ഇസ്ലാമോഫോബിയക്ക് സ്ഥാനമില്ല, ഈ വിദ്വേഷം വഞ്ചനാപരമാണ് ; മുസ്ലീം കുടുംബത്തെ ട്രക്കിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

ഇസ്ലാമോഫോബിയക്ക് സ്ഥാനമില്ല, ഈ വിദ്വേഷം വഞ്ചനാപരമാണ് ;  മുസ്ലീം കുടുംബത്തെ ട്രക്കിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ
തങ്ങളുടെ ഒരു കമ്മ്യൂണിറ്റിയിലും ഇസ്ലാമോഫോബിയക്ക് സ്ഥാനമില്ലെന്ന് വ്യക്തമാക്കി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇത്തരം വിദ്വേഷം നിന്ദ്യവും വഞ്ചനാപരവുമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി ഇത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് നാലംഗ മുസ്ലീം കുടുംബത്തെ ട്രക്കിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് ട്രൂഡോ കടുത്ത ഭാഷയില്‍ പ്രതികരിച്ചത്.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഒന്റാറിയോയില്‍ നാലംഗ കുടുംബം കൊല്ലപ്പെട്ടത്. ആദ്യം അപകടമാണെന്നാണ് കരുതിയിരുന്നതെങ്കിലും അതൊരു ആസൂത്രിത കൊലപാതകമായിരുന്നുവെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു. മുസ്ലീം കുടുംബത്തോടുള്ള വംശീയ വിദ്വേഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ നതാനിയേല്‍ വെല്‍റ്റ്മാന്‍ എന്ന 20 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വൈകുന്നേരം നടക്കാനിറങ്ങിയ കുടുംബത്തിന് നേരെ ഇയാള്‍ ട്രക്കിടിച്ച് കയറ്റുകയായിരുന്നു. ഫിസിയോതെറാപ്പിസ്റ്റായ സല്‍മാന്‍ അഫ്‌സല്‍ (46), ഭാര്യ മദീന (44), മകള്‍ യുംന (15), ഒപ്പമുണ്ടായിരുന്ന 74കാരി എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ ഫയസ് പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍പ്പെട്ട അ!ഞ്ചുപേരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ചികിത്സയില്‍ കഴിയുന്ന ഫയസിന് ഗുരുതര പരിക്കുകള്‍ ഉണ്ടെങ്കിലും ജീവന് ഭീഷണിയില്ലെന്നാണ് റിപ്പോര്‍ട്ട്. മുസ്ലീങ്ങളോടുള്ള വിരോധമാണ് പ്രതിയെ ക്രൂരകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കിയ സ്ഥിരീകരണം. ഇതിന് പിന്നാലെയാണ് കടുത്ത പ്രതികരണവുമായി ട്രൂഡോ രംഗത്തെത്തിയത്.


Other News in this category4malayalees Recommends