ജീവനക്കാര്‍ക്ക് നല്‍കാന്‍ പണമില്ല ; മുംബൈയിലെ പ്രശസ്ത ഹോട്ടല്‍ ഹയാത്ത് റീജന്‍സി അടച്ചു

ജീവനക്കാര്‍ക്ക് നല്‍കാന്‍ പണമില്ല ; മുംബൈയിലെ പ്രശസ്ത ഹോട്ടല്‍ ഹയാത്ത് റീജന്‍സി അടച്ചു
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ മുംബൈയിലെ പ്രശസ്ത ഹോട്ടല്‍ ഹയാത്ത് റീജന്‍സി ഒരറിയിപ്പുണ്ടാകുന്നത് വരെ അടച്ചു. ഉടമകളായ ഏഷ്യന്‍ ഹോട്ടല്‍സ് (വെസ്റ്റ്) ലിമിറ്റഡ് ശമ്പളത്തിനും മറ്റ് പ്രവര്‍ത്തനത്തിനങ്ങള്‍ക്കും പണം നല്‍കാത്തതിനാലാണ് ഹോട്ടല്‍ തല്‍ക്കാലത്തേക്ക് പൂട്ടിയിടുന്നത്. ശമ്പളം നല്‍കാന്‍ പണമില്ലെന്ന് വ്യക്തമാക്കി അധികൃതര്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് നോട്ടീസ് അയക്കുകയായിരുന്നു.

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്താണ് പ്രശസ്തമായ ഹോട്ടല്‍. ഏഷ്യന്‍ വെസ്റ്റ് ലിമിറ്റഡാണ് ഹോട്ടലിന്റെ ഉടമസ്ഥര്‍. ഹോട്ടല്‍ നടത്തിപ്പിനുള്ള പണം മാതൃകമ്പനി അയച്ചുതരുന്നില്ലെന്ന് ജനറല്‍ മാനേജര്‍ ഹര്‍ദീപ് മര്‍വാഷ് പ്രസ്താവനയില്‍ പറഞ്ഞു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനില്ലാത്ത അവസ്ഥയില്‍ മുന്നോട്ട്‌പോകാന്‍ പ്രയാസമാണെന്നും അതുകൊണ്ടുതന്നെ ഒരറിയിപ്പുണ്ടാകുന്നതുവരെ ഹോട്ടല്‍ അടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

2020ല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം രാജ്യത്തെ ഹോട്ടല്‍ വ്യവസായം കടുത്ത പ്രതിസന്ധി നേരിടുകയാണ്. വിനോദ സഞ്ചാര മേഖലയും ഗതാഗത മേഖലയും തകര്‍ച്ച നേരിട്ടതോടെ ഹോട്ടല്‍ മേഖലയും പ്രതിസന്ധി നേരിട്ടു. നിരവധി ചെറുകിട ഹോട്ടലുകളാണ് പ്രതിസന്ധിയെ തുടര്ന്ന് അടച്ചുപൂട്ടിയത്.

Other News in this category



4malayalees Recommends