വാദം കേള്‍ക്കലിന് ഹാജരായില്ലെങ്കില്‍ കങ്കണ റണൗട്ടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കും ; നടിയ്ക്ക് താക്കീത് നല്‍കി കോടതി

വാദം കേള്‍ക്കലിന് ഹാജരായില്ലെങ്കില്‍ കങ്കണ റണൗട്ടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കും ; നടിയ്ക്ക് താക്കീത് നല്‍കി കോടതി
ബോളിവുഡ് താരം കങ്കണ റണൗട്ടിന് മുന്നറിയിപ്പുമായി കോടതി. മാനനഷ്ടക്കേസില്‍ വാദം കേള്‍ക്കലിന് ഹാജരായില്ലെങ്കില്‍ കങ്കണ റണൗട്ടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചു. ഗാനരചയിതാവ് ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസിലാണ് കോടതിയുടെ ഇടപെടല്‍.

അന്ധേരി മെട്രോപ്പൊലിറ്റന്‍ കോടതിയാണ് കേസ് പരിഗണിക്കുന്നത്. തുടര്‍ച്ചയായി ഹാജരാതിരുന്നതോടെയാണ് താരത്തിന് കോടതി രൂക്ഷമായ മുന്നറിയിപ്പ് നല്‍കിയത്. അതേസമയം കങ്കണ വിദേശത്തായതിനാലാണ് എത്താത്തത് എന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ബോളിവുഡില്‍ പലരെയും ആത്മഹത്യയിലേക്കു നയിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ജാവേദ് അക്തര്‍ എന്ന പരാമര്‍ശത്തിനെതിരെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. കങ്കണ തനിക്കെതിരെ അടിസ്ഥാനരഹിതമായ പരാമര്‍ശങ്ങള്‍ നടത്തിയതായി പരാതിയില്‍ ജാവേദ് അക്തര്‍ പറഞ്ഞു.

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് തന്റെ പേര് കങ്കണ അനാവശ്യമായി വലിച്ചിഴച്ചെന്ന് ജാവേദ് അക്തര്‍ നല്കിയ ക്രിമിനല്‍ കേസില്‍ പറയുന്നുണ്ട്. നടന് ഹൃത്വിക് റോഷനുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കരുതെന്ന് അക്തര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും കങ്കണ പറഞ്ഞിരുന്നു. കങ്കണ ഇത്തരം പ്രസ്താവനകളിലൂടെ ലക്ഷക്കണക്കിന് ആളുകള്‍ക്കിടയില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ജാവേദ് അക്തര്‍ പരാതിയില്‍ പറയുന്നു.

Other News in this category4malayalees Recommends