എന്‍.സി.പി നേതാവിനെതിരായ പീഡന പരാതി; പാര്‍ട്ടി അന്വേഷണവുമായി സഹകരിക്കില്ലെന്ന് പരാതിക്കാരി

എന്‍.സി.പി നേതാവിനെതിരായ പീഡന പരാതി; പാര്‍ട്ടി അന്വേഷണവുമായി സഹകരിക്കില്ലെന്ന് പരാതിക്കാരി
കൊല്ലം കുണ്ടറയില്‍ എന്‍.സി.പി നേതാവിനെതിരായ പീഡന പരാതിയില്‍ പാര്‍ട്ടി അന്വേഷണവുമായി സഹകരിക്കില്ലെന്ന് പരാതിക്കാരിയായ യുവതി. എന്‍.സി.പി നിയോഗിച്ച കമ്മീഷന് മുന്നില്‍ ഹാജരാകേണ്ടെന്ന ബി.ജെ.പി നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. അതേസമയം, യുവതിയുടെ കുടുംബം കമ്മീഷനുമായി സഹകരിക്കും.എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്യൂസ് ജോര്‍ജിനെയാണ് പാര്‍ട്ടി അന്വേഷണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. മാത്യൂസ് ജോര്‍ജ് ഇന്ന് കൊല്ലത്തെത്തി പരാതിക്കാരുമായി സംസാരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

അതിനിടെ, പീഡന പരാതിയില്‍ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. വീട്ടിലെത്തിയാകും മൊഴിയെടുക്കുക. യുവതി നല്‍കിയ പരാതിയില്‍ എന്‍.സി.പി സംസ്ഥാന നിര്‍വാഹക സമിതിയംഗം പത്മാകരനെതിരെയും കുണ്ടറ സ്വദേശിയായ രാജീവിനെതിരെയും കേസെടുത്തിരുന്നു.

അതേസമയം പീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന വിവാദത്തില്‍ എന്‍സിപി നേതാവും വനം മന്ത്രിയുമായ എ കെ ശശീന്ദ്രനെതിരെ കേസെടുത്തേക്കില്ല. ക്രിമിനല്‍ കേസെടുക്കാവുന്ന ഭീഷണി പോലുള്ള കാര്യങ്ങള്‍ പരാതിക്കാരിയുമായുള്ള മന്ത്രിയുടെ സംഭാഷണത്തിലില്ലെന്ന് പൊലീസ് പറയുന്നു.

ഫോണ്‍ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുത്താല്‍ നിലനില്‍ക്കില്ലെന്ന് പൊലീസിന് ലഭിച്ച പ്രാഥമിക നിയമോപദേശം. പീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടെന്ന പരാതിയിലാണ് പൊലീസ് നിയോപദേശം തേടിയത്. ശശീന്ദ്രനെതിരെ കേസെടുക്കാന്‍ കൊല്ലത്തും എറണാകുളത്തും പരാതികള്‍ ലഭിച്ചിരുന്നു. ശശീന്ദ്രന്‍ കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതികളിലെ ആരോപണം.


Other News in this category4malayalees Recommends