നീന്തുന്നതിനിടെ യുവതിയെ മുതല കടിച്ചുകൊണ്ടുപോയി ; ഇരട്ട സഹോദരി മുതലയെ നേരിട്ടു സഹോദരിയെ കരയ്‌ക്കെത്തിച്ചു ; അപകട നില തരണം ചെയ്യാതെ യുവതികള്‍

നീന്തുന്നതിനിടെ യുവതിയെ മുതല കടിച്ചുകൊണ്ടുപോയി ; ഇരട്ട സഹോദരി മുതലയെ നേരിട്ടു സഹോദരിയെ കരയ്‌ക്കെത്തിച്ചു ; അപകട നില തരണം ചെയ്യാതെ യുവതികള്‍
മുതലയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഇരട്ട സഹോദരിമാരുടെ നില അതീവ ഗുരുതരം. 28 വയസ്സുള്ള മെലിസ, ജോര്‍ജിയ എന്നീ ഇംഗ്ലണ്ട് സ്വദേശികളായ ഇരട്ട സഹോദരിമാരെയാണ് അവധിയാഘോഷത്തിനിടെ മുതല ആക്രമിച്ചത്. മെക്‌സിക്കോയിലാണ് സംഭവം. പ്യൂര്‍ട്ടോ എസ്‌കോണ്ടിഡോയ്ക്ക് സമീപമുള്ള തടാകത്തില്‍ നീന്തുമ്പോഴാണ് അതിദാരുണമായ സംഭവമുണ്ടായത്. തടാകത്തില്‍ നീന്തുന്നതിനിടെ മെലിസയെ മുതല വെള്ളത്തിനടിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. ജോര്‍ജിയ ഉടനെ മെലിസയെ മുതലയുടെ പിടിവിടുവിച്ച് ബോട്ടിനടുത്തേക്ക് വലിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചു. ഇതിനിടെ മുതല വീണ്ടുമെത്തി.

മുതലയുമായി ജോര്‍ജിയ മല്‍പ്പിടുത്തം തന്നെ നടത്തി. കഴിയുന്നത്ര ശക്തിയില്‍ മുതലയുടെ തലയ്ക്കടിച്ചു. ചില മൃഗങ്ങള്‍ ആക്രമിക്കാന്‍ വന്നാല്‍ അങ്ങനെയാണ് ചെയ്യേണ്ടതെന്ന് അവള്‍ കേട്ടിട്ടുണ്ടായിരുന്നുവെന്ന് സഹോദരി ഹന പറഞ്ഞു. ഒടുവില്‍ സഹോദരിയെ ബോട്ടിലേക്ക് വലിച്ചുകയറ്റാന്‍ ജോര്‍ജിയക്ക് കഴിഞ്ഞു. അതിനുശേഷവും മുതല മൂന്ന് തവണ ബോട്ടിന് പിന്നാലെ വന്നു. മുതലയുടെ ആക്രമണത്തില്‍ ഇരുവര്‍ക്കും പരിക്കേറ്റു. പരിക്കുകളില്‍ നിന്നുള്ള അണുബാധ ഒഴിവാക്കുന്നതിനുള്ള ചികിത്സ നടക്കുകയാണ്. ശ്വാസകോശത്തില്‍ വെള്ളം കടന്നതും ആന്തരിക രക്തസ്രാവവും കാരണം ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല. സഹോദരിമാരെ ഗൈഡ് ചെയ്തിരുന്ന ആള്‍ ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് പിന്നീട് മനസ്സിലായെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലാണ്. അയാള്‍ കൊണ്ടുപോയ സ്ഥലത്ത് മുതലകളുണ്ടെന്ന് സഹോദരിമാര്‍ക്ക് അറിയുമായിരുന്നില്ല. അപകടം നടന്ന ശേഷമാണ് ഇതെല്ലാം അറിഞ്ഞതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Other News in this category4malayalees Recommends