പ്രധാനമന്ത്രി മോദി ഈ മാസം അവസാനം യുഎസ് സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട് ; ജോ ബൈഡനുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍ അഫ്ഗാന്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യും ; ഇന്ത്യ യുഎസ് കൂടിക്കാഴ്ചയില്‍ താലിബാനോടുള്ള ഭാവി സമീപനവും ചര്‍ച്ചയാകും

പ്രധാനമന്ത്രി മോദി ഈ മാസം അവസാനം യുഎസ് സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട് ; ജോ ബൈഡനുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍ അഫ്ഗാന്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യും ; ഇന്ത്യ യുഎസ് കൂടിക്കാഴ്ചയില്‍ താലിബാനോടുള്ള ഭാവി സമീപനവും ചര്‍ച്ചയാകും
പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാന ആഴ്ച യുഎസ് സന്ദര്‍ശിക്കും. യുഎസ് പ്രസിഡന്റായി ജോ ബൈഡന്‍ അധികാരമേറ്റെടുത്ത ശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്. ജനുവരിയില്‍ സ്ഥാനമേറ്റ ബൈഡനുമായി നിരവധി അന്താരാഷ്ട്ര മീറ്റിങ്ങുകളില്‍ ഓണ്‍ലൈനായി പങ്കെടുത്തിട്ടുണ്ടെങ്കിലും അധികാരമേറിയ ശേഷം നേരിട്ടുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.

എന്നാല്‍ യാത്രയെ കുറിച്ച് ഔദ്യോഗികമായി വിവരങ്ങള്‍ പങ്കുവച്ചിട്ടില്ല. ദിവസം ഉള്‍പ്പെടെ കാര്യങ്ങളില്‍ തീരുമാനം ആകാത്തതിനാലാണ് ഔദ്യോഗിക സ്ഥിരീകരണം നടത്താത്തതെന്നാണ് വിശദീകരണം. സെപ്തംബര്‍ 23, 24 തിയതികളില്‍ ആയിരിക്കും സന്ദര്‍ശനമെന്നാണ് സൂചന.

2019ലാണ് മോദി അവസാനമായി യുഎസ് സന്ദര്‍ശിച്ചത്. ഹൗഡി മോദി പരിപാടിയില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം അദ്ദേഹം പങ്കെടുക്കുകയും ചെയ്തു.

ന്യൂയോര്‍ക്കിലും വാഷിങ്ടണ്‍ ഡിസിയും പ്രധാനമന്ത്രി മോദി സന്ദര്‍ശിക്കും. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരമേറ്റെടുത്ത വിഷയത്തില്‍ ഇന്ത്യയും യുഎസും വിശദമായി ചര്‍ച്ച ചെയ്യും. താലിബാന്‍ സര്‍ക്കാരിനോടുള്ള ഭാവി സമീപനവും ഇരു നേതാക്കളും ചര്‍ച്ച ചെയ്യും. അതിര്‍ത്തി കടന്നുള്ള ഭീകരവാദവും താലിബാന്റെ കശ്മീര്‍ വിഷയത്തിലുള്ള നിലപാടുകളും ഒക്കെ ഈ അടുത്ത് ചര്‍ച്ചയായിരുന്നു. അഫ്ഗാന്‍ മണ്ണില്‍ പാക് തീവ്രവാദ സംഘടനയുമായി ചേര്‍ന്ന് ഇന്ത്യയ്‌ക്കെതിരെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുമോ എന്ന ആശങ്ക ഇന്ത്യ പങ്കുവച്ചു കഴിഞ്ഞു. തീവ്രവാദത്തിനെതിരെ യുഎസും ഇന്ത്യയും ഒരുമിച്ച് പോരാടുമെന്ന് നേരത്തെ തന്നെ നിലപാട് എടുത്തിട്ടുള്ളതുമാണ്. ഏതായാലും ഈ കൂടിക്കാഴ്ച ഗൗരവമേറിയ വിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് വഴിമാറുമെന്നുറപ്പാണ്.

Other News in this category4malayalees Recommends