ഓസ്‌ട്രേലിയയില്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് വന്‍ അവസരങ്ങള്‍; കോവിഡ് വാക്‌സിന്‍ വിതരണം ത്വരിതപ്പെടുത്താന്‍ ഫാര്‍മിസിസ്റ്റുകളെ നിയമിക്കുന്നു; ഇതിനായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഫാര്‍മസിസ്റ്റുകള്‍ക്ക് അതിവേഗം വിസ നല്‍കാന്‍ തീരുമാനം

ഓസ്‌ട്രേലിയയില്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് വന്‍ അവസരങ്ങള്‍; കോവിഡ് വാക്‌സിന്‍ വിതരണം ത്വരിതപ്പെടുത്താന്‍ ഫാര്‍മിസിസ്റ്റുകളെ നിയമിക്കുന്നു; ഇതിനായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഫാര്‍മസിസ്റ്റുകള്‍ക്ക് അതിവേഗം വിസ നല്‍കാന്‍ തീരുമാനം
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ഫാര്‍മസിസ്റ്റുകള്‍ക്ക് ഓസ്‌ട്രേലിയയില്‍ അവസരങ്ങളുടെ പുതിയ വാതില്‍ തുറക്കാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ കോവിഡ് വാക്‌സിന്‍ വിതരണം ത്വരിതപ്പെടുത്താനായി ഓസ്‌ട്രേലിയ കൂടുതല്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് അതിവേഗം വിസകള്‍ അനുവദിക്കാനൊരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. രാജ്യത്തെ വാക്‌സിന്‍ വിതരണം വേഗത്തിലാക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ രാജ്യത്തെ ഫാര്‍മസികളോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കൂടുതല്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം ലഭിച്ചിരിക്കുന്നത്.

ഇത്തരത്തില്‍ വാക്‌സിന്‍ വിതരണത്തില്‍ ഫാര്‍മസികളുടെ പങ്ക് അനിവാര്യമായിത്തീരുന്നതോടെ ഇവിടങ്ങളില്‍ ഫാര്‍മസിസ്റ്റുകളുടെ ആവശ്യമേറുന്നതിനെ തുടര്‍ന്നാണ് വിദേശത്ത് നിന്നുള്ള ഫാര്‍മസിസ്റ്റുകള്‍ക്ക് അതിവേഗം വിസ നല്‍കാന്‍ സ്‌കോട്ട് മോറിസന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ അലക്‌സ് സോഹ് ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയിട്ടുമുണ്ട്. വിസ അനുവദിക്കുന്നതിനുള്ള പ്രയോറിറ്റി സ്‌കില്‍ മൈഗ്രേഷന്‍ ഒക്യുപേഷന്‍ ലിസ്റ്റ് അഥവാ മുന്‍ഗണനാ പട്ടികയില്‍ ഫാര്‍മസിസ്റ്റുകളെ കൂടി ഉള്‍പ്പെടുത്തുമെന്നാണ് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ ഉറപ്പേകിയിരിക്കുന്നത്.

ഹോസ്പിറ്റല്‍ ഫാര്‍മസിസ്റ്റ്, റീട്ടെയില്‍ ഫാര്‍മസിസ്റ്റ്, ഇന്റസ്ട്രിയല്‍ ഫാര്‍മസിസ്റ്റ് എന്നീ മൂന്ന് ഒക്യുപേഷനുകളെയായിരിക്കും മുന്‍ഗണനാ ലിസ്റ്റില്‍ പെടുത്തുന്നത്. കഴിഞ്ഞ വാരം വരെ ഓസ്‌ട്രേലിയയിലെ 118 ഫാര്‍മസികളാണ് കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ഭാഗഭാക്കാകാന്‍ തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത്. ജൂലൈ അവസാനത്തോടെ ഇത്തരത്തില്‍ വാക്‌സിന്‍ വിതരണത്തില്‍ പങ്കാളികളാകുന്ന ഫാര്‍മസികളുടെ എണ്ണം 470 ആയി വര്‍ധിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇവിടങ്ങളിലേക്ക് വേണ്ടി വരുന്ന ഫാര്‍മസിസ്റ്റുകള്‍ക്കായാണ് പുറത്ത് നിന്നുള്ളവരുടെ നിയമനം ത്വരിതപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends