സൗദി അറേബ്യയില്‍ ആറ് വിദഗ്ധ തൊഴിലുകളില്‍ കൂടി വിദേശികള്‍ക്ക് തൊഴില്‍ യോഗ്യത പരീക്ഷ നിര്‍ബന്ധമാക്കി

സൗദി അറേബ്യയില്‍ ആറ് വിദഗ്ധ തൊഴിലുകളില്‍ കൂടി വിദേശികള്‍ക്ക് തൊഴില്‍ യോഗ്യത പരീക്ഷ നിര്‍ബന്ധമാക്കി
സൗദി അറേബ്യയില്‍ ആറ് വിദഗ്ധ തൊഴിലുകളില്‍ കൂടി വിദേശികള്‍ക്ക് തൊഴില്‍ നൈപുണ്യ പരീക്ഷ നിര്‍ബന്ധമാക്കി. നേരത്തെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയ 205 വിദഗ്ധ തൊഴിലുകളില്‍ ആദ്യഘട്ടമായി പരീക്ഷ ആരംഭിച്ചിരുന്നു. അതില്‍ ആറ് തസ്തികകളെ കൂടി ഉള്‍പ്പെടുത്തിയാണ് ബുധനാഴ്ച രണ്ടാം ഘട്ട പരീക്ഷ ആരംഭിച്ചത്.

500 മുതല്‍ 2999 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളിലാണ് രണ്ടാം ഘട്ട പരീക്ഷ. വിദഗ്ധ തൊഴിലാളികള്‍ക്ക് യോഗ്യതയും പ്രായോഗിക പരിജ്ഞാനവും ഉണ്ടോ എന്ന് പരിശോധിക്കാനാണ് പരീക്ഷ. എ.സി ടെക്‌നീഷ്യന്‍, വെല്‍ഡിങ്, കാര്‍പെന്റര്‍, കാര്‍ മെക്കാനിക്ക്, കാര്‍ ഇലക്ട്രീഷ്യന്‍, പെയിന്റര്‍ എന്നീ ആറ് വിദഗ്ധ തൊഴിലുകള്‍ കൂടിയാണ് പുതുതായി ഉള്‍പ്പെടുത്തിയത്. അവസാന ഘട്ട പരീക്ഷ അടുത്ത വര്‍ഷം ജനുവരിയിലാണ്.

മൊത്തം 1099 വിദഗ്ധ ജോലികളിലാണ് പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. രണ്ട് രീതിയിലാണ് പരീക്ഷ നടത്തുന്നത്. ആദ്യത്തേത് പുതുതായി വരുന്ന വിദഗ്ധ തൊഴിലാളികളെ അവരുടെ രാജ്യങ്ങളില്‍ വെച്ച് അന്താരാഷ്ട്ര പരീക്ഷാ കേന്ദ്രങ്ങളുമായി സഹകരിച്ച് സൗദിയിലെത്തുന്നതിന് മുമ്പ് പരീക്ഷക്ക് വിധേയമാക്കുക എന്നതാണ്. രണ്ടാമത്തേത് നിലവില്‍ സൗദിയിലുള്ള വിദഗ്ധ ജോലിക്കാരെ രാജ്യത്തുള്ള പ്രാദേശിക പരീക്ഷാ കേന്ദ്രങ്ങളുടെ സഹകരണത്തോടെ പരീക്ഷക്ക് വിധേയമാക്കും.

Other News in this category



4malayalees Recommends