ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഓണാഘോഷങ്ങള്‍ വര്‍ണ്ണശബളമായി ആഘോഷിച്ചു

ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഓണാഘോഷങ്ങള്‍ വര്‍ണ്ണശബളമായി ആഘോഷിച്ചു
ചിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഓണാഘോഷങ്ങള്‍ സംഘടിപ്പിച്ചു. ചിക്കാഗോ KCS ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഓണാഘോഷങ്ങളില്‍ നൂറു കണക്കിന് ആളുകള്‍ പങ്കെടുത്തു. അസോസിയേഷന്‍ പ്രസിഡണ്ട് സിബു കുളങ്ങരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, ഫൊക്കാനാ നാഷണല്‍ പ്രസിഡന്റ് ജോര്‍ജ്ജി വര്‍ഗ്ഗീസ് ആണ് മുഖ്യാഥിതിയായി പങ്കെടുത്ത് ആഘോഷങ്ങള്‍ ഉദാഘാടനം ചെയ്തത്. ചിക്കാഗോയുടെ മണ്ണില്‍ സ്തുത്യര്ഹവും സുതാര്യവുമായ സേവനങ്ങള്‍കൊണ്ട് ഏറെ പ്രശംസകള്‍ പിടിച്ചുപറ്റിയിട്ടുള്ള ഇല്ലിനോയി മലയാളി അസോസിയേഷന്റെ ഓണാഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ സാധിച്ചത് ഒരു വലിയ അവസരമായാണ് കാണുന്നത് എന്ന് ഉദ്ഘാടന സന്ദേശത്തില്‍ ശ്രീ ജോര്‍ജ്ജി വര്‍ഗ്ഗീസ് സൂചിപ്പിച്ചു. അമേരിക്കന്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുവാന്‍ നമ്മുടെ യുവജനങ്ങള്‍ക്ക് കരുത്തും തുണയും ആയി നമ്മുടെ സംഘടനകള്‍ പ്രവര്‍ത്തിക്കേണ്ട ആവശ്യകതെയെപ്പറ്റിയും യുവജനങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കികൊണ്ട് വിഭാവനം ചെയ്യുന്ന 2022 ലെ ഫൊക്കാന കണ്‍വെന്‍ഷന്റെ വിവരങ്ങളും അദ്ദേഹം പങ്കുവെച്ചു. ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ് , ഫൊക്കാന സെക്രട്ടറി സജി മോന്‍ ആന്റണി, ഫോമാ അഡ്വൈസര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങര, ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്ബു മാത്യു കുളങ്ങര എന്നിവര്‍ ആശംസകള്‍ അറിയിച്ചു പ്രസംഗിച്ചു.


അത്തപൂക്കളവും താലപ്പൊലിയും മാവേലിത്തമ്പുരാനും വിഭവ സമൃദമായ ഓണസദ്യയുമൊക്കെയായി ഇത്തവണത്തെ ഓണാഘോഷങ്ങള്‍ വര്ണശബളമായി. നയനമനോഹരമായ കലാപരിപാടികളും, ചെണ്ടമേളവും, സംഗീത സാന്ദ്രമായ മറ്റു കലാ പരിപാടികളും ഓണാഘോഷങ്ങളുടെ മാറ്റുകൂട്ടി. ചിക്കാഗോയിലെ യുവജനങ്ങള്‍ ചേര്‍ന്ന് സാമു തോമസിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച ലൈവ് ഓര്‍ക്കസ്ട്ര ഇത്തവണത്തെ ഓണത്തിന്റെ പ്രത്യേകതയായിരുന്നു.


മുന്‍ ഫൊക്കാന പ്രസിഡണ്ട് ശ്രീമതി മറിയാമ്മ പിള്ള, ചിക്കാഗോയിലെ മറ്റ് സംഘടനകളെ പ്രതിനിധീകരിച്ച് സ്റ്റീഫന്‍ കിഴക്കേക്കുറ്റ് (മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍), ഷാബു മാത്യു (ചിക്കാഗോ മലയാളി അസോസിയേഷന്‍), ആന്റോ കവലക്കല്‍ (കേരള അസോസിയേഷന്‍ ഓഫ് ചിക്കാഗോ) റവ. ഹാം ജോര്‍ജ്ജ് (ഓര്‍ത്തഡോക്‌സ് ഇടവക വികാരി), ഫൊക്കാനയുടെ മുന്‍ RVP ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, IMA യുടെ മുന്‍ ഭാരവാഹികള്‍ മറ്റു സംഘടനാ നേതാക്കന്മാര്‍ എന്നിവര്‍ക്കൊപ്പം നൂറുകണക്കിന് ആളുകള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു.


IMA കലാ പ്രതിഭ, കലാ തിലകം , സോക്കര്‍ ടൂര്‍ണമെന്റ് വിജയികള്‍ക്കും ഉള്ള ട്രോഫികളും നറുക്കെടുപ്പിലൂടെ സ്വര്‍ണ്ണ നാണയങ്ങളും വേദിയില്‍ വിതരണം ചെയ്തു. പ്രസിഡണ്ട് സിബു കുളങ്ങര, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജോയി പീറ്റേഴ്‌സ് ഇണ്ടിക്കുഴി, വൈസ് പ്രസിഡണ്ട് ഷാനി എബ്രഹാം, ട്രഷറര്‍ ജോസി കുരിശുങ്കല്‍, ജോയിന്റ് സെക്രട്ടറി ശോഭാ നായര്‍, ജോയിന്റ് ട്രഷര്‍ പ്രവീണ്‍ തോമസ്, ജോര്‍ജ് മാത്യു, തോമസ് ജോര്‍ജ് ജെസ്സി മാത്യു, അനില്‍കുമാര്‍ പിള്ളൈ, സാം ജോര്‍ജ് എന്നിവര്‍ വിവിധ കമ്മറ്റികള്‍ക്ക് നേതൃത്വം നല്‍കി. ശോഭാ നായരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വ്യത്യസ്തമായ താലപ്പൊലിയും, തിരുവാതിരയും അത്തപൂക്കളവും ഏറെ ശ്രദ്ധയാകര്‍ഷിച്ചു. റോയി മുളങ്കുന്നം എം സി ആയി ഉദ്ഘാടന സമ്മേളനവും ജെയിന്‍ മാക്കീല്‍ എം സി ആയി കലാപരിപാടികളും അച്ചടക്കത്തോടെയും സമയനിഷ്ഠതയോടെയും നിയന്ത്രിച്ചു. മുന്‍ പ്രസിഡണ്ട് ജോര്‍ജ്ജ് പണിക്കര്‍ സ്വാഗതവും സെക്രട്ടറി ഡോ .സുനീന ചാക്കോ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ മറ്റത്തികുന്നേല്‍


Other News in this category4malayalees Recommends