ഷാഫി പറമ്പിലിനെതിരായ വാര്‍ത്ത സമൂഹമാധ്യമത്തില്‍ പങ്കുവെച്ച് ചെന്നിത്തലയുടെ മകന്‍; വിമര്‍ശനമുന്നയിച്ച ഭാരവാഹികളെ അനുനയിപ്പിച്ച് ഉമ്മന്‍ചാണ്ടി

ഷാഫി പറമ്പിലിനെതിരായ വാര്‍ത്ത സമൂഹമാധ്യമത്തില്‍ പങ്കുവെച്ച് ചെന്നിത്തലയുടെ മകന്‍; വിമര്‍ശനമുന്നയിച്ച ഭാരവാഹികളെ അനുനയിപ്പിച്ച് ഉമ്മന്‍ചാണ്ടി
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനെതിരായ വാര്‍ത്തശകലം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് രമേശ് ചെന്നിത്തലയുടെ മകന്‍ രോഹിത് ചെന്നിത്തല. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ പ്രസിഡന്റ് ഷാഫി പറമ്പിലിന് നേരെ വിമര്‍ശനം എന്ന രീതിയില്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

ഷാഫി പറമ്പിലിനെതിരെ എ ഗ്രൂപ്പില്‍ നടക്കുന്ന പടയൊരുക്കത്തില്‍ ഐ ഗ്രൂപ്പിലെ ഭാരവാഹികള്‍ പോലും ഷാഫിയെ പിന്തുണക്കുന്നതിനിടെയാണ് രോഹിത് ചെന്നിത്തലയുടെ ഫേസ്ബുക്ക് സ്റ്റാറ്റസായി ഈ വാര്‍ത്ത വന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനായ ഐ ഗ്രൂപ്പ് പ്രതിനിധി റിജില്‍ മാക്കുറ്റി അടക്കമുള്ളവര്‍ ഷാഫിയെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തുവന്നിരുന്നു.

പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനുള്ള എംഎല്‍എമാരുടെ യോഗത്തില്‍ ഷാഫി പറമ്പില്‍ വി ഡി സതീശന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇത് ചെന്നിത്തല അനുകൂലികളായ ഐ ഗ്രൂപ്പ് നേതാക്കന്‍മാരെ ചൊടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രസിഡന്റിനെതിരായ വാര്‍ത്ത രമേശ് ചെന്നിത്തലയുടെ മകന്‍ തന്നെ പങ്കുവെച്ചത്. നേരത്തെ എ ഗ്രൂപ്പിനകത്ത് നിന്നും ഷാഫി പറമ്പിലിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയതാണ്. ഇതിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശിച്ച രണ്ട് എ ഗ്രൂപ്പ് ഭാരവാഹികളെ ഉമ്മന്‍ചാണ്ടി അനുനയിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞയാഴ്ച ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തിന്റേതെന്ന പേരില്‍ പുറത്തുവന്ന വിശദാംശങ്ങള്‍ തെറ്റാണെന്ന് നേതാക്കള്‍ പറഞ്ഞിരുന്നു. ഇത് ഒരു വിഭാഗത്തിന്റെ ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്നാണ് വിലയിരുത്തല്‍. അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഹരിപ്പാട് മണ്ഡലത്തിലെ സാമ്പത്തിക കാര്യങ്ങളടക്കം നിയന്ത്രിച്ചത് രമേശ് ചെന്നിത്തലയുടെ മകനാണ്. പിന്നാലെ സംസ്ഥാന തലത്തില്‍ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും രോഹിത് ചെന്നിത്തലയാണെന്ന് ഒരു വിഭാഗം പറയുന്നു. ഇത് ഐ ഗ്രൂപ്പിനകത്ത് ചര്‍ച്ചയായിട്ടുണ്ട്.

Other News in this category4malayalees Recommends