പ്രവാസി ഹോട്ടല്‍ വ്യവസായിയെ കൊലപ്പെടുത്തി ഹോമകുണ്ഡത്തില്‍ കത്തിച്ച കേസ് ; ഭാര്യയും മകനും അടക്കമുള്ള പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

പ്രവാസി ഹോട്ടല്‍ വ്യവസായിയെ കൊലപ്പെടുത്തി ഹോമകുണ്ഡത്തില്‍ കത്തിച്ച കേസ് ;  ഭാര്യയും മകനും അടക്കമുള്ള പ്രതികള്‍ക്ക് ജീവപര്യന്തം തടവ്
പ്രവാസി ഹോട്ടല്‍ വ്യവസായി ഉഡുപ്പിയിലെ ഭാസ്‌കര്‍ ഷെട്ടിയെ (52) കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും മകനും അടക്കമുള്ള പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. ഭാര്യ രാജേശ്വരി ഷെട്ടി, മകന്‍ നവനീത് ഷെട്ടി, രാജേശ്വരിയുടെ സുഹൃത്തും കാര്‍ക്കള നന്ദാലികെയിലെ ജ്യോത്സ്യനുമായ നിരഞ്ജന്‍ ഭട്ട് എന്നിവരെയാണ് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

തെളിവു നശിപ്പിച്ചതിനു പ്രതി ചേര്‍ത്ത രാഘവേന്ദ്ര ഭട്ടിനെ കോടതി വെറുതെ വിട്ടു. ഇതേ കുറ്റം ചുമത്തി പ്രതി ചേര്‍ത്ത നിരഞ്ജന്റെ പിതാവ് ശ്രീനിവാസ് ഭട്ട് വിചാരണക്കാലയളവില്‍ മരണപ്പെട്ടു. പ്രതികളില്‍ രാജേശ്വരിയും രാഘവേന്ദ്രയും ജാമ്യത്തിലിറങ്ങിയിരുന്നു. നവനീതും നിരഞ്ജനും ബെംഗളൂരു ജയിലിലാണുള്ളത്.

2016 ജൂലൈ 28ന് ആണ് ഭാസ്‌കര്‍ ഷെട്ടി കൊല്ലപ്പെട്ടത്. ഉഡുപ്പി ഇന്ദ്രാളിയിലെ വീട്ടില്‍ ഷെട്ടിയെ കൊലപ്പെടുത്തിയ ശേഷം നിരഞ്ജന്‍ ഭട്ടിന്റെ വീട്ടിലെത്തിച്ചു ഹോമകുണ്ഡത്തില്‍ കത്തിക്കുകയും ചാരം നശിപ്പിക്കുകയും ചെയ്‌തെന്നാണു കേസ്. ഭാസ്‌കര്‍ ഷെട്ടിയെ കാണാനില്ലെന്നു കാണിച്ച് അദ്ദേഹത്തിന്റെ മാതാവ് മണിപ്പാല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. രാജേശ്വരി ഷെട്ടിയും നിരഞ്ജനുമായുള്ള അടുപ്പവും സാമ്പത്തിക ഇടപാടുകളും ഭാസ്‌കര്‍ ഷെട്ടി എതിര്‍ത്തതോടെ സ്വത്തു തട്ടിയെടുക്കല്‍ ലക്ഷ്യമിട്ടു ഭാര്യയും മകനും നിരഞ്ജനും ചേര്‍ന്ന് ഭാസകര്‍ ഷെട്ടിയെ കൊലപ്പെടുത്തി എന്നാണു കേസ്.

Other News in this category4malayalees Recommends