എന്‍എച്ച്എസ് ആശുപത്രികളിലുള്ള കോവിഡ് രോഗികളില്‍ നാലിലൊന്ന് പേരും അഡ്മിറ്റായത് മറ്റ് രോഗങ്ങളാല്‍; പുതിയ കോവിഡ് പ്രവണത വ്യക്തമാക്കി എന്‍എച്ച്എസ് ഡാറ്റ; ആശുപത്രി പ്രവേശനത്തിനെത്തുന്നവരെയെല്ലാം നിലവില്‍ കോവിഡ് പരിശോധനക്ക് വിധേയമാക്കുന്നു

എന്‍എച്ച്എസ് ആശുപത്രികളിലുള്ള കോവിഡ് രോഗികളില്‍ നാലിലൊന്ന് പേരും അഡ്മിറ്റായത് മറ്റ് രോഗങ്ങളാല്‍; പുതിയ കോവിഡ് പ്രവണത വ്യക്തമാക്കി എന്‍എച്ച്എസ് ഡാറ്റ;  ആശുപത്രി പ്രവേശനത്തിനെത്തുന്നവരെയെല്ലാം നിലവില്‍ കോവിഡ് പരിശോധനക്ക് വിധേയമാക്കുന്നു
ഇംഗ്ലണ്ടില്‍ നിലവില്‍ കോവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ ഏതാണ്ട് നാലിലൊന്ന് പേര്‍ അല്ലെങ്കില്‍ 23 ശതമാനം പേര്‍ മറ്റ് കാരണങ്ങളാലാണ് അഡ്മിറ്റായിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ എന്‍എച്ച്എസ് ഡാറ്റയാണിക്കാര്യം എടുത്ത് കാട്ടുന്നത്. തങ്ങളുടെ കെയറില്‍ കഴിയുന്ന കോവിഡ് രോഗികളുടെ കൂടുതല്‍ വിശദാംശങ്ങള്‍ ഇംഗ്ലണ്ടിലെ ഹോസ്പിറ്റലുകള്‍ പതിവില്ലാത്ത വിധത്തില്‍ പുറത്ത് വിട്ടിട്ടുണ്ട്.

നിലവില്‍ എന്ത് കാരണത്താലും ആശുപത്രികളിലെത്തുന്നവരെ നിര്‍ബന്ധിതമായി കോവിഡ് പരിശോധനക്ക് വിധേയമാക്കി മാത്രമേ ഹോസ്പിറ്റലുകള്‍ അഡ്മിറ്റ് ചെയ്യുന്നുള്ളൂ. കോവിഡ് രോഗികള്‍ എന്‍എച്ച്എസിന് മേലും അതിന്റെ തൊഴില്‍ സേനക്ക് മേലുമുണ്ടാക്കുന്ന സമ്മര്‍ദം കടുത്തതായതിനാല്‍ ഇത്തരം പരിശോധനകളും മാനദണ്ഡങ്ങളും അനിവാര്യമാണെന്നാണ് ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് പറയുന്നത്. ഇതിലൂടെ ഹോസ്പിറ്റലുകള്‍ക്ക് ഓരോ രോഗികള്‍ക്കും ഏറ്റവും അനുയോജ്യമായ കെയര്‍ പ്രദാനം ചെയ്യാനും കോവിഡ് പടരുന്നത് നിയന്ത്രിക്കാനും സാധിക്കുന്നുവെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.

കോവിഡ് ബാധിച്ചവരെ കോവിഡില്ലാത്ത മറ്റ് രോഗികളില്‍ നിന്നും വേറിട്ട് പാര്‍പ്പിച്ചാണ് ചികിത്സയേകുന്നത്. എന്‍എച്ച്എസിലെ കോവിഡ് രോഗികളുടെ യഥാര്‍ത്ഥ ചിത്രം വെളിപ്പെടുത്തുന്നതല്ല പുതിയ കണക്കുകളെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. രാജ്യത്തെ വാക്‌സിനേഷന് കോവിഡ് ഗുരുതരാവസ്ഥകളെ എത്രത്തോളം കുറയ്ക്കാന്‍ സാധിച്ചുവെന്ന് മനസിലാക്കാന്‍ സയന്റിസ്റ്റുകളെ സഹായിക്കുന്നതാണ് പുതിയ ഡാറ്റയെന്നാണ് ഗവണ്മെന്റ് പറയുന്നത്.

2021 ജൂണ്‍ മുതലാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് ഹോസ്പിറ്റല്‍ കോവിഡ് ഡാറ്റയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയത്. എന്‍എച്ച്എസ് സ്ട്രാറ്റജിക് ഇന്‍സിഡന്റ് ഡയറക്ടറായ പ്രഫ കെയ്ത്ത് വിലെറ്റിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. ജൂലൈ 27ന് പുറത്ത് വന്ന കണക്കുകള്‍ പ്രകാരം എന്‍എച്ച്എസ് ഹോസ്പിറ്റലുകളിലെ 5021 ബെഡുകളിലാണ് കോവിഡ് രോഗികളുള്ളത്. ഇവരില്‍ 3855 പേരായിരുന്നു തുടക്കത്തില്‍ തന്നെ കോവിഡ് ബാധിച്ച് പ്രവേശിപ്പിച്ചിരുന്നത്. 1166 പേര്‍ കോവിഡേതര രോഗങ്ങളാലായിരുന്നു ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നത്. മറ്റ് രോഗങ്ങള്‍ ബാധിച്ചെത്തിയവ നിരവധി പേര്‍ക്ക് ആശുപത്രികളില്‍ വച്ച് കോവിഡ് ബാധിക്കുകയും അവരുടെ മറ്റ് രോഗങ്ങള്‍ വഷളാകുകയും ചെയ്തുവെന്നും വെളിപ്പെട്ടിട്ടുണ്ട്.

Other News in this category4malayalees Recommends