ചക്രവര്‍ത്തിയും കൂട്ടരും കത്തുന്ന വീട്ടില്‍ നിന്ന് ഉത്തരവും കഴുക്കോലും അടിച്ചുമാറ്റുന്ന തിരക്കിലാണ്: രൂക്ഷ വിമര്‍ശനവുമായി കെ. സുധാകരന്‍

ചക്രവര്‍ത്തിയും കൂട്ടരും കത്തുന്ന വീട്ടില്‍ നിന്ന് ഉത്തരവും കഴുക്കോലും അടിച്ചുമാറ്റുന്ന തിരക്കിലാണ്: രൂക്ഷ വിമര്‍ശനവുമായി കെ. സുധാകരന്‍
കഴിഞ്ഞ ഒരു മാസത്തിനിടെ കോവിഡാനന്തര സാമ്പത്തിക പ്രതിസന്ധികള്‍ മൂലം കേരളത്തില്‍ ആത്മഹത്യ ചെയ്യേണ്ടി വന്നവരുടെ എണ്ണം ഭയപ്പെടുത്തുന്നതാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ഒരു ദുരന്തമുഖത്ത് ജനങ്ങള്‍ ഇങ്ങനെ വലഞ്ഞ് നില്‍ക്കുമ്പോഴാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ വന്‍ കൊള്ളകള്‍ നടത്തുന്നത്. സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളില്‍ നൂറുകണക്കിന് കോടികളുടെ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നു. സാധാരണക്കാരുടെ ചെറിയ സമ്പാദ്യങ്ങള്‍ പോലും മോഷ്ടിച്ച് അവരെ വഴിയാധാരമാക്കാന്‍ പ്രാദേശിക സിപിഎം നേതാക്കള്‍ക്ക് ആത്മവിശ്വാസം കൊടുക്കുന്നത് സി.പി.എം നേതൃത്വം തന്നെയാണ്. കൂടുതല്‍ പേരെ ആത്മഹത്യയിലേക്ക് തള്ളിവിടാതെ ഇരിക്കാന്‍ സര്‍ക്കാര്‍ ഒരു റീബൂട്ടിങ് പീരിഡ് പ്രഖ്യാപിക്കണമെന്നും കെ സുധാകരന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ നിര്‍ദേശിക്കുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം:

കഴിഞ്ഞ ഒരു മാസത്തിനിടെ കോവിഡാനന്തര സാമ്പത്തിക പ്രതിസന്ധികള്‍ മൂലം കേരളത്തില്‍ ആത്മഹത്യ ചെയ്യേണ്ടി വന്നവരുടെ എണ്ണം ഭയപ്പെടുത്തുന്നതാണ്.

തൊഴിലില്ലായ്മയും വിലക്കയറ്റവും വരുമാന നഷ്ടവും നിരാശയും ജനങ്ങളെ കോവിഡിനെക്കാള്‍ ഭീകരമായ അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, ചെറുകിട വ്യാപാരികള്‍, വനിതാ സംരഭകര്‍ ഉള്‍പ്പെടെയുള്ള സമൂഹത്തിന്റെ നാനാ തുറകളിലുള്ളവര്‍ വരുമാനം നിലച്ച്, വായ്പ്പാ തിരിച്ചടവ് മുടങ്ങി ജപ്തി നടപടികള്‍ നേരിടുകയാണ്. കര്‍ഷക ആത്മഹത്യകള്‍ നടന്നു കഴിഞ്ഞു.

ഒരു ദുരന്തമുഖത്ത് ജനങ്ങള്‍ ഇങ്ങനെ വലഞ്ഞ് നില്‍ക്കുമ്പോഴാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ വന്‍ കൊള്ളകള്‍ നടത്തുന്നത്. സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളില്‍ നൂറുകണക്കിന് കോടികളുടെ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നു. സാധാരണക്കാരുടെ ചെറിയ സമ്പാദ്യങ്ങള്‍ പോലും മോഷ്ടിച്ച് അവരെ വഴിയാധാരമാക്കാന്‍ പ്രാദേശിക സിപിഎം നേതാക്കള്‍ക്ക് ആത്മവിശ്വാസം കൊടുക്കുന്നത് സി.പി.എം നേതൃത്വം തന്നെയാണ്. റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിച്ചെങ്കില്‍ ഇവിടെ മറ്റൊരു സ്വയം പ്രഖ്യാപിത ചക്രവര്‍ത്തിയും കൂട്ടരും കത്തുന്ന വീട്ടില്‍ നിന്ന് ഉത്തരവും കഴുക്കോലും വരെ അടിച്ചുമാറ്റുന്ന തിരക്കിലാണ്. കിറ്റില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ക്രീം ബിസ്‌കറ്റ് കൊടുക്കുമെന്ന് പ്രഖ്യാപിച്ചിട്ട്, കോകോണിക്‌സ് എന്ന തട്ടിക്കൂട്ട് സ്ഥാപനവുമായി ചേര്‍ന്ന് കുടുംബശ്രീ വഴി വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത ലാപ്‌ടോപ്പില്‍ കോടികളുടെ തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സര്‍ക്കാരും സന്നദ്ധ സംഘടനകളും ഒത്ത് ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടും ഡിജിറ്റല്‍ ഡിവൈഡ് നിലനില്‍ക്കുമ്പോഴാണ് ഈ വിദ്യാര്‍ത്ഥി വഞ്ചന.

അശാസ്ത്രീയമായ ലോക്ഡൗണ്‍ നടപടികള്‍ ഏതെങ്കിലും തരത്തില്‍ ജീവിതം റീസ്റ്റാര്‍ട്ട് ചെയ്യാന്‍ തയ്യാറെടുക്കുന്നവരെ വീണ്ടും നിരാശയുടെ പടുകുഴിയില്‍ വീഴ്ത്തുകയാണ്. അത്യാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവരോട് പോലീസ് ഗുണ്ടായിസവും അന്യായമായി പെറ്റി അടിക്കുന്നത് ചോദ്യം ചെയ്താല്‍ ജാമ്യമില്ലാ വകുപ്പും ആണ് ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സേവനം.

കോവിഡ് രൂക്ഷമായതു മുതല്‍ രാജ്യത്തെ വിവിധ കോണ്‍ഗ്രസ് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന, ഇവിടെയും നടപ്പിലാക്കാന്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ന്യായ്. ജനങ്ങളിലേക്ക് നേരിട്ട് സാമ്പത്തിക സഹായം എത്തിക്കുക, അതുവഴി ദാരിദ്ര്യത്തില്‍ നിന്നും നിന്നും കരകയറാനുള്ള പോരാട്ടത്തില്‍ അവരെ സഹായിക്കുക എന്നതാണ് ന്യായ് പദ്ധതിയുടെ കാതല്‍. അതിതീവ്ര ദാരിദ്ര്യം തുടച്ചുനീക്കാന്‍ ഇപ്പോള്‍ കേരള സര്‍ക്കാരിന് ജനങ്ങള്‍ക്കുവേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യമായിരിക്കും ന്യായ് പദ്ധതി നടപ്പില്‍ വരുത്തുക എന്നത്.

കൂടുതല്‍ പേരെ ആത്മഹത്യയിലേക്ക് തള്ളിവിടാതെ ഇരിക്കാന്‍ സര്‍ക്കാര്‍ ഒരു റീബൂട്ടിങ് പീരിഡ് പ്രഖ്യാപിക്കണം. ഈ കാലയളവില്‍ സര്‍ക്കാര്‍ വാടക കുടിശ്ശികയും ഫിക്‌സഡ് ചാര്‍ജുകളും നികുതികളും ജനങ്ങളില്‍നിന്ന് പിരിക്കുന്നത് ഒഴിവാക്കണം. വായ്പാ തിരിച്ചടവുകള്‍ക്ക് അധിക ബാധ്യത വരാത്ത രീതിയില്‍ ഇളവു നല്‍കണം. ഫിനാന്‍സ് റിക്കവറി, ജപ്തി നടപടികള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തണം.

ബ്ലേഡ് മാഫിയയെ ഇല്ലായ്മ ചെയ്യണം. സര്‍ക്കാര്‍ ജനങ്ങളെ വിശ്വാസത്തിലെടുത്തു കൊണ്ട് ഈ ന്യൂ നോര്‍മല്‍ മനസ്സിലാക്കി ജനങ്ങള്‍ക്ക് ജീവിതം തുടങ്ങുവാന്‍ വേണ്ട സഹായം നല്‍കണം. ഇനിയും ഒരാളെ ആത്മഹത്യയിലേക്ക് തള്ളിവിടാതെ ഇരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഈ നടപടികള്‍ സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുകയാണ്.

Other News in this category4malayalees Recommends