വിക്ടോറിയയില്‍ ശക്തമായ കാറ്റിലുണ്ടായ നാശനഷ്ടത്തിനതിരില്ല; രണ്ട് ലക്ഷത്തിലധികം പ്രോപ്പര്‍ട്ടികളില്‍ വൈദ്യുതിയില്ലാതായി; മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം താറുമാറായി; നദികള്‍ കരകവിഞ്ഞ് വെള്ളപ്പൊക്ക ഭീഷണിയേറി

വിക്ടോറിയയില്‍ ശക്തമായ കാറ്റിലുണ്ടായ നാശനഷ്ടത്തിനതിരില്ല; രണ്ട് ലക്ഷത്തിലധികം പ്രോപ്പര്‍ട്ടികളില്‍ വൈദ്യുതിയില്ലാതായി; മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം താറുമാറായി; നദികള്‍ കരകവിഞ്ഞ് വെള്ളപ്പൊക്ക ഭീഷണിയേറി
കോവിഡ് ഭീഷണിയില്‍ നിന്നും കരകയറിത്തുടങ്ങിയ വിക്ടോറിയയെ പ്രകൃതിദുരന്തങ്ങളാണോ ഇനി വേട്ടയാടാന്‍ പോകുന്നതെന്ന ആശങ്കക്ക് വഴി മരുന്നിട്ട് സ്‌റ്റേറ്റില്‍ കടുത്ത കാറ്റ് വീശിയടിച്ചു. ബുധനാഴ്ച കടുത്ത കാറ്റിനെ തുടര്‍ന്ന് രണ്ട് ലക്ഷത്തിലധികം പ്രോപ്പര്‍ട്ടികളില്‍ വൈദ്യുതിയില്ലാതായെന്നാണ് റിപ്പോര്‍ട്ട്. കടുത്ത കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം താറുമാറാവുകയും ചെയ്തു. നദികള്‍ കരകവിഞ്ഞ് വെള്ളപ്പൊക്ക ഭീഷണിയേറിയെന്നും വാര്‍ത്തകള്‍ വെളിപ്പെടുത്തുന്നു.

സ്റ്റേറ്റിലെ ഗ്രാമ്പിയന്‍സിലെ മൗണ്ട് വില്യമിലായിരുന്നു ഏറ്റവും കൂടുതല്‍ വേഗതയില്‍ കാറ്റ് വീശിയടിച്ചത്. മണിക്കൂറില്‍ 115 കിലോമീറ്റര്‍ വേഗതയിലാണ് ഇവിടെ കാറ്റ് സംഹാരതാണ്ഡവമാടിയിരിക്കുന്നത്. ഇതിന് പുറമെ വിത്സണ്‍സ് പ്രൊമെന്ററിയില്‍ 111 കിലോമീറ്റര്‍ വേഗതയിലും, കില്‍മോര്‍ ഗ്യാപ്പില്‍ 104 കിലോമീറ്റര്‍ വേഗതയിലുമായിരുന്നു കാറ്റിന്റെ ആക്രമണമുണ്ടായത്. കൂടാതെ മെല്‍ബണ്‍ നഗരത്തിലും, വിമാനത്താവള പ്രദേശത്തും 85 മുതല്‍ 91 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റനുഭവപ്പെട്ടിരിക്കുന്നത്.

വിവിധ പ്രദേശങ്ങളില്‍ മണിക്കൂറുകള്‍ നീണ്ടു നിന്ന കാറ്റ് മൂലം അനേകം പ്രദേശങ്ങളില്‍ നാശനഷ്ടം സംഭവിച്ചുവെന്ന് സ്ഥിരീകരിക്കപ്പെട്ടതിട്ടുണ്ട്. നിരവധി പ്രദേശങ്ങളില്‍ മരങ്ങള്‍ വീണതോടെ പൊതുഗതാഗതത്തിന് വിഘ്‌നം നേരിടുകയും വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാവുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. വിക്ടോറിയയില്‍ 2,33,000ലേറെ വീടുകളുടെയും ബിസിനസുകളുടെയും വൈദ്യുതിബന്ധം നഷ്ടമായിട്ടുണ്ട്.മെല്‍ബണ്‍ മെട്രോ പ്രദേശത്ത് മാത്രം 30,000 പേര്‍ക്കാണ് വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുന്നത്.

ശക്തമായ കാറ്റിനെത്തുടര്‍ന്ന് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള 3,600 ഫോണ്‍ കോളുകളാണ് ലഭിച്ചതെന്ന് സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസസ് (SES) അറിയിച്ചു. 400 കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഡാന്‍ഡനോംഗ് റേഞ്ചസിലെ ഒലിന്‍ഡയിലുള്ള ഒരു വീടിന് മുകളിലേക്ക് രാത്രി 11 മണിയോടെ മരം വീണതിനെത്തുടര്‍ന്ന് ഒരു അമ്മയ്ക്കും മകനും പരിക്കേറ്റിട്ടുണ്ട്.

ശക്തമായ കാറ്റിനൊപ്പം വര്‍ഷപാതം കൂടിയെത്തിയതോടെ നിരവധി പ്രദേശങ്ങളില്‍ വീടുകളുടെ മേല്‍ക്കൂരയ്ക്ക് കേടുപാടുകളുണ്ടായിട്ടുണ്ട്.ശക്തമായ വര്‍ഷപാതം മൂലം സ്റ്റേറ്റിലെ പല നദികളും കരകവിഞ്ഞൊഴുകുമെന്നും തല്‍ഫലമായി വെള്ളപ്പൊക്കമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ആവോണ്‍, ലാട്രോബ്, മകാലിസ്റ്റര്‍, തോംസണ്‍, ഗോള്‍ബണ്‍ എന്നീ നദികളിലാണ് വെള്ളപ്പൊക്ക സാധ്യതയേറിയിരിക്കുന്നത്.

Other News in this category



4malayalees Recommends