വാശിയേറിയ വടംവലി മത്സരവും പുതുമയാര്‍ന്ന കലാപരിപാടികളുമായി നാലാമത് അയര്‍ക്കുന്നംമറ്റക്കര സംഗമം പ്രൗഡോജ്ജ്വലമായി..

വാശിയേറിയ വടംവലി മത്സരവും പുതുമയാര്‍ന്ന കലാപരിപാടികളുമായി നാലാമത് അയര്‍ക്കുന്നംമറ്റക്കര സംഗമം പ്രൗഡോജ്ജ്വലമായി..
അയര്‍ക്കുന്നം മറ്റക്കരയിലും സമീപ പ്രദേശങ്ങളില്‍ നിന്നുമായി യുകെയിലെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന കുടുംബാംഗങ്ങളുടെ നാലാമത് സംഗമം വൈവിധ്യമാര്‍ന്ന കലാകായികവിനോദ പരിപാടികളോടെ റഗ്ബിയിലെ ബാര്‍ബി വില്ലേജ് ഹാളില്‍ പ്രൗഡോജ്വലമായി നടന്നു. കോവിഡ് മഹാമാരിയുടെ ബുദ്ധിമുട്ടുകളിലൂടെ കടന്നു പോയതിനാല്‍ കഴിഞ്ഞവര്‍ഷം സംഗമം നടത്തുവാന്‍ സാധിക്കാതിരുന്നതുകൊണ്ട് കുടുംബാംഗങ്ങളെല്ലാവരും ആഹ്ലാദത്തോടെയാണ് സ്‌നേഹ സൗഹൃദങ്ങള്‍ പുതുക്കുവാനായി ഇത്തവണത്തെ സംഗമത്തില്‍ എത്തിച്ചേര്‍ന്നത്.

സംഗമം വൈസ് പ്രസിഡന്റ് ഫ്‌ലോറന്‍സ് ഫെലിക്‌സ് ആലപിച്ച പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച ഹൃസ്വമായ ഉദ്ഘാടന ചടങ്ങില്‍ പ്രസിഡന്റ് ജോമോന്‍ ജേക്കബ് വല്ലൂര്‍ അധ്യക്ഷതവഹിച്ചു. പ്രസിഡന്റും കമ്മിറ്റി അംഗങ്ങളും പുതിയതായി സംഗമത്തില്‍ എത്തിച്ചേര്‍ന്ന കുടുംബാംഗങ്ങളും ചേര്‍ന്ന് തിരിതെളിച്ച് നാലാമത് സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി ബോബി ജോസഫ് സ്വാഗതമാശംസിച്ചു. തുടര്‍ന്ന് വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഏവരുടേയും മനം കവര്‍ന്ന ഗാനമേളയും ഏറെ ചിരിപ്പിച്ച ഹാസ്യാത്മകമായ പരിപാടികളും ചേര്‍ന്നപ്പോള്‍ നാലാമത് സംഗമം പങ്കെടുത്ത മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും സന്തോഷം പകര്‍ന്ന അനുഭവമായി മാറി.

സംഗമത്തിലെ കുടുംബാംഗവും യുകെയിലെ അറിയപ്പെടുന്ന ഗായകനുമായ ടെല്‍സ്‌മോന്‍ തോമസ് നയിച്ച ഗാനമേളയില്‍ ടെല്‍സ്‌മോനോടൊപ്പം ഫ്‌ലോറന്‍സ് ഫെലിക്‌സ്,അനീഷ് ജേക്കബ്, ചിത്ര ടെല്‍സ് മോന്‍, തോമസ് ജോസ് , സാനിയ ഫെലിക്‌സ് , ജോജി ജോസഫ്, റാണി ജോജി, സി. എ ജോസഫ്, സ്മിത ജെയ്‌മോന്‍ എന്നിവരും ആലപിച്ച ഗാനങ്ങള്‍ ഹര്‍ഷാരവത്തോടെയാണ് എല്ലാവരും ഏറ്റുവാങ്ങിയത്.

സ്‌നേഹ ഫെലിക്‌സ് , സ്റ്റീവ് ഫെലിക്‌സ്, സാനിയ ഫെലിക്‌സ് എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച മനോഹരമായ സിനിമാറ്റിക് ഫ്യൂഷന്‍ ഡാന്‍സ് എല്ലാവര്‍ക്കും നവ്യമായ ദൃശ്യ വിരുന്നാണ് സമ്മാനിച്ചത്. ലഞ്ച് ബ്രേക്കിന് ശേഷം സി.എ ജോസഫ് നയിച്ച ഹാസ്യാത്മകമായ കുസൃതി ചോദ്യോത്തര പരിപാടി എല്ലാവരിലും ചിരിയുണര്‍ത്തി.

തുടര്‍ന്ന് തിരുവോണാഘോഷത്തിന്റെ ഓര്‍മ്മകള്‍ പകര്‍ന്നു നല്‍കി ബിജു പാലക്കുളത്തിന്റെ നേതൃത്വത്തില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകമായി നടത്തിയ വടംവലി മത്സരം എല്ലാവരിലും ആവേശംപകര്‍ന്നു. പുരുഷവിഭാഗത്തില്‍ നടന്ന വാശിയേറിയ വടംവലി മത്സരത്തില്‍ ജോര്‍ജ് തോമസ് നയിച്ച ടീം ജേതാക്കള്‍ ആയപ്പോള്‍ വനിതാവിഭാഗത്തില്‍ ചിത്ര ടെല്‍സ് മോന്‍ ആന്‍ഡ് ടീം വിജയികളായി.

സംഗമത്തില്‍ പങ്കെടുത്ത മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും പ്രഭാതഭക്ഷണമുള്‍പ്പെടെ മൂന്നുനേരവും വ്യത്യസ്തതയാര്‍ന്ന രുചിക്കൂട്ടിലുള്ള നാടന്‍ ഭക്ഷണവും തയ്യാറാക്കിയിരുന്നു. ജോമോന്‍ ജേക്കബ്, അനില്‍ വര്‍ഗീസ്, അനീഷ് ജേക്കബ് , ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് കുടുംബാഗങ്ങള്‍ക്കായി ഭക്ഷണം തയ്യാറാക്കിയത്.

ബോബി ജോസഫിന്റെ നേതൃത്വത്തില്‍ അടുത്ത രണ്ടു വര്‍ഷത്തേക്ക് സംഗമത്തെ നയിക്കുവാനുള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു. വ്യത്യസ്തതയാര്‍ന്ന അവതരണ മികവില്‍ മുഴുവന്‍ പരിപാടികളുടെയും ആങ്കറിംഗ് നടത്തിയ റാണി ജോജി എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങി. സംഗമത്തില്‍ പങ്കെടുത്തവര്‍ക്കും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ച് നാലാമത് സംഗമത്തെ അവിസ്മരണീയമാക്കിയ കുടുംബാംഗങ്ങള്‍ക്കും പ്രോഗ്രാം കോഡിനേറ്റര്‍ സി. എ ജോസഫ് നന്ദി പ്രകാശിപ്പിച്ചു. ദേശീയ ഗാനാലാപനത്തോടെ സംഗമം സമംഗളം പര്യവസാനിച്ചു.

Other News in this category



4malayalees Recommends