ഇറാഖിലെ ആശുപത്രിയില്‍ കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ തീപിടുത്തം ; അമ്പതോളം രോഗികള്‍ വെന്തുമരിച്ചു

ഇറാഖിലെ ആശുപത്രിയില്‍ കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ തീപിടുത്തം ; അമ്പതോളം രോഗികള്‍ വെന്തുമരിച്ചു
ഇറാഖിലെ ആശുപത്രിയില്‍ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലുണ്ടായ തീപിടുത്തത്തില്‍ രോഗികള്‍ വെന്തുമരിച്ചു. തെക്കന്‍ നഗരമായ നാസിരിയയിലെ അല്‍ ഹുസൈന്‍ ആശുപത്രിയിലാണ് അപകടമുണ്ടായത്. കോവിഡ് രോഗബാധിതരുടെ ഐസോലേഷന്‍ വാര്‍ഡിയിരുന്നു അപകടമുണ്ടായത്.

അപകടത്തില്‍ അമ്പത്തിരണ്ടോളം രോഗികള്‍ മരിച്ചതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. രാത്രി വൈകി തീ നിയന്ത്രണ വിധേയമാക്കാനായെന്നും അധികൃതരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇറാഖില്‍ മുന്ന് മാസത്തിനിടെ രണ്ടാമത്തെ സംഭവമാണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.

ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം എന്ന് ആശുപത്രി അധികൃതരെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോഴും മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നുണ്ടെന്നും മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ട് ചുണ്ടിക്കാട്ടുന്നു. എഴുപത് ബെഡുകളാണ് തീപ്പിടുത്തമുണ്ടായ വാര്‍ഡില്‍ ഉണ്ടായിരുന്നത്. നിരവധി രോഗികളെ ഇനിയും കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉണ്ടെന്നും അധികൃതര്‍ വ്യക്തകമാക്കുന്നു. അതേസമയം കനത്ത പുക രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചെന്നും അധികൃതര്‍ അറിയിച്ചു.

ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമി സ്ഥിതിഗതികള്‍ വിലയിരുത്തി. സംഭവത്തിന് പിന്നാലെ മുതിര്‍ന്ന മന്ത്രിമാരുമായി അടിയന്തര ചര്‍ച്ച നടത്തിയ അദ്ദേഹം നാസിരിയയിലെ ആരോഗ്യ സിവില്‍ ഡിഫന്‍സ് മാനേജര്‍മാരെ സസ്‌പെന്‍ഡ് ചെയ്യാനും അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടിട്ടുണ്ട്. ആശുപത്രി മാനേജര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ നിര്‍ദേശമുണ്ട്. അപകടത്തില്‍ അധികൃതരുടെ വീഴ്ച ആരോപിച്ച് ആശുപത്രിക്ക് മുന്നില്‍ നിരവധി പേര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. പിന്നാലെയാണ് നടപടി.

Other News in this category4malayalees Recommends