ഇന്ത്യയില്‍ 'കളി' നടക്കില്ല! ടി20 ലോകകപ്പ് യുഎഇയില്‍ വെച്ച് നടത്താന്‍ ബിസിസിഐ; കോവിഡ് അന്തരീക്ഷം ഇന്ത്യയിലെ ലോകകപ്പ് കവര്‍ന്നു?

ഇന്ത്യയില്‍ 'കളി' നടക്കില്ല! ടി20 ലോകകപ്പ് യുഎഇയില്‍ വെച്ച് നടത്താന്‍ ബിസിസിഐ; കോവിഡ് അന്തരീക്ഷം ഇന്ത്യയിലെ ലോകകപ്പ് കവര്‍ന്നു?
ഈ വര്‍ഷം ഇന്ത്യയില്‍ വെച്ച് നടക്കേണ്ട ട്വന്റി 20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റും. ഇന്ത്യയിലെ കോവിഡ്19 സ്ഥിതിഗതികള്‍ പരിഗണിച്ച് വേദി യുഎഇയിലേക്ക് മാറ്റണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെ അറിയിക്കും.

എന്നാല്‍ ടി20 ലോകകപ്പിന്റെ ഷെഡ്യൂള്‍ ജൂലൈയ്ക്ക് ശേഷമാണ് ഐസിസി തീരുമാനിക്കുക. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ 2021 ഐപിഎല്‍ മത്സരങ്ങളും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഏതാനും കളിക്കാരും മത്സരങ്ങള്‍ക്കിടെ പോസിറ്റീവായി. ടൂര്‍ണമെന്റിലെ ബാക്കിയുള്ള മത്സരങ്ങളും മിഡില്‍ ഈസ്റ്റില്‍ വെച്ച് നടക്കും.

കോവിഡ് മഹാമാരി ആഞ്ഞടിച്ചപ്പോള്‍ 2020ല്‍ നിരവധി ടൂര്‍ണമെന്റുകള്‍ റദ്ദാക്കേണ്ടി വന്നിരുന്നു. 2020ല്‍ ഐപിഎല്‍ യുഎഇയില്‍ വെച്ചാണ് സംഘടിപ്പിച്ചത്. അതേസമയം ടി20 ലോകകപ്പ് തീയതികള്‍ക്ക് മാറ്റമുണ്ടാകില്ലെന്നാണ് കരുതുന്നത്. ഒക്ടോബര്‍ 24ന് ആദ്യ പാദ മത്സരങ്ങള്‍ ആരംഭിക്കും. നവംബര്‍ മധ്യത്തില്‍ ഫൈനലും നടക്കും.

ഇന്ത്യയില്‍ ടി20 ലോകകപ്പ് സംഘടിപ്പിക്കാന്‍ സാധിക്കുമോയെന്ന് ജൂണ്‍ 28നകം വ്യക്തമാക്കാന്‍ ഐസിസി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം നടക്കേണ്ട ലോകകപ്പ് മത്സരങ്ങളാണ് ഈ വര്‍ഷത്തേക്ക് മാറ്റിവെച്ചത്.

Other News in this category4malayalees Recommends