വീടില്ലാത്തവരെ ഒഴുപ്പിച്ച് നഗരം '' ഭംഗിയാക്കി' ; ജപ്പാനില്‍ ടോക്കിയോ ഒളിമ്പിക്‌സിന് അരങ്ങുണരുമ്പോള്‍ പ്രതിഷേധവും ഉയരുന്നു

വീടില്ലാത്തവരെ ഒഴുപ്പിച്ച് നഗരം '' ഭംഗിയാക്കി' ; ജപ്പാനില്‍ ടോക്കിയോ ഒളിമ്പിക്‌സിന് അരങ്ങുണരുമ്പോള്‍ പ്രതിഷേധവും ഉയരുന്നു
ടോക്കിയോ ഒളിമ്പിക്‌സിന് അരങ്ങുണരുമ്പോള്‍ മറുതലക്കല്‍ പ്രതിഷേധം അലയടിക്കുന്നു. കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഒളിമ്പിക്‌സ് നടത്തുന്നത് നല്ലതല്ലയെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. അതോടൊപ്പം വീടില്ലാത്ത പാവപ്പെട്ട ജനങ്ങളെ തലസ്ഥാനത്തു നിന്ന് ഒഴിപ്പിച്ചും ജപ്പാന്‍ സര്‍ക്കാര്‍ പൊല്ലാപ്പിലായിരിക്കുകയാണ്.

ഒളിമ്പിക് കായിക മാമാങ്കത്തിന്റെ മനോഹാരിതയ്ക്ക് കോട്ടം തട്ടാതിരിക്കാനാണ് വീടില്ലാത്ത പാവപ്പെട്ട ജനങ്ങളെയും അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെയും ജപ്പാന്‍ സര്‍ക്കാര്‍ ഒഴിപ്പിച്ചിരിക്കുന്നത്. നഗരത്തിലെ ടെന്റുകളില്‍ താമസിച്ചിരുന്നവരെ അവിടെ നിന്ന് ഒഴിപ്പിച്ചു. കാര്‍ഡ് ബോര്‍ഡ് കൊണ്ടുണ്ടാക്കിയ വീട് വരെ അധികൃതര്‍ പൊളിച്ചുമാറ്റി.

ടോക്കിയോയില്‍ തന്നെ അധികം ശ്രദ്ധ പതിയാത്ത ഇടങ്ങളിലേക്കാണ് സര്‍ക്കാര്‍ ഇവരെ മാറ്റിയിരിക്കുന്നത്. കോവിഡ് രൂക്ഷമായ ഘട്ടത്തില്‍ ഇവരെ ഇത്തരമൊരു ഇടത്തേക്ക് മാറ്റി കൂട്ടമായി പാര്‍പ്പിക്കുന്നത് വന്‍അപകടം ക്ഷണിച്ചു വരുത്തലാണ്. എന്നാല്‍ ആഗോള മാധ്യമങ്ങളുടെ ശ്രദ്ധ ഇതിലേക്ക് ഇതുവരെ ഉണ്ടായിട്ടില്ല.

ഇന്ത്യന്‍ സമയം വൈകിട്ടു 4.30 നാണ് ഉദ്ഘാടന പരിപാടി തുടങ്ങുന്നത്. സോണി ടെന്‍ ചാനലുകളില്‍ ഉദ്ഘാടനച്ചടങ്ങ് തല്‍സമയം കാണാം. ഒളിമ്പിക് സ്റ്റേഡിയത്തിലാകും ഉദ്ഘാടനച്ചടങ്ങ് അരങ്ങേറുക. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ ഉള്‍പ്പെടെ 15 രാഷ്ട്രത്തലവന്‍മാര്‍ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിക്കുമെന്നാണ് അറിയുന്നത്.

Other News in this category4malayalees Recommends