ഓസ്‌ട്രേലിയയിലേക്ക് തിരിച്ച് വരുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ വേവലാതിയില്‍; ഇനിയും തീരുമാനമായില്ലെങ്കില്‍ ഓസ്‌ട്രേലിയ ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിലേക്ക് പഠിക്കാന്‍ പോകുമെന്ന് വിദേശ വിദ്യാര്‍ത്ഥികള്‍

ഓസ്‌ട്രേലിയയിലേക്ക് തിരിച്ച് വരുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ വേവലാതിയില്‍;  ഇനിയും തീരുമാനമായില്ലെങ്കില്‍ ഓസ്‌ട്രേലിയ ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിലേക്ക് പഠിക്കാന്‍ പോകുമെന്ന് വിദേശ വിദ്യാര്‍ത്ഥികള്‍

കോവിഡ് തുടങ്ങിയത് മുതല്‍ ഓസ്‌ട്രേലിയ അന്താരാഷ്ട്ര അതിര്‍ത്തികള്‍ അടച്ചിരിക്കുന്നതിനാല്‍ രാജ്യത്ത് പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ ഇവിടേക്ക് തിരിച്ച് വരാന്‍ സാധിക്കാതെ കടുത്ത പ്രതിസന്ധിയിലായ ദുരവസ്ഥ തുടരുകയാണ്. വന്‍ തുക ഫീസായി ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികളില്‍ അടച്ച് കോഴ്‌സിന് ചേര്‍ന്നവര്‍ കോവിഡിന്റെ തുടക്കത്തില്‍ നിര്‍ബന്ധിതമായി ഓസ്‌ട്രേലിയ വിട്ട് പോകേണ്ടി വരുകയായിരുന്നു. രാജ്യത്ത് കോവിഡ് ഏതാണ്ട് ശമിച്ചിട്ടും തങ്ങള്‍ക്ക് എപ്പോള്‍ തിരിച്ച് ഓസ്‌ട്രേലിയയിലേക്ക് വരാന്‍ സാധിക്കുമെന്ന അനിശ്ചിതത്വം തുടരുന്നതിനാല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ കടുത്ത ആശങ്കയിലാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.


തങ്ങളുടെ തിരിച്ച് വരവിന്റെ കാര്യത്തില്‍ ഓസ്‌ട്രേലിയ ഇനിയുമൊരു തീരുമാനമെടുത്തില്ലെങ്കില്‍ തങ്ങള്‍ ഓസ്‌ട്രേലിയയെ ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളില്‍ പഠിക്കാന്‍ പോകുന്ന കാര്യം ഗൗരവമായി പരിഗണിക്കേണ്ടി വരുമെന്നാണ് ഇവരില്‍ നിരവധി വിദേശ വിദ്യാര്‍ത്ഥികള്‍ കടുത്ത മുന്നറിയിപ്പേകിയിരിക്കുന്നത്. വിദേശ വിദ്യാര്‍ത്ഥികള്‍ ഓസ്‌ട്രേലിയയുടെ നിര്‍ണായക വരുമാന സ്രോതസ്സാണെന്നിരിക്കേ ഇവരുടെ ഈ ഭീഷണി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് മേല്‍ കടുത്ത ആശങ്ക സൃഷ്ടിക്കുന്നുമുണ്ട്.

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ തിരിച്ച് കൊണ്ടു വരുന്നതിനായി ഒരു പൈലറ്റ് പദ്ധതി എന്‍എസ്ഡബ്ല്യൂ ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ സ്റ്റേറ്റ് ഗവണ്‍മെന്റിന് സാധിച്ചിട്ടില്ലെന്നത് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷ തല്ലിക്കെടുത്തുന്നുണ്ട്. ഈ പൈലറ്റില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മറ്റ് സ്റ്റേറ്റുകളൊന്നും ഇത്തരം നീക്കങ്ങള്‍ പോലും നടത്തിയിട്ടില്ലെന്നതും ഫെഡറല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇനിയും കാര്യമായ ചുവട് വയ്പുകളൊന്നും നടത്താത്തതും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ കടുത്ത അനിശ്ചിതത്വമാണ് സൃഷ്ടിച്ചിരിക്കുന്നത്.

Other News in this category4malayalees Recommends