ടെക്‌സാസിലെ കേരളാ ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോംസ് പണം തട്ടിപ്പ്: എഫ്.ബി.ഐ അന്വേഷണം തുടങ്ങി

ടെക്‌സാസിലെ കേരളാ ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോംസ് പണം തട്ടിപ്പ്: എഫ്.ബി.ഐ അന്വേഷണം തുടങ്ങി
ന്യൂയോര്‍ക്ക്: 2005ല്‍ ന്യൂജേഴ്‌സിയില്‍ 317 സ്പ്രൂസ് സ്ട്രീറ്റ്, ബൂണ്‍ടണ്‍, ന്യൂജേഴ്‌സി 07005 എന്ന അഡ്രസില്‍ കേരളത്തില്‍ നിന്നും അമേരിക്കയില്‍ കുടിയേറിയ ആദ്യകാല മലയാളികള്‍ക്കുവേണ്ടി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ച ഒരു കമ്പനിയായിരുന്നു കേരള ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോംസ് എന്ന കമ്പനി. പ്രസ്തുത കമ്പനിയുടെ പ്രൊസ്‌പെക്ടസ് അനുസരിച്ച് 150 'പ്രിഫേര്‍ഡ് സ്റ്റോക്' ഷെയറുകള്‍ ഓഹരി ഒന്നിന് ഇരുപത്തി അയ്യായിരം (25,000) ഡോളര്‍ വച്ച് വിറ്റയിനത്തില്‍ വളരെ കുറഞ്ഞ സമയംകൊണ്ടുതന്നെ മുന്നേമുക്കാല്‍ മില്യന്‍ (3.75) ഡോളര്‍ കമ്പനിയുടെ പ്രമോട്ടര്‍മാര്‍ പ്രസ്തുത അഡ്രസില്‍ തന്നെ പിരിച്ചെടുക്കുകയുണ്ടായി.


പ്രൊസ്‌പെക്ടസ് അനുസരിച്ച് കമ്പനി ന്യൂജേഴ്‌സിയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു 'ഡൊമസ്റ്റിക് പ്രോഫിറ്റ് കോര്‍പറേഷന്‍' ആണ്. ചുരുക്കത്തില്‍ കമ്പനി തുടങ്ങിയതിന്റെ പ്രധാന ഉദ്ദേശം പരമാവധി ലാഭം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു എന്ന് അതിന്റെ പ്രൊസ്‌പെക്ടസില്‍ പറയുന്നുണ്ട്. എങ്കിലും കമ്പനിയുടെ എല്ലാ സ്റ്റോക്ക് ഉടമകളും തുല്യ അവകാശമുള്ളവരാണെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്.


കമ്പനി നടത്തേണ്ടത് സ്റ്റോക്ക് ഉടമകള്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കുന്ന ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായിരിക്കുമെന്നും, ഒരു കുടുംബത്തിന് ഒന്നിലധികം ഷെയര്‍ പാടില്ല എന്നും, എല്ലാ വര്‍ഷവും ജനറല്‍ബോഡി കൂടേണ്ടതാണെന്നും അങ്ങനെ തെരഞ്ഞെടുക്കപ്പെട്ടവരായിരിക്കണം ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളെന്നും പ്രത്യേകം കമ്പനിയുടെ പ്രൊസ്‌പെക്ടസില്‍ പറഞ്ഞിട്ടുണ്ട്. കൂടാതെ ഷെയറിന്റെ ഉടമകള്‍ക്ക് തങ്ങളുടെ ഷെയര്‍ ട്രസ്റ്റി ബോര്‍ഡിന്റെ അനുമതിയോടുകൂടി വില്‍ക്കാമെന്നും പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.


കേരളാ ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോംസ് ഇന്‍ കോര്‍പറേഷന്റെ ആദ്യത്തെ പ്രൊജക്ട് ടെക്‌സാസിലെ റോയിസ് സിറ്റിയില്‍ 430ല്‍പ്പരം ഏക്കറുള്ള സ്ഥലത്ത് 500ല്‍പ്പരം വീടുകളുള്ള ഒരു ഗെയിറ്റഡ് കമ്യൂണിറ്റി ഉണ്ടാക്കുകയാണെന്നും പ്രൊസ്‌പെക്ടസില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.


കേരളാ ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോംസ് ഇന്‍ കോര്‍പറേഷന്റെ രണ്ടാമത്തെ പ്രൊജക്ട് പ്രായമായവര്‍ക്കുവേണ്ടി എല്ലാവിധ സൗകര്യങ്ങളോടുംകൂടിയ ഒരു നേഴ്‌സിംഗ് ഹോം ഉണ്ടാക്കുക എന്നുള്ളതായിരുന്നു. ഇവയ്‌ക്കെല്ലാം പുറമെ ഗസ്റ്റ് ഹൗസുകള്‍, ആഴ്ചയില്‍ ഏഴു ദിവസവും പ്രവര്‍ത്തിക്കുന്ന കേരളാ സ്‌റ്റൈലില്‍ ഭക്ഷണം നല്‍കുന്ന റെസ്റ്റോറന്റുകളും, കാഫെറ്റേരിയ, മുഴുവന്‍ സമയവും ഡോക്ടര്‍മാരുള്ള ക്ലിനിക്കുകള്‍.


റിട്ടയര്‍മെന്റിന്റെ പടിവാതില്‍ക്കല്‍ എത്തിയിരുന്ന രണ്ടും മൂന്നും ജോലി ചെയ്തു മടുത്ത കേരള ക്രിസ്ത്യാനികളില്‍ പലരും കേട്ടപാതി ഈ പ്രസ്ഥാനത്തില്‍ പണം മുടക്കി ഓരോ സ്റ്റോക്ക് വാങ്ങി. സാധാരണ സ്റ്റോക്ക് അല്ലെന്നും പ്രിഫേര്‍ഡ് സ്റ്റോക്ക് ആണെന്നും ഓര്‍ക്കണം. കൂടുതല്‍ ഓഹരികള്‍ വാങ്ങാനുള്ള വ്യവസ്ഥ കമ്പനിയില്‍ ഉണ്ടായിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി എന്ന് ഊഹിക്കാമല്ലോ.


2005ല്‍ തന്നെ പ്രോസ്‌പെക്ടസില്‍ പറഞ്ഞിരുന്നതുപോലെ ടെക്‌സാസിലെ റോയിസ് സിറ്റിയില്‍ 432 ഏക്കര്‍ സ്ഥലം രണ്ടേമുക്കാല്‍ മില്യന്‍ ഡോളര്‍ റെഡി ക്യാഷ് കൊടുത്ത് വാങ്ങിയതായി പ്രസ്ഥാനത്തിന്റെ അമരക്കാരനും പ്രസിഡന്റുമായ ഫാ. വര്‍ഗീസ് പുത്തൂര്‍കുടിലിന്റെ ഒരു റിപ്പോര്‍ട്ടില്‍ കാണുന്നു. മെമ്പര്‍മാര്‍ അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളില്‍ ഉള്ളവരായതിനാല്‍ ആര്‍ക്കും ആരെയും പരസ്പരം അറിയാന്‍ കഴിഞ്ഞില്ല. എല്ലാവരും ഏതു തരക്കാരാണെന്നു അറിയാവുന്ന ഏതാനും ചിലര്‍ മാത്രം.


ടെക്‌സാസിന്റെ ഹൃദയ ഭാഗത്ത് ഒരു മിനി കേരളം എന്ന വാര്‍ത്ത കൈരളി ടിവിയിലൂടെയും, ട്വിറ്റര്‍, ഫേസ്ബുക്ക്, മറ്റു മലയാളം പത്രങ്ങളിലുമെല്ലാം വാര്‍ത്ത കണ്ടവര്‍ കമ്പനിയുടെ ഒരു ഷെയര്‍ കിട്ടാന്‍വേണ്ടി നെട്ടോട്ടമോടിയത് പലരും ഇപ്പോള്‍ മറന്നുകാണും.


'ഹൗസിംഗ് ഫോര്‍ ഓള്‍ഡര്‍ പേഴ്‌സണ്‍സ് ആക്ട് 1955'ന്റെ മറവില്‍ 55 വയസിനുമേല്‍ പ്രായമുള്ളവര്‍ക്കുവേണ്ടിയുള്ള റിട്ടയര്‍മെന്റ് കമ്യൂണിറ്റി എന്ന പേരിലാണ് വാര്‍ത്തകള്‍ 2006 മുതല്‍ 2013 വരെ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരുന്നത്.


റിട്ടയര്‍മെന്റിനോടനുബന്ധിച്ച് ഫിഷിങ്ങ്, ഫാമിങ്ങ്, സൈറ്റ് സീയിംഗ് ടൂറിനുള്ള സംവിധാനങ്ങള്‍, ചാരിറ്റബിള്‍ ആക്ടിവിറ്റീസ്, മ്യൂസിക്, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് വര്‍ക്കുകള്‍, സ്വിമ്മിംഗ് പൂളുകള്‍ ഇത്രയും കണ്ടപ്പോള്‍ ഈ ലേഖകനും ആ പ്രസ്ഥാനത്തില്‍ ഒരു ഷെയര്‍ എടുത്താല്‍ കൊള്ളാമെന്ന മോഹമുണ്ടായി. നിരവധി പേര്‍ 25,000ന്റെ ഷെയറുകള്‍ നല്ല വിലയ്ക്ക് മറിച്ചുവിറ്റ് രക്ഷപെട്ടതായി പിന്നീടറിഞ്ഞു. മന്‍ഹാട്ടനിലുള്ള റിട്ടയര്‍ ചെയ്ത നേഴ്‌സിന്റെ കൈവശം ഒരു ഷെയര്‍ കൊടുക്കാനുണ്ടെന്നും അത് എനിക്ക് വാങ്ങിത്തരുമെന്നും പറഞ്ഞാണ് കമ്പനിയുടെ സെയില്‍സ് മാനേജര്‍ എന്നെ സമീപിച്ചത്. അങ്ങനെ ഒരു ഷെയര്‍ മറിച്ചുവിറ്റാല്‍ അതിന്റെ ഇടയില്‍ നില്‍ക്കുന്നവര്‍ക്കുവരെ നല്ല കമ്മീഷന്‍ കൊടുത്തിരുന്ന കാലത്ത്, 2011ലാണ് ഞാന്‍ ഷെയര്‍ വാങ്ങിയത്. സ്ഥിരമായി ജോലി ഇല്ലായിരുന്ന ഞാന്‍ റിട്ടയര്‍മെന്റിലേക്ക് മാറ്റിയിട്ടിരുന്ന ഐ.ആര്‍.എയില്‍ കിടന്ന തുക പത്തുശതമാനം പെനാല്‍റ്റി കോടുത്താണ് പണം കൊടുത്തതെന്നോര്‍ക്കണം. അതും നല്ല ഒരു നാളയെ സ്വപ്നം കണ്ടുകൊണ്ട്. അത്ര മോഹനസുന്ദര വാഗ്ദാനങ്ങളാണ് എനിക്ക് ലഭിച്ചത്.


2011 ല്‍ ഞാനും കേരളാ ക്രിസ്ത്യന്‍സ് അഡള്‍ട്ട് ഹോംസ് ഇന്‍ കോര്‍പറേഷനില്‍ ഓഹരി ഉടമയായി. അന്നത്തെ ടാക്‌സ് പേപ്പര്‍ അനുസരിച്ച് 25,000 ഡോളറിനടുത്ത് വില രേഖപ്പെടുത്തിയിരുന്ന എന്റെ ഷെയറിന്റെ വില കുത്തനെ കുറഞ്ഞുപോകുന്നതായി കാണാന്‍ കഴിഞ്ഞു. കമ്പനിയുടെ നടത്തിപ്പുകാരായ ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാരോട് തിരക്കിയപ്പോള്‍ അത് ടാക്‌സ് ഗവണ്‍മെന്റിനു കൊടുക്കാതിരിക്കാനുള്ള തന്ത്രമാണെന്ന മറുപടിയാണ് കിട്ടിയത്. ഞാന്‍ വസ്തു ഉടമയാണെന്നും എന്റെ വീതത്തിലുള്ള സ്ഥലത്തിന് ഞാന്‍ കൊടുത്തിരിക്കുന്ന തുകയുടെ നാലിരട്ടി വിലയുണ്ടെന്നും പറഞ്ഞാല്‍ ആരാണ് വിശ്വസിക്കാത്തത്. മറ്റു പലരേയും പോലെ ഞാനും വൈദീകരേയും അവരുടെ സില്‍ബന്തികളേയും അന്ധമായി വിശ്വസിച്ചു എന്നു പറയാം.


2017 ല്‍ ആണ് കമ്പനിയുടെ സ്ഥലം മൊത്തം മുന്‍ ഡയറക്ടര്‍മാരായിരുന്ന ചിലര്‍ സ്വന്തം പേരില്‍ ആക്കി, കുറെ സ്ഥലം വിറ്റ് കാശാക്കി വീടുകള്‍ വരെ വെച്ചു എന്നുള്ള സംഭവം അറിയുന്നത്. ഇത്രയും ആയപ്പോള്‍ വെറുതെ ഇരുന്നിട്ട് കാര്യമില്ലെന്ന് മനസിലാക്കിയ ഞാന്‍ തന്നെ രംഗത്തിറങ്ങി. മെമ്പര്‍മാര്‍ ഒറ്റക്കെട്ടായി സംഘടിച്ച് 2017 ഡിസംബര്‍ രണ്ടാം തീയതി നടന്ന പൊതുയോഗത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ ഞാനും, ഞാന്‍ നോമിനേറ്റ് ചെയ്തവരും പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടു.


'ഹൗസിംഗ് ഫോര്‍ ഓള്‍ഡര്‍ പേഴ്‌സണ്‍സ്' എന്ന പേരില്‍ സാമ്പത്തിക സഹായം കിട്ടിയ പ്രസ്ഥാനം ഒരു തുണ്ട് ഭൂമി പോലും യഥാര്‍ത്ഥ ഉടമകള്‍ക്ക് കൊടുക്കാതെ മുഴുവനും അടിച്ചെടുത്ത മുന്‍ ഡയറക്ടര്‍മാര്‍ ഇത്രയും വലിയ വഞ്ചകരാണെന്ന് പ്രായമായ കേരള ക്രിസ്ത്യാനികള്‍ കരുതിയില്ല. അതും ദൈവത്തിന്റെ പേരില്‍ തുടങ്ങിയ പ്രസ്ഥാനം.


2017 ഡിസംബര്‍ രണ്ടിനു നടന്ന പൊതുയോഗത്തില്‍ അവതരിപ്പിച്ചത് ഓഡിറ്റ് ചെയ്യാത്ത കണക്കുകളായിരുന്നു. ആകെ ഒരു ബാങ്ക് അക്കൗണ്ട് വെല്‍സ് ഫാര്‍ഗോ എന്ന ബാങ്കില്‍ ഉള്ളതില്‍ 383 ഡോളര്‍ മാത്രം ബാക്കി. കൂടാതെ ഒരു മില്യന്‍ ഡോളറോളം കമ്പനിക്ക് ബാധ്യതയുള്ളതായി ഒരു കണക്കും. മെമ്പര്‍മാര്‍ കൊടുത്തിരിക്കുന്ന പണംവരെ കണക്കില്‍ കാണാന്‍ കഴിഞ്ഞില്ല. കേരളാ ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോംസ് ഇന്‍ കോര്‍പറേഷന്‍ എന്ന പ്രസ്ഥാനത്തെ കെ.സി.എ.എച്ച് എല്‍.എല്‍.സി എന്ന പേരിലുള്ള ഒരു നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ ആണെന്നു കാണിച്ച് മൊത്തം സ്ഥലവും, മെമ്പര്‍മാര്‍ കൊടുത്ത മുഴുവന്‍ പണവും അടിച്ചുമാറ്റാന്‍ ഇക്കൂട്ടര്‍ക്ക് എങ്ങനെ മനസുണ്ടായി എന്ന് ചിന്തിച്ചുനോക്കിയാല്‍ ഇക്കൂട്ടര്‍ക്ക് ശിക്ഷ മനുഷ്യര്‍ക്ക് കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സാക്ഷാല്‍ ദൈവം തന്നെ കൊടുക്കും എന്ന് ഒരു ക്രിസ്ത്യാനിയായ ഞാന്‍ വിശ്വസിക്കുന്നു.


ഏതായാലും നല്ലവരായ ചില മെമ്പര്‍മാരുടെ സഹായത്തില്‍ കമ്പനിയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് എന്ന നിലയ്ക്കും, സത്യത്തിനും നീതിക്കും വേണ്ടി പോരാടുന്ന ഒരു വ്യക്തി എന്ന നിലയ്ക്കും കമ്പനിയുടെ മുന്‍ ഡയറക്ടറായി 2014 മുതല്‍ 2017 മെയ് മാസം വരെ ഉണ്ടായിരുന്ന ജോഷി ഏബ്രഹാം എന്ന സമ്പന്നനായ മനുഷ്യന്‍ കമ്പനിയുടെ 179 ഏക്കര്‍ ഡെവലപ് ചെയ്ത സ്ഥലത്തിനു പുറമെ കമ്പനിയുടെ പണം ഉപയോഗിച്ച് രണ്ടു വീടുകള്‍ നിര്‍മ്മിക്കുകയും 600,000 (ആറു ലക്ഷം) ഡോളറോളം പലിശയിനത്തില്‍ കമ്പനിയില്‍ നിന്നും മോഷ്ടിച്ചയാള്‍ക്കെതിരേ ടെക്‌സാസിലുള്ള ഫിനി തോമസ് എന്ന അറ്റോര്‍ണിയെക്കൊണ്ട് കേസ് ഫയല്‍ ചെയ്തു. സമ്പന്നനായ ജോഷി ഏബ്രഹാം ടെക്‌സാസിലെ വലിയ ലോ ഫേമും ആയി ബന്ധപ്പെട്ട് എനിക്കെതിരേയും, എന്നോടൊപ്പം നിന്ന മറ്റ് അഞ്ച് ഡയറക്ടര്‍മാര്‍ക്കും, കമ്പനിക്കുമെതിരേ കൗണ്ടര്‍ കേസ് ഫയല്‍ ചെയ്തു. കേരളാ ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോംസ് എന്ന കമ്പനി ഒരു 'പോണ്‍സി സ്‌കീം' ആയിരുന്നുവെന്നും അയാളും ജോസഫ് ചാണ്ടി എന്ന ഒരു റിയല്‍ട്ടറും കമ്പനിയില്‍ പണം മുടക്കി ഇരകളായിത്തീര്‍ന്നതിനാല്‍ നഷ്ടപരിഹാരം കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അയാള്‍ കോടതിയില്‍ പരാതി ബോധിപ്പിച്ചത്.


ഇത്രയുമായപ്പോള്‍ എന്നോടൊപ്പം നിന്നിരുന്ന പല ഡയറക്ടര്‍മാരും എങ്ങനെയെങ്കിലും തലയൂരിയെടുത്താല്‍ മതി എന്ന നിലയിലെത്തി. ടെക്‌സാസ്‌കാരിയായ പ്രായമായ ഒരു വല്യമ്മയെ ആയിരുന്നു സെക്രട്ടറിയായി ഞാന്‍ നോമിനേറ്റ് ചെയ്തിരുന്നത്. അവര്‍ക്ക് സമന്‍സ് വന്നപ്പോള്‍ അവരുടെ ഭര്‍ത്താവ് ഭയന്ന് എന്നെ വിളിച്ച് ഭാര്യയെ ഒഴിവാക്കി കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. അതനുസരിച്ച് അവരുടെ രാജി ഞാന്‍ സ്വീകരിച്ച് കേസില്‍ നിന്നും ഊരിവിട്ടു.


ബാക്കി എന്നോടൊപ്പമുണ്ടായിരുന്ന നാലുപേരും എങ്ങനെയെങ്കിലും തലയൂരാന്‍ തക്കംപാര്‍ത്തിരുന്നു. ഒടുവില്‍ മലയാളി വക്കീല്‍ ഷോണ്‍ മക്കാഫിറ്റി എന്നു പേരുള്ള ഒരു വെള്ളക്കാരന്‍ വക്കീലിനെ കൊണ്ടുവന്നു. അയാളുടെ നിര്‍ദേശപ്രകാരം ഒരു റിസീവറെ വെച്ച് കമ്പനിയുടെ മൊത്തം സ്ഥലം മാറ്റിയത് തിരികെ പിടിക്കുന്നതിനും, കമ്പനിക്ക് കിട്ടാനുള്ള പണം വാങ്ങുക, കമ്പനിയുടെ കണക്കുകള്‍ ഒരു ഫോറന്‍സിക് അക്കൗണ്ടന്റിനെ വെച്ച് ഓഡിറ്റ് ചെയ്യിക്കുക, ആരൊക്കെയാണ് തട്ടിപ്പ് നടത്തിയത് എന്നു കണ്ടുപിടിച്ച് അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക എന്നിവയൊക്കെ ആയിരുന്നു മക്കാഫിറ്റി എന്ന വക്കീല്‍ എന്നേയും എന്നോടൊപ്പമുള്ള ഭാരവാഹികളേയും അറിയിച്ചത്. 2500 ഡോളര്‍ അയാള്‍ക്ക് ഫീസായി കൊടുക്കുകയും ബാക്കി തുക കേസ് തീര്‍ന്നു കഴിയുമ്പോള്‍ കൊടുക്കാം എന്നതായിരുന്നു വ്യവസ്ഥ.


അങ്ങനെ ഒരു റീസീവറെ വയ്ക്കണമെന്ന് ഞാനും എന്നോടൊപ്പം ജോസഫ് ജോണ്‍, അമ്മിണി മാത്യു, ആനി ഏബ്രഹാം എന്നീ മൂന്നു ഓഹരി ഉടമകളും കോടതിയോട് ആവശ്യപ്പെട്ട പ്രകാരം നിയമിച്ചതാണ് കെവിന്‍ മക്കുള എന്ന വെള്ളക്കാരനായ റിസീവര്‍.


വാസ്തവത്തില്‍ ഷോണ്‍ മക്കഫിറ്റി ആയിരിക്കേണ്ടതാണ് കെ.സി.എ.എച്ചിന്റെ കേസ് കൈകാര്യം ചെയ്യേണ്ട വക്കീല്‍. പക്ഷെ, കോടതിയുടെ അനധികൃതമായ ഇടപെടല്‍ മൂലമോ, ജോഷി ഏബ്രഹാമിന്റെ വക്കീലന്മാരുടെ സ്വാധീന ശക്തികൊണ്ടോ, അതുമല്ലെങ്കില്‍ റിസീവറുടെ ഇടപെടലുകൊണ്ടോ ഒരുപക്ഷെ പ്രായമായ എതിരാളികള്‍ ശക്തരല്ലെന്ന് മനസിലാക്കിയതുകൊണ്ടോ മക്കാഫിറ്റിയെ മാറ്റി റിസീവര്‍ അയാളുടെ വെള്ളക്കാരിയായ അഭിഭാഷകയെ കെ.സി.എ.എച്ചിനുവേണ്ടി കോടതിക്കാര്യങ്ങള്‍ക്കുവേണ്ടി നിയോഗിച്ചു. എന്നുതന്നെയല്ല, കമ്പനിയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ സാക്ഷിപ്പട്ടികയില്‍ പോലും ഉള്‍പ്പെടുത്താതെ സെക്രട്ടറിയായിരുന്ന നൈനാന്‍ കുഴിവേലില്‍ എന്ന ഡയറക്ടറെ ആക്ടിംഗ് പ്രസിഡന്റ് ആക്കി എടുത്ത് കോടതിയില്‍ കള്ളസാക്ഷി രേഖപ്പെടുത്തി.


ഇതിനിടെ റിസീവര്‍ ജോഷി ഏബ്രഹാമുമായി ചേര്‍ന്ന്, മെമ്പര്‍മാരോ, തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റോ അറിയാതെ രഹസ്യമായി ഒരു സെറ്റില്‍മെന്റ് എഗ്രിമെന്റ് ഉണ്ടാക്കി. പ്രസ്തുത സെറ്റില്‍മെന്റ് മെമ്പര്‍മാരെ വഞ്ചിക്കുന്നവിധത്തില്‍ ആണെന്നു മനസിലാക്കി കമ്പനിയുടെ പ്രസിഡന്റ് എന്ന നിലയ്ക്ക് ഞാനും എന്നോടൊപ്പം 60ല്‍പ്പരം മെമ്പര്‍മാരും എതിര്‍ത്ത് കോടതിയില്‍ പരാതി സമര്‍പ്പിച്ചിട്ടും, ഞാനും, മറ്റ് മെമ്പര്‍മാരും വെറും വിലയില്ലാത്ത ഷെയര്‍ ഹോള്‍ഡര്‍മാരാണെന്നും, ജോഷിയും, സ്ഥലം കൈക്കലാക്കിയവരും യഥാര്‍ത്ഥ ഇന്‍വെസ്റ്റര്‍മാരാണെന്നും റിസീവര്‍ കോടതിയെ ധരിപ്പിച്ചു. വെള്ളക്കാരനായ റിസീവറും അയാളുടെ വെള്ളക്കാരിയായ അഭിഭാഷകയും പഴയ ബ്രിട്ടീഷുകാരുടെ തന്ത്രം കേരള ക്രസ്ത്യാനികളുടെ ഇടയില്‍ പ്രയോഗിച്ചു. അതായത് 'ഭിന്നിപ്പിക്കുക ഭരിക്കുക' എന്ന തന്ത്രം.


ഇപ്പോള്‍ റിസീവറുടെ വഞ്ചനയില്‍പ്പെട്ട ഞാനും, എന്നോടൊപ്പമുള്ള അല്‍പം വിവരമുള്ള ഓഹരി ഉടമകളും എഫ്.റ്റി.സി, എഫ്.ബി.ഐ, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റീസ് എന്നീ ഓഫീസുകളുമായി ബന്ധപ്പെട്ട് ക്രിമിനല്‍ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.


പ്രായമായ വിധവകളുടേയും, നിരാശ്രയരുടേയും പണം വാങ്ങി നടത്തിയ ഈ വന്‍ തട്ടിപ്പ് ഒരു വ്യക്തി എന്ന നിലയ്ക്ക് എനിക്കു മാത്രം കൈകാര്യം ചെയ്യാന്‍ പറ്റാത്തതിനാല്‍ ഞാന്‍ ഒരു ചാര്‍ട്ടേര്‍ഡ് ഫൈനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റിന്റെ സഹായത്തോടെ സാധാരണക്കാര്‍ക്ക് കണ്ടുപിടിക്കാന്‍ വിഷമമുള്ള ഈ തട്ടിപ്പ് കണ്ടുപിടിക്കാനുള്ള ശ്രമം ആരംഭിച്ചു. ദീര്‍ഘനാളത്തെ പരിശ്രമഫലമായി താഴെപ്പറയുന്ന സത്യങ്ങള്‍ ഞങ്ങള്‍ കണ്ടെത്തി.


1). കേരള ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോംസ് ഇന്‍ കോര്‍പറേഷന്‍ എന്ന കമ്പനി 2004 ഡിസംബര്‍ 17ന് ന്യൂജേഴ്‌സിയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു 'ഡൊമസ്റ്റിക് പ്രോഫിറ്റ് കോര്‍പറേഷന്‍' ആണ്. പ്രസ്തുത കമ്പനിയുടെ പ്രൊസ്‌പെക്ടസ് പ്രകാരം 150 'പ്രിഫേര്‍ഡ് സ്റ്റോക്ക്' ഷെയറുകള്‍ ഓഹരി ഒന്നിന് 25,000 (ഇരുപത്തയ്യായിരം) ഡോളര്‍ വെച്ച് വില്‍ക്കുമെന്ന് കമ്പനി പ്രൊസ്‌പെക്ടസ് വഴിയും മറ്റ് നോട്ടീസുകള്‍ വഴിയും പബ്ലിക്കിന്റെ മുന്നില്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും 150 ഷെയറുകള്‍ വിറ്റതായും കണ്ടുപിടിക്കാന്‍ കഴിഞ്ഞു.


2). കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് 317 സ്പ്രൂസ് സ്ട്രീറ്റ്, ബൂണ്‍ടണ്‍, ന്യൂജേഴ്‌സി 07005 എന്ന അഡ്രസിലായിരുന്നു. കമ്പനിയുടെ സെക്രട്ടറി കുര്യന്‍ ഏബ്രഹാമിന്റെ താമസ സ്ഥലവും, കമ്പനിയുടെ ഓഫീസും അതുതന്നെയായിരുന്നു.


3). കുര്യന്‍ ഏബ്രഹം എന്ന വ്യക്തി ന്യൂജേഴ്‌സി ഗവണ്‍മെന്റ് റിക്കാര്‍ഡുകള്‍ പ്രകാരം ചില സാമ്പത്തിക തിരിമറികളില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തി ആണെന്നും കാണാന്‍ കഴിഞ്ഞു. ഇത്തരത്തിലുള്ള ഒരു വ്യക്തി നിയമപ്രകാരം ഒരു കമ്പനിയുടെ ഡയറക്ടറായിരിക്കാന്‍ പാടുള്ളതല്ല.


4). കുര്യന്‍ ഏബ്രഹാം സെക്രട്ടറിയായിട്ടുള്ള കമ്പനിയുടെ അഡ്രസില്‍ 150 'പ്രിഫേര്‍ഡ് ഷെയറുകള്‍' വിറ്റയിനത്തില്‍ മുന്നേമുക്കാല്‍ മില്യന്‍ ഡോളര്‍ (3.75 മില്യന്‍ ഡോളര്‍) കിട്ടിയിട്ടുള്ളതായി കാണുന്നു.


5). കമ്പനിയുടെ പ്രൊസ്‌പെക്ടസില്‍ ഷെയര്‍ ഉടമകള്‍ എല്ലാവര്‍ക്കും കമ്പനിയില്‍ തുല്യ ഉടമസ്ഥാവകാശം ഉണ്ടായിരിക്കുമെന്നും, ഒരു കുടുംബത്തിന് ഒരു ഷെയര്‍ മാത്രമേ പാടുള്ളു എന്നും പ്രത്യേകം പറഞ്ഞിരുന്നു. പക്ഷെ അയാളുടെ അന്വേഷണത്തില്‍ ഒരു ഷെയര്‍ ഹോള്‍ഡര്‍ക്ക് കെ.സി.എ.എച്ച് ഇന്‍ കോര്‍പറേഷന്റെ 25 ഷെയറുകള്‍ സെക്രട്ടറി കുര്യന്‍ ഏബ്രഹാമും, കമ്പനിയുടെ പ്രസിഡന്റ് ഫാ. ഗീവര്‍ഗീസ് പുത്തൂര്‍കുടിലും ഒപ്പിട്ട് അയച്ചുകൊടുത്തിട്ടുള്ളതായി കാണാന്‍ കഴിഞ്ഞു. ഇതില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത് കേരളാ ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോംസിന്റെ പ്രൊസ്‌പെക്ടസില്‍ പറഞ്ഞിരിക്കുന്നതിനു വിരുദ്ധമായി ഷെയര്‍ ഉടമകള്‍ അറിയാതെ കൃത്രിമങ്ങള്‍ തുടക്കത്തില്‍തന്നെ നടന്നിട്ടുള്ളതായി കാണാം. സാധാരണക്കാര്‍, പ്രത്യേകിച്ച് അതിവിദഗ്ധനായ റിസീവര്‍ക്ക് പോലും കണ്ടെത്താന്‍ കഴിയാത്ത കൃത്രിമം ക്രമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്തുന്ന ഓഫീസറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഒരുപക്ഷെ ഇതേപ്പറ്റി അറിവുള്ളതിനാലായിരിക്കണം മുന്‍ ഡയറക്ടര്‍ ജോഷി ഏബ്രഹാം കെ.സി.എ.എച്ച് തുടക്കത്തില്‍ തന്നെ ഒരു 'പോണ്‍സി സ്‌കീം' ആണെന്നു പറയാന്‍ കാരണമെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു.


6). കമ്പനിയുടെ ഓപ്പറേറ്റിംഗ് എഗ്രിമെന്റ് ഇതേവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. തുല്യ ഉടമകളായ ഓഹരി ഉടമകള്‍ക്ക് കമ്പനിയുടെ ഓപ്പറേറ്റിംഗ് എഗ്രിമെന്റ് നല്കിയിരിക്കേണ്ടതാണ് എന്ന് കണ്‍സള്‍ട്ടന്റ് കണ്ടെത്തി.


7). കമ്പനിയുടെ പ്രോസ്‌പെക്ടസില്‍ ഓഹരി ഉടമകളുടെ ജനറല്‍ബോഡി യോഗം ഓരോ വര്‍ഷവും കൂടേണ്ടതാണെന്നും, വോട്ടെടുപ്പിലൂടെ ഭൂരിപക്ഷം ലഭിക്കുന്നവര്‍ ആയിരിക്കണം കമ്പനിയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ആയിരിക്കേണ്ടതെന്നും കമ്പനിയുടെ നടത്തിപ്പുകാര്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ആയിരിക്കേണ്ടതാണെന്നും പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.


8). ഓരോ കമ്പനികളുടേയും ഓപ്പറേറ്റിംഗ് എഗ്രിമേന്റില്‍ പറഞ്ഞിരിക്കുന്നതനുസരിച്ചായിരിക്കണം ശമ്പളം മുതലായ പ്രധാനപ്പെട്ട കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടതും, അതുപോലെ തന്നെ ഓരോ വര്‍ഷവും കമ്പനിയുടെ വരവ് ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്ത് ജനറല്‍ബോഡിയില്‍ അവതിപ്പിച്ച് പാസേക്കണ്ടതുമാണ്. പക്ഷെ, കേരളാ ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോംസ് ഇന്‍ കോര്‍പറേഷന്‍ എന്ന കമ്പനി പിരിച്ചെടുത്ത മുന്നേമുക്കാല്‍ മില്യന്‍ ഡോളര്‍ ഏതു ബാങ്കില്‍ നിക്ഷേപിച്ചു എന്നോ പ്രസ്തുത തുക ഉപയോഗിച്ച് എന്തു ചെയ്തു എന്നോ ഒരിടത്തും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. കമ്പനിയുടെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ ജനറല്‍ബോഡി കൂടി അവതരിപ്പിച്ചിട്ടുപോലുമില്ല. കേരളാ ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോംസ് ഇന്‍ കോര്‍പറേഷന്‍ എന്ന കമ്പനിയുടെ പ്രമോട്ടര്‍മാരും, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും കമ്പനിയുടെ കാര്യത്തില്‍ തുടക്കത്തില്‍ തന്നെ ഗൗരവമായ വീഴ്ചകള്‍ വരുത്തി എന്ന് കണ്‍സള്‍ട്ടന്റ് കണ്ടെത്തി.


9) കരളാ ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോംസ് ഇന്‍ കോര്‍പറേഷന് പല പ്രൊജക്ടുകള്‍ ഉണ്ടായിരിക്കുമെന്നും, അതില്‍ ആദ്യത്തെ പ്രൊജക്ട് ആണ് ടെക്‌സാസിലെ റോയിസ് സിറ്റിയിലുള്ള 430ല്‍പ്പരം ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിക്കുന്ന അഡള്‍ട്ട് കമ്യൂണിറ്റി സെന്റര്‍ എന്ന് പ്രോസ്‌പെക്ടസില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാമത്തെ പ്രൊജക്ടിന്റെ ഭാഗമായി നേഴ്‌സിംഗ് ഹോം, അസ്സിസ്റ്റഡ് ലിവിങ്ങ് മുതലായവയും മറ്റ് ക്ഷേമകാര്യങ്ങള്‍ക്കുവേണ്ട എല്ലാ സൗകര്യങ്ങളും ഓഹരി ഉടമകള്‍ക്ക് ചെയ്തുകൊടുക്കും എന്നും പറഞ്ഞിട്ടുണ്ട്.


10). 2004 കാലഘട്ടത്തില്‍ റോയിസ് സിറ്റിയില്‍ സ്ഥലത്തിന് ഏക്കറിന് ആയിരം ഡോളര്‍ പോലും വിലയില്ലായിരുന്നപ്പോള്‍ 430 ഏക്കര്‍ സ്ഥലത്തിന് രണ്ടേമുക്കാല്‍ മില്യന്‍ ഡോളറോളം മുടക്കി എന്ന് പ്രസിഡന്റ് പുത്തൂര്‍കുടിലിന്റെ ഒരു പ്രസ്താവനയില്‍ കാണുന്നു എങ്കിലും അത്രയ്ക്ക് വലിയ തുക കമ്പനിയുടെ ഏത് അക്കൗണ്ടില്‍ നിക്ഷേപിച്ചു എന്നോ, സ്ഥലം വാങ്ങിയതിനു എത്ര തുക കൊടുത്തു എന്നോ ഓഡിറ്റ് ചെയ്ത കണക്കുകള്‍ കേരളാ ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോംസ് ഇന്‍ കോര്‍പറേഷന്റെ ജനറല്‍ബോഡി കൂടി അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഇതില്‍ നിന്നും കമ്പനിയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് കമ്പനി നിയമത്തിനു വിരുദ്ധമായി തുടക്കം മുതല്‍ക്കേ പ്രവര്‍ത്തിച്ചിരുന്നു എന്നു കാണാം.


11). കമ്പനി ആവശ്യത്തിന് റോയിസ് സിറ്റിയില്‍ വാങ്ങിയ സ്ഥലത്തില്‍ 150 ഏക്കറോളം ഉപയോഗയോഗ്യമല്ലാത്ത 'ഫ്‌ളഡ് സോണില്‍'പ്പെട്ട സ്ഥലമാണെന്നു കാണുന്നു. അത്തരത്തില്‍ വില കുറഞ്ഞ സ്ഥലത്തിനു കൊടുത്ത തുകയുടെ കണക്കുകള്‍ നിര്‍ബന്ധമായും ഓഡിറ്റ് ചെയ്യേണ്ടതാണ്. കോടതി വഴി നിയുക്തനായ റിസീവര്‍ പോലും ഈവക കാര്യങ്ങള്‍ അന്വേഷിക്കാന്‍ മെനക്കെട്ടില്ലഎന്ന് കണ്‍സള്‍ട്ടന്റ് കണ്ടെത്തി.


12). കേരളാ ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോംസിന്റെ പ്രമോട്ടര്‍മാരും, ഡയറക്ടരുമാരുമെല്ലാം വന്‍തോതില്‍ കമ്പനിയില്‍ നിന്നും വേതനമല്ലാത്ത പ്രതിഫലം (ഓണറ്റേറിയം), ശമ്പളം, മറ്റ് അലവന്‍സുകള്‍ എന്നിവ ഓഹരി ഉടമകളുടെ അറിവോ സമ്മതമോ ഇല്ലാതെ എടുത്തിട്ടുള്ളതായും കാണുന്നു. ഈവക കാര്യങ്ങള്‍ കമ്പനി നിയമത്തിനെതിരാണ്.


13). കേരളാ ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോംസ് ഇന്‍ കോര്‍പറേഷന്‍ തുടങ്ങുന്നതിനു മുമ്പു തന്നെ കമ്പനിയടെ പ്രമോട്ടര്‍മാര്‍ റോയിസ് സിറ്റിയില്‍ നിസാര വിലയ്ക്ക് സ്ഥലം വാങ്ങി യാതൊരു ഡവലപ്‌മെന്റും ചെയ്യാതെ പ്രസ്തുത സ്ഥലം കമ്പനിക്ക് കൂടിയ വിലയ്ക്ക് മറിച്ചുകൊടുത്തതായി കാണുന്നു. ഇത്തരത്തിലുള്ള നടപടിക്ക് 'ഇന്‍സൈഡര്‍ ഫ്‌ളിപ്പിംഗ്' എന്നു പറയും. ഇത് ഗൗരവമുള്ള കുറ്റമാണ്. അതോടൊപ്പം ഡെവലപ് ചെയ്ത സ്ഥലവും, നിര്‍മ്മിച്ച വീടുകളും മുന്‍ ഡയറക്ടര്‍മാര്‍ ന്യായമായ വിലപോലും കമ്പനിക്ക് കൊടുക്കാതെ അവരുടെ പേരിലേക്ക് മാറ്റി.


14). കേരളാ ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോംസ് ഇന്‍ കോര്‍പറേഷന്‍ ജനറല്‍ പാര്‍ട്ട്ണറാക്കി കേരളാ ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോംസ് 1, എല്‍.പി; കേരളാ ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോംസ് 1, എല്‍.എല്‍.സി എന്നീ പേരുകളില്‍ രണ്ട് ജനറല്‍ പാര്‍ട്ട്ണര്‍ഷിപ്പ് കമ്പനികള്‍ കമ്പനിയുടെ ഓഹരി ഉടമകളുടെ അറിവോ, സമ്മതമോ ഇല്ലാതെ മുന്‍ ഡയറക്ടര്‍മാര്‍ ഉണ്ടാക്കിയതായും ഇവയ്ക്കു പുറമെ കേരളാ ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോംസ്, എല്‍.എല്‍.സി എന്ന പേരില്‍ മറ്റൊരു കമ്പനിയും ഉണ്ടാക്കിയതായി കാണുന്നു. ഈ കമ്പനികള്‍ക്കെല്ലാം ഉപയോഗിച്ചിരിക്കുന്നത് കേരളാ ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോംസ് ഇന്‍ കോര്‍പറേഷന്റെ ഫെഡറല്‍ ഐ.ഡിയും പേരും ആണ്. ഓഹരി ഉടമകളായ പ്രായമായവരെ വഞ്ചിക്കുന്ന വിധത്തില്‍ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ കൃത്രിമ മാര്‍ഗ്ഗങ്ങളിലൂടെ അജണ്ടയോ, പരിപാടികളോ ഇല്ലാതെ ബ്ലാങ്ക് പ്രോക്‌സികള്‍ അയച്ചുകൊടുത്ത് ഓഹരി ഉടമകളുടെ ഒപ്പു വാങ്ങി കൃത്രിമ മാര്‍ഗ്ഗത്തിലൂടെയാണ് മുന്‍ ഡയറക്ടര്‍മാര്‍ തീരുമാനങ്ങളെടുത്തിരുന്നത് എന്നു കണ്ടെത്തി.


15). കമ്പനിയുടെ പ്രൊസ്‌പെക്ടസില്‍ പറഞ്ഞിരിക്കുന്ന പ്രകാരം 'പ്രിഫേര്‍ഡ് സ്റ്റോക്ക്' ഷെയറുകള്‍ക്ക് പകരം മറ്റു ഷെയറുകളാണ് നല്‍കിയിരിക്കുന്നതെങ്കില്‍ അത് മറ്റൊരു കുറ്റമാണ്.


16). കമ്പനിയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന്റേയും, മറ്റ് മൂന്നു പരാതിക്കാരുടേയും ആവശ്യപ്രകാരമാണ് കോടതിയുടെ ഉത്തരവനുസരിച്ച് റിസീവര്‍ നിയുക്തനായത്. അവരുടെ പരാതികള്‍ കേള്‍ക്കാതെ, അവരുടെ സത്യവാങ്മൂലം എടുക്കാതെ, കമ്പനിയുടെ പണവും സ്ഥലവും തട്ടിയെടുത്ത മുന്‍ ഡയറക്ടര്‍മാരുടെ മാത്രം സത്യവാങ്മൂലം എടുത്ത്, പലരേയും സാക്ഷിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ റിസീവര്‍ ശ്രമിച്ചതായി കാണുന്നു. റിസീവര്‍ പക്ഷാഭേദം കാണിച്ചതിനു തെളിവാണിത്.


17). റിസീവര്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ കേരളാ ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോംസ് ഇന്‍ കോര്‍പറേഷന്‍, കേരളാ ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോംസ് 1, എല്‍.പി; കേരളാ ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോംസ് 1, എല്‍.എല്‍.സി എന്നീ മൂന്ന് കമ്പനികളെപ്പറ്റി പരാമര്‍ശിക്കുകയോ, കമ്പനിയുടെ ഓഡിറ്റ് ചെയ്ത കണക്കുകളോ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. കൂടാതെ 20ല്‍പ്പരം ബാങ്ക് അക്കൗണ്ടുകള്‍ കമ്പനി ഒരേ ടാക്‌സ് ഐ.ഡി ഉപയോഗിച്ച് പല കമ്പനികളുടെ പേരില്‍ ഓപ്പറേറ്റ് ചെയ്തിരിക്കുന്നതായി കണ്ടെത്തിയിട്ടു കൂടി അവ കോടതിയെ ധരിപ്പിക്കാന്‍ തയാറാകാതെ സ്ഥലവും പണവും മോഷ്ടിച്ചവര്‍ക്ക് കൂട്ടുനില്‍ക്കാന്‍ ശ്രമിക്കുകയാണ് റിസീവര്‍ ചെയ്തത്.


18). മെമ്പര്‍മാരില്‍ നിന്നും ഓഹരി വിറ്റയിനത്തില്‍ വാങ്ങിയ മൂന്നേമുക്കാല്‍ മില്യന്‍ ഡോളറിനു പുറമെ മറ്റ് വാഗ്ദാനങ്ങള്‍ നല്‍കി വാങ്ങിയ രണ്ട് മില്യനിലധികം തുക എന്താവശ്യത്തിന് വിനിയോഗിച്ചു എന്നു കണ്ടുപിടിക്കാന്‍ റിസീവര്‍ ശ്രമം നടത്തിയിട്ടില്ല.


19). ജനറല്‍ബോഡി തെരഞ്ഞെടുത്ത പ്രസിഡന്റിന്റെ ഡെപ്പോസിഷന്‍ എടുക്കാതെ മറ്റൊരു 'ഡമ്മി'യെ ആക്ടിംഗ് പ്രസിഡന്റാക്കി കൊണ്ടുവന്ന് റിസീവര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു.


പ്രധാനപ്പെട്ട പോയിന്റുകള്‍ ഇതിനോടകം അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക് കൈമാറിക്കഴിഞ്ഞു. ഇത്രയും വലിയ ഒരു വഞ്ചനയുടെ ചുരുളുകള്‍ അഴിയുന്നത് അമേരിക്കന്‍ മലയാളികളുടെ ചരിത്രത്തില്‍ ആദ്യമായാണ്.


കേസ് അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി കുറ്റക്കാരെ നീതിക്കുമുന്നില്‍ കൊണ്ടുവരാന്‍ പണം നഷ്ടപ്പെട്ട എല്ലാവരും അവരവര്‍ താമസിക്കുന്ന സ്റ്റേറ്റിലെ എഫ്.ബി.ഐ ഓഫീസില്‍ വിവരം അറിയിക്കുക.


കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടവര്‍ താഴെപ്പറയുന്നവരുമായി ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ പറഞ്ഞുതരുന്നതാണ്.


തോമസ് കൂവള്ളൂര്‍ (ന്യൂയോര്‍ക്ക്) 914 409 5772,

ദാനിയേല്‍ ജോര്‍ജ് (ഫ്‌ളോറിഡ) 407 217 5161,

ജയിംസ് കടവുങ്കല്‍ (ന്യൂയോര്‍ക്ക്) 718 219 1415,

ജോണ്‍ വര്‍ഗീസ് (ന്യൂയോര്‍ക്ക്) 516 974 4415,

ബാബുജി ജോര്‍ജ് (ന്യൂജേഴ്‌സി) 732 485 3387,

ജയിംസ് ജോസഫ് (ടെക്‌സാസ്) 469 226 8237,


പ്രായമായവരെ വഞ്ചനയ്ക്കിരയാക്കിവരെ രക്ഷിക്കാന്‍ ഈ രാജ്യത്ത് നിയമമുണ്ടെന്നു മനസിലാക്കുക പ്രായമായവരെ നിങ്ങള്‍ ഞങ്ങളോടൊപ്പം ചേരൂ. വിജയം സുനിശ്ചിതം. പ്രൊജക്ട് നമ്മുടേതാണെന്നോര്‍ക്കുക.

(തുടരും)


വാര്‍ത്ത അയച്ചത്: തോമസ് കൂവള്ളൂര്‍.



Other News in this category



4malayalees Recommends