കെട്ടിയിട്ട് കഴുത്ത് മുറിച്ചു; അഫ്ഗാനിലെ ജനപ്രിയ താരത്തെ ക്രൂരമായി കൊലപ്പെടുത്തി താലിബാന്‍

കെട്ടിയിട്ട് കഴുത്ത് മുറിച്ചു; അഫ്ഗാനിലെ ജനപ്രിയ താരത്തെ ക്രൂരമായി കൊലപ്പെടുത്തി താലിബാന്‍
അഫ്ഗാനിസ്ഥാനിലെ ജനപ്രിയ ഹാസ്യതാരത്തെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി താലിബാന്‍. അഫ്ഗാനിലെ ഹാസ്യനടന്‍ ആയ നസര്‍ മുഹമ്മദിനെയാണ് താലിബാന്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോവുകയും മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയും ചെയ്തത്. നസറിനെ അടിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മുഹമ്മദ് 'അജ്ഞാത' തോക്കുധാരികളാല്‍ കൊല്ലപ്പെട്ടുവെന്ന് കണ്ടെത്തിയതിന് ശേഷമാണ് അദ്ദേഹത്തെ താലിബാന്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്.

ജൂലൈ 27 ന് ഇറാന്‍ ഇന്റര്‍നാഷണലിന്റെ മുതിര്‍ന്ന ലേഖകന്‍ താജുദെന്‍ സോറഷ് ആണ് വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. 'ഈ വീഡിയോയില്‍ കാണ്ടഹാറി ഹാസ്യനടന്‍, ഖാഷയെന്ന് വിളിക്കുന്ന നസര്‍ മുഹമ്മദിനെ താലിബാന്‍ അറസ്റ്റ് ചെയ്യുകയും കാറിനുള്ളില്‍ വെച്ച് അദ്ദേഹത്തെ മര്‍ദ്ദിക്കുന്നതും വ്യക്തമാണ്. ഇതിനു ശേഷം താലിബാന്‍ തന്നെയാണ് ഖാഷയെ കൊലപ്പെടുത്തിയത്,' സോറഷ് ട്വിറ്ററില്‍ കുറിച്ചു. തീവ്രവാദികളില്‍ ഒരാള്‍ തോക്ക് ചൂണ്ടി ഭയപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ മുഖത്ത് പലതവണ അടിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

വ്യാഴാഴ്ച രാത്രിയാണ് ഖാഷയെ താലിബാന്‍ തീവ്രവാദികള്‍ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയത്. തീവ്രവാദി സംഘം വ്യാഴാഴ്ച ഖാഷയെ പിടികൂടി മരത്തില്‍ കെട്ടിയിട്ട് കഴുത്ത് മുറിച്ചു. ജനപ്രിയ ഹാസ്യനടനെ കഴുത്ത് മുറിച്ച് നിലത്ത് കിടക്കുന്നതായി കണ്ടെത്തിയെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കന്‍ സേന പിന്‍വാങ്ങിയതിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം രൂക്ഷമാവുകയാണ്. നിരവധി പ്രവിശ്യകള്‍ താലിബാന്റെ നിയന്ത്രണത്തില്‍ ആയിക്കഴിഞ്ഞു.


Other News in this category4malayalees Recommends