കടബാധ്യതകള്‍ തീര്‍ക്കാന്‍ രണ്ട് വാക്‌സിനുമെടുത്ത് പ്രവാസത്തില്‍ തിരിച്ചെത്തി, നിനച്ചിരിക്കാതെ മരണം; വേദന പങ്കുവച്ച് അഷ്‌റഫ് താമരശ്ശേരി

കടബാധ്യതകള്‍ തീര്‍ക്കാന്‍ രണ്ട് വാക്‌സിനുമെടുത്ത് പ്രവാസത്തില്‍ തിരിച്ചെത്തി, നിനച്ചിരിക്കാതെ മരണം; വേദന പങ്കുവച്ച് അഷ്‌റഫ് താമരശ്ശേരി
കടബാധ്യതകള്‍ കാരണം, രണ്ട് പതിറ്റാണ്ടോളം നീണ്ട പ്രവാസം തുടരാന്‍ രണ്ട് ഡോസ് വാക്‌സിനുമെടുത്ത് ഗള്‍ഫിലെത്തിയ കൊച്ചി സ്വദേശി നാരായണന്റെ അപ്രതീക്ഷിത മരണത്തിന്റെ വേദന പങ്കുവെച്ച് സാമൂഹ്യപ്രവര്‍ത്തകനും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുമായ അഷ്‌റഫ് താമരശ്ശേരി. ഫേസ്ബുക്കിലൂടെയാണ് അഷ്‌റഫ്, തന്റെ സുഹൃത്ത് കൂടിയായിരുന്ന നാരായണന്റെ വിയോഗവാര്‍ത്ത പങ്കുവെച്ചത്.

അഷ്‌റഫ് താമരശ്ശേരിയുടെ കുറിപ്പ്:

ഇന്ന് അഞ്ച് മയ്യത്തുകളാണ് നാട്ടിലേക്ക് അയച്ചത്. അതില്‍ ഒരാളുടെ അനുഭവം പറയാതെയിരിക്കുവാന്‍ കഴിയില്ല. കൊച്ചി സ്വദേശി നാരായണന്‍, കുറച്ച് നാളുകള്‍ക്ക് മുമ്പ് പ്രവാസം മതിയാക്കി നാട്ടിലേക്ക് പോയതാണ്. മകളുടെ വിവാഹം കഴിഞ്ഞതോടെ കടക്കാരനായി, അതിനിടയില്‍ കോവിഡ് വന്നു.നാട്ടില്‍ നിന്ന് കടം തീര്‍ക്കുകയെന്നത് നാരായണനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണ്. വീണ്ടും പ്രവാസഭൂമിയിലേക്ക് തിരിക്കുവാന്‍ തീരുമാനിച്ചപ്പോഴാണ് താല്‍ക്കാലികമായി യു.എ.ഇ ഗവണ്‍മെന്റ് വിസ നിര്‍ത്തിവെച്ച വിവരം അറിയുന്നത്.

രണ്ട് വാക്‌സിനുമെടുത്ത് കാത്തിരിപ്പിന്റെ കുറെ മാസങ്ങള്‍, ആരൊക്കെ കൈവിട്ടാലും രണ്ട് പതിറ്റാണ്ട് കാലം ജീവിച്ച പോറ്റ നാട് കൈ വിടില്ലെന്ന് നാരായണനുറപ്പായിരുന്നു. അപ്പോഴാണ് യു.എ.ഇയിലേക്ക് പോകുവാന്‍ സന്ദര്‍ശക വിസ അനുവദിച്ച വിവരം അറിയുന്നത്. രണ്ട് വാക്‌സിന്‍ എടുത്തതിനാലും കുറച്ച് പൈസ വായ്പ കിട്ടിയത് കൊണ്ടും ഏറ്റവും അടുത്ത ദിവസങ്ങളിലെ വിമാനത്തില്‍ തന്നെ പോറ്റുനാട്ടിലേക്ക് എത്തി ചേരുവാന്‍ സാധിച്ചു. 20 വര്‍ഷത്തെ പ്രവാസ ജീവിതകൊണ്ട് കിട്ടിയ പരിചിതമായ സൗഹൃദങ്ങള്‍ കൊണ്ട് ജോലി കിട്ടുവാന്‍ നാരായണന് കൂടതലായി അലയേണ്ടി വന്നില്ല. നാരായണനെ വര്‍ഷങ്ങളായി അറിയാവുന്ന ഒരാളെന്ന നിലയില്‍ കഴിഞ്ഞ രണ്ട് ദിവസം മുമ്പ് എന്നെയും വിളിച്ച് ജോലി കിട്ടിയ വിവരം സന്തോഷത്തോടെ പറയുകയും, നാട്ടില്‍ നില്‍ക്കുവാന്‍ പറ്റാത്ത അവസ്ഥയാണെന്നും, ഒരിക്കല്‍ ഈ മണ്ണ് മനുഷ്യനെ ഇഷ്ടപ്പെട്ടാല്‍ തിരിച്ച് പറഞ്ഞ് വിടില്ലായെന്നും പറഞ്ഞ് നാരായണന്‍ ഫോണ്‍ വെക്കുകയും ചെയ്തു. എന്നിട്ട് ഒരു പരാതിയും പറഞ്ഞു, റാപ്പിഡ് ടെസ്റ്റിന്റെ പേരില്‍ 2500 രൂപ നാട്ടിലെ എയര്‍പോര്‍ട്ടില്‍ കൊടുക്കേണ്ടി വന്നു. പറ്റുമെങ്കില്‍ അഷ്‌റഫിക്കാ ഫേസ്ബുക്കില്‍ ഇതിനെ കുറിച്ച് എഴുതണമെന്നും പറഞ്ഞു. അതായിരുന്നു കഴിഞ്ഞ എന്റെ മുഖപുസ്തകത്തിലെ നാരായണനെ പോലെയുളള സാധാരണക്കാരായ പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ വിഷയമാക്കി പോസ്റ്റ് എഴുതുവാനുളള കാരണം.

ഒരുവശത്ത് നമുക്ക് സന്തോഷം കിട്ടുമ്പോള്‍ മറുവശം നമ്മള്‍ ആരെയും കാണിക്കാതെ ഒളിച്ച് വെക്കും. അത് രാത്രി ഉറങ്ങുവാന്‍ നേരം അണപൊട്ടി പുറത്തുവരും..., ഒരു പെരുമഴ പെയ്യുന്നത് പോലെ അത് മൊത്തം വേദനകള്‍ ആയിരിക്കും. കഴിഞ്ഞ രണ്ട് ദിവസം മുമ്പ് പെട്ടെന്നുളള നെഞ്ച് വേദന കാരണം, നാരായണനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല.കടങ്ങള്‍ ഒന്നും ഇല്ലാത്ത മറ്റൊരു ലോകത്തേക്ക് നാരായണന്‍ യാത്രയായി. നാരായണന്‍ അങ്ങനെയാണ്, വേദനകളെ ആരുമായും പങ്ക് വെക്കാറില്ല.സന്തോഷങ്ങള്‍ മാത്രമെ മറ്റുളളവരുമായി പങ്ക് വെച്ചിരുന്നുളളു. ആരെയും തന്റെ ദുഃഖങ്ങള്‍ പറഞ്ഞ് വേദനിപ്പിക്കാന്‍ അയാള്‍ ആഗ്രഹിച്ചിരുന്നില്ല. മരണം ജീവിതം നല്‍കുന്ന അവസാനത്തെ സമ്മാനമാണ്. ഇന്നല്ലെങ്കില്‍ നാളെ നമ്മളും അത് അനുഭവിച്ചെ തീരു. മക്കളുടെ ജീവിതത്തെ പ്രകാശമാക്കാന്‍ പ്രയത്‌നിച്ച ശേഷം വിട പറയുന്ന നാരായണന്റെ സ്വപ്നങ്ങള്‍ മാത്രം ഈ പ്രവാസഭൂമിയില്‍ ബാക്കി വെച്ചിട്ട് അദ്ദേഹത്തിന്റെ മൃതദേഹം മറ്റുളള മൃതദേഹത്തിനോടപ്പം നാടിലേക്ക് യാത്രയായി.


Other News in this category



4malayalees Recommends