ഇടതു പാര്‍ട്ടികളെ ഉപയോഗിച്ച് ആണവക്കരാര്‍ അട്ടിമറിക്കാന്‍ ചൈന ശ്രമിച്ചു: മുന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ

ഇടതു പാര്‍ട്ടികളെ ഉപയോഗിച്ച് ആണവക്കരാര്‍ അട്ടിമറിക്കാന്‍ ചൈന ശ്രമിച്ചു: മുന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ
ഇന്ത്യയുഎസ് ആണവ കരാറിനോട് 'ആഭ്യന്തര എതിര്‍പ്പ് വളര്‍ത്താന്‍' ചൈന ഇന്ത്യയിലെ ഇടതുപാര്‍ട്ടികളുമായുള്ള 'അടുത്ത ബന്ധം' ഉപയോഗിച്ചു എന്ന് മുന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ. ഇതാകാം 'ഇന്ത്യന്‍ ആഭ്യന്തര രാഷ്ട്രീയത്തില്‍ ചൈന രാഷ്ട്രീയമായി ഇടപെടുന്ന ആദ്യ സംഭവം' എന്നും അദ്ദേഹം പറഞ്ഞു.

ഈയിടെ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ പ്രസിദ്ധീകരിച്ച മുന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയുടെ 'ദി ലോംഗ് ഗെയിം: ഹൗ ദി ചൈനീസ് നെഗോഷ്യേറ്റ് വിത്ത് ഇന്ത്യ' എന്ന പുതിയ പുസ്തകത്തിലാണ് രാഷ്ട്രീയവും നയതന്ത്രപരവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാവുന്ന ഈ വെളിപ്പെടുത്തല്‍.

39 വര്‍ഷത്തെ തന്റെ നയതന്ത്രജീവിതത്തില്‍, ചൈനീസ് ഭാഷയായ മന്‍ഡാരിനില്‍ പ്രാവീണ്യമുള്ള ഗോഖലെ 20 വര്‍ഷത്തിലധികം ചൈനയിലും ഏഴ് വര്‍ഷം വിദേശകാര്യ മന്ത്രാലയത്തിലെ ചൈന ഡെസ്‌കിലും ഏഴ് വര്‍ഷം കിഴക്കന്‍ ഏഷ്യയിലും സേവനമനുഷ്ഠിച്ചു. ചൈനയിലെ ഇന്ത്യന്‍ അംബാസിഡറായി സേവനമനുഷ്ഠിച്ച അദ്ദേഹം രാജ്യത്തെ ഏറ്റവും മികച്ച ചൈന നിരീക്ഷകരില്‍ ഒരാളായി കണക്കാക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷമാണ് വിജയ് ഗോഖലെ വിരമിച്ചത്.

കഴിഞ്ഞ 75 വര്‍ഷങ്ങളില്‍ ഇന്ത്യയും ചൈനയും ചര്‍ച്ച ചെയ്ത ആറ് വിഷയങ്ങളാണ് ഗോഖലെയുടെ പുസ്തകത്തില്‍ ഉള്ളത്. പുസ്തകത്തിലെ ഏറ്റവും രസകരമായ അവകാശവാദങ്ങളിലൊന്ന്, ഇന്ത്യയുഎസ് ആണവ കരാര്‍ തകര്‍ക്കാന്‍ ചൈന എങ്ങനെയാണ് ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികളെ ഉപയോഗിക്കാന്‍ ശ്രമിച്ചത് എന്നതാണ്.

'… ഇന്ത്യയിലെ ഇടതുപാര്‍ട്ടികളുമായുള്ള അടുത്ത ബന്ധം ചൈന പ്രയോജനപ്പെടുത്തി. സി.പി.ഐയുടെയും സി.പി.എമ്മിന്റെയും ഉന്നത നേതാക്കള്‍ യോഗങ്ങള്‍ക്കായും ചികിത്സക്കായും ചൈനയിലേക്ക് പോയിരുന്നു. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളിലും ഉഭയകക്ഷി താല്‍പ്പര്യമുള്ള മറ്റ് കാര്യങ്ങളിലും സി.പി.ഐയും സി.പി.എമ്മും ഇന്ത്യക്കൊപ്പമായിരുന്നു, എന്നാല്‍ ഇന്ത്യയുഎസ് ആണവ കരാറിനെക്കുറിച്ച് ഇരു പാര്‍ട്ടികള്‍ക്കും അടിസ്ഥാനപരമായ ആശങ്കകളുണ്ടായിരുന്നു എന്ന് ചൈനക്ക് അറിയാമായിരുന്നു, ഇത് അവര്‍ ഉപയോഗിച്ചു 'വിജയ് ഗോഖലെ എഴുതുന്നു.

'അമേരിക്കയോടുള്ള ഇന്ത്യയുടെ ചായ്‌വിനെക്കുറിച്ച് ചൈന ഭയപ്പെട്ടിരുന്നു. ഡോ. മന്‍മോഹന്‍ സിംഗിന്റെ യു.പി.എ സര്‍ക്കാരില്‍ ഇടതുപാര്‍ട്ടികള്‍ വഹിച്ച സ്വാധീനം ചൈനക്കറിയാമായിരുന്നു, ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തിലേക്കുള്ള ചൈനയുടെ കടന്നുകയറ്റത്തിന്റെ ആദ്യ ഉദാഹരണമായിരിക്കാം ഇത്, പക്ഷേ തിരശ്ശീലയ്ക്ക് പിന്നില്‍ നിന്ന് കളിക്കാന്‍ അവര്‍ ശ്രദ്ധിച്ചു,' വിജയ് ഗോഖലെ എഴുതുന്നു.

'1998 ലെ ആണവ പരീക്ഷണങ്ങളില്‍ ഇന്ത്യയോട് സ്വീകരിച്ച നിലപാടിന് വിപരീതമായിരുന്നു ഈ കാലയളവിലുടനീളമുള്ള ചൈനയുടെ ഇടപെടലുകളെന്ന് ഗോഖലെ പറയുന്നു. എന്‍എസ്ജിയുമായുള്ള ഇന്ത്യയുടെ ആണവ ഇടപാടിന്റെ കാര്യം ചൈന ഒരിക്കലും ഉഭയകക്ഷി യോഗങ്ങളില്‍ ഉന്നയിച്ചിട്ടില്ല, ഇന്ത്യ ഈ വിഷയം ഉന്നയിച്ചപ്പോഴെല്ലാം വളരെ അപൂര്‍വ്വമായി മാത്രമേ ഇക്കാര്യം ചര്‍ച്ച ചെയ്തുള്ളു, അദ്ദേഹം പറയുന്നു.


Other News in this category4malayalees Recommends