കോവിഡ് ഡ്യൂട്ടി ചെയ്യുന്ന 26 കാരിയായ ഡോക്ടര്‍ക്ക് മൂന്നാം തവണയും കോവിഡ് സ്ഥിരീകരിച്ചു, രണ്ട് ഡോസ് വാക്‌സിനെടുത്തിട്ടും രണ്ട് തവണ രോഗം പിടിപെട്ടു ; ആശങ്ക

കോവിഡ് ഡ്യൂട്ടി ചെയ്യുന്ന 26 കാരിയായ ഡോക്ടര്‍ക്ക് മൂന്നാം തവണയും കോവിഡ് സ്ഥിരീകരിച്ചു, രണ്ട് ഡോസ് വാക്‌സിനെടുത്തിട്ടും രണ്ട് തവണ രോഗം പിടിപെട്ടു ; ആശങ്ക
കോവിഡ് ഡ്യൂട്ടി ചെയ്യുന്ന ഡോക്ടര്‍ക്ക് മൂന്നാം തവണയും കോവിഡ് സ്ഥിരീകരിച്ചതില്‍ ആശങ്ക. കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുമ്പ് ഡോക്ടര്‍ക്ക് കോവിഡ് ഒരു തവണ ബാധിച്ചിട്ടുണ്ടായിരുന്നു. രണ്ട് തവണ രോഗം പിടിപെട്ടത് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച ശേഷമാണ്. വീര്‍ സവര്‍ക്കര്‍ ആശുപത്രിയിലെ 26 കാരിയായ ഡോ. സൃഷ്ടി ഹലാരിക്കാണ് വീണ്ടും രോഗം പിടിപെട്ടത്.

കഴിഞ്ഞ 13 മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 17നാണ് ഡോക്ടര്‍ക്ക് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ചെറിയ ലക്ഷണങ്ങള്‍ മാത്രമേ അന്നു കാണിച്ചിരുന്നുള്ളു. ഈ വര്‍ഷം മാര്‍ച്ച് എട്ടിന് ഡോക്ടര്‍ ഹലാരി കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസും ഏപ്രില്‍ 29ന് രണ്ടാം ഡോസും സ്വീകരിച്ചിരുന്നു. പിന്നാലെ മേയ് 29ന് രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചു.

ഇത്തവണയും ചെറിയ ലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതിനുപിന്നാലെ ജൂലായ് 11നാണ് മൂന്നാം തവണയും കോവിഡ് പോസിറ്റിവായത്. വൈറസിന്റെ ഏത് വകഭേദമാണ് ബാധിച്ചതെന്ന് തിരിച്ചറിയാന്‍ ഡോക്ടറുടെ സാംപിള്‍ കൂടുതല്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഡോക്ടറുടെ മാതാപിതാക്കള്‍ക്കും സഹോദരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണ്. നാല് പേരും ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം, വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ചാലും കോവിഡ് പിടിപെടാന്‍ സാധ്യതയുണ്ടെന്നും വാക്‌സിന്‍ രോഗത്തിന്റെ തീവ്രത കുറച്ച് ആശുപത്രിയില്‍ ചികിത്സ തേടേണ്ട സാധ്യത കുറയ്ക്കുക മാത്രമാണ് ചെയ്യുകയെന്നുമാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Other News in this category



4malayalees Recommends