സിപിഎം ഭരിക്കുന്ന ആര്യനാട് സഹകരണ ബാങ്കില്‍ തട്ടിയതും കോടികള്‍; ഒരുവര്‍ഷം പിന്നിട്ടിട്ടും പണം തിരിച്ചു പിടിക്കാന്‍ നടപടിയില്ല

സിപിഎം ഭരിക്കുന്ന ആര്യനാട് സഹകരണ ബാങ്കില്‍ തട്ടിയതും കോടികള്‍; ഒരുവര്‍ഷം പിന്നിട്ടിട്ടും പണം തിരിച്ചു പിടിക്കാന്‍ നടപടിയില്ല
സിപിഎം ഭരിക്കുന്ന തിരുവനന്തപുരത്തെ ആര്യനാട് സഹകരണ ബാങ്കില്‍ തട്ടിയതും കോടികള്‍.ഏഴുകോടിയില്‍പ്പരം രൂപ ജീവനക്കാര്‍ തട്ടിയെന്ന് സഹകരണവകുപ്പ് കണ്ടെത്തിയിട്ട് ഒരുവര്‍ഷം പിന്നിട്ടു. എന്നാല്‍ പണം തിരികെ പിടിക്കാന്‍ ഇതുവരെയും നടപടിയായില്ല. ക്രൈംബ്രാഞ്ച് അന്വേഷണവും ഏങ്ങുമെത്തിയില്ല.

185ലധികം പേരുടെ സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ അവരറിയാതെ വച്ച് വായ്പ എടുത്തുവെന്നാണ് സഹകരണവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയത്. ആര്യനാട് സര്‍വീസ് സഹകരണബാങ്കിലെ മുന്‍ ഭരണസമിതി അംഗം കൂടിയായ ശശിധരന് ഒരു ദിവസം ബാങ്കില്‍ നിന്നൊരു നോട്ടീസെത്തി. മൂന്ന് ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ടെന്നായിരുന്നു നോട്ടീസ്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോടികളുടെ തട്ടിപ്പ് കണ്ടെത്തിയത്.

ബാങ്കിന്റെ സായാഹ്നശാഖയിലെ ബാങ്ക് മാനേജര്‍ ജൂനിയര്‍ ക്ലര്‍ക്ക് എന്നിവരായിരുന്നു തട്ടിപ്പ് നടത്തിയത്. മേല്‍നോട്ടത്തില്‍ വീഴ്ച വന്നതിന് സെക്രട്ടറി അസിസ്റ്റന്‍ഡ് സെക്രട്ടറി ഇന്റേണ്‍ ഓഡിറ്റര്‍ എന്നിവരുള്‍പ്പടെ പാര്‍ട്ടി അനുഭാവികളായ അഞ്ച് പേരെ സസ്‌പെന്റ് ചെയ്തു. ഒപ്പം ഭരണസമിതിയും പിരിച്ചുവിട്ടു.

അന്നത്തെ സെക്രട്ടറിയുടെ വീഴ്ചയാണ് ഉദ്യോഗസ്ഥരുടെ തട്ടിപ്പിന് കാരണമെന്നാണ് സിപിഎമ്മിന്റെ കണ്ടെത്തല്‍. ക്രമക്കേടിനെക്കുറിച്ച് ഒരു വര്‍ഷം മുന്‍പ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും രണ്ടാഴ്ച മുന്‍പാണ് തെളിവെടുപ്പിനെത്തിയത്.


Other News in this category4malayalees Recommends