60 ആക്ടീവ് കേസുകളാണുള്ളത്. 51,000 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ആറ് പുതിയ കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

നേരത്തെ തീരുമാനിച്ചത് പ്രകാരം മെല്‍ബണില്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രി വരെയായിരുന്നു സ്റ്റേറ്റില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്. ലോക്ക്ഡൗണില്‍ അവശ്യ സാധനങ്ങള്‍ വാങ്ങാനും വ്യായാമത്തിനും ആരോഗ്യ പരിപാലനത്തിനും വാക്സിനേഷന്‍ സ്വീകരിക്കാനും അനുവദനീയമായ ജോലിക്കും പഠനത്തിനും മാത്രമേ പുറത്തിറങ്ങാന്‍ അനുവാദമുള്ളൂ. പക്ഷേ ലോക്ക്ഡൗണില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇപ്പോള്‍ വ്യായാമത്തിനും അവശ്യ സാധനങ്ങള്‍ വാങ്ങാനും അഞ്ച് കിലോമീറ്റര്‍ പരിധി ബാധകമായിരുന്നു. വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഈ കാരണങ്ങള്‍ക്കായി പത്ത് കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്ന ഇളവുണ്ട്.11, 12 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് തിരികെ സ്‌കൂളുകളിലേക്ക് വരാമെന്ന ഇളവുമുണ്ട്. ഇതിന് പുറമെ ലാന്‍ഡ്‌സ്‌കെപിംഗ്, പെയിന്റിംഗ്, സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍, ലെറ്റര്‍ ബോക്‌സുകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയവയും നിര്‍വഹിക്കാന്‍ അനുവാദമുണ്ട്.

ഇളവുകള്‍ക്കിടെയും സ്റ്റേറ്റില്‍ മാസ്‌ക് നിബന്ധന നിലനില്‍ക്കും. വിക്ടോറിയയുടെ നാട്ടിന്‍പ്രദേശങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.അഞ്ച് കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവു എന്ന നിയന്ത്രണം എടുത്തുമാറ്റി. എന്നാല്‍ അനുവദനീയമായ സാഹചര്യത്തില്‍ മാത്രമേ മെല്‍ബണിലേക്ക് യാത്ര ചെയ്യാന്‍ സമ്മതിക്കുകയുള്ളൂ. കൂടാതെ വെളിമ്പ്രദേശങ്ങളില്‍ പത്ത് പേര്‍ക്ക് ഒത്തുചേരാം. രണ്ട് പേര്‍ എന്ന നിയന്ത്രണം നീക്കം ചെയ്യും. റീറ്റെയ്ല്‍ സ്റ്റോറുകള്‍ തുറക്കാം. ആരാധനാലയങ്ങളില്‍ 50 പേര്‍ക്ക് വരെ സംഗമിക്കാം. വിവാഹങ്ങള്‍ക്ക് പത്ത് പേര്‍ക്കും, മരണാനന്തര ചടങ്ങുകള്‍ക്ക് 50 പേര്‍ക്കും പങ്കെടുക്കാമെന്നും ഇളവുണ്ട്.

Other News in this category



4malayalees Recommends