അഫ്ഗാന്‍ ജനതയുടെ ഭാവിയെ കുറിച്ചോര്‍ത്ത് ആശങ്ക; അവിടുത്തെ സ്ത്രീകളുടെ ശബ്ദവും ഉയര്‍ന്നുകേള്‍ക്കേണ്ടതുണ്ട്, സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കണമെന്ന് യുഎന്നില്‍ ഇന്ത്യ

അഫ്ഗാന്‍ ജനതയുടെ ഭാവിയെ കുറിച്ചോര്‍ത്ത് ആശങ്ക; അവിടുത്തെ സ്ത്രീകളുടെ ശബ്ദവും ഉയര്‍ന്നുകേള്‍ക്കേണ്ടതുണ്ട്, സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കണമെന്ന് യുഎന്നില്‍ ഇന്ത്യ
അഫ്ഗാനിസ്ഥാനിലെ അതിസങ്കീര്‍ണമായ സാഹചര്യം ആശങ്കപ്പെടുത്തുന്നുവെന്ന് ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യ. യു.എനിലെ ഇന്ത്യന്‍ സ്ഥിരാംഗം ടി.എസ് തിരുമൂര്‍ത്തിയാണ് ഇന്ത്യയുടെ ആശങ്ക അന്താരാഷ്ട്ര സമൂഹത്തെ അറിയിച്ചത്. അഫ്ഗാനിലെ ജനതയുടെ ഭാവിയെ കുറിച്ചോര്‍ത്ത് ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ഒപ്പം അവിടുത്തെ സ്ത്രീകളുടെ ശബ്ദവും ഉയര്‍ന്നുകേള്‍ക്കേണ്ടതുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടില്‍ അഫ്ഗാന്‍ കെട്ടിപ്പടുത്ത നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിനും അവ തുടരുന്നതിനും അനിശ്ചിതത്വമുണ്ട്.' തിരുമൂര്‍ത്തി പറഞ്ഞു.

മറ്റു രാജ്യങ്ങളെ ആക്രമിക്കാനോ ഭീഷണിപ്പെടുത്താനോ ഭീകരര്‍ക്കു പരിശീലനം നല്‍കാനോ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു സാമ്പത്തിക സഹായം ഉറപ്പിക്കാനോ അഫ്ഗാന്റെ മണ്ണ് ഉപയോഗപ്പെടുത്താനാവില്ലെന്നും ഇന്ത്യ വ്യക്തമാക്കി. അഫ്ഗാനിലെ കുട്ടികളുടെ ആഗ്രഹങ്ങള്‍ സഫലമാകാനും അവരുടെ ആഗ്രഹങ്ങള്‍ സംരക്ഷിക്കപ്പെടാനും യുഎന്നിന്റെ തടസമില്ലാത്ത സഹായം അവര്‍ക്ക് ലഭിക്കേണ്ടതുണ്ട്. അതിനായി ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങള്‍ക്കും ഇന്ത്യ ആവശ്യമുന്നയിച്ചു.

അഫ്ഗാനിസ്ഥാന്‍കാര്‍ക്ക് സ്വതന്ത്രമായി ലോകത്തിന്റെ ഏതു ഭാഗത്തേക്കും സഞ്ചരിക്കാന്‍ അനുവാദം നല്‍കുമെന്ന പ്രഖ്യാപനം പാലിക്കാന്‍ താലിബാന്‍ തയാറാകണം. അഫ്ഗാനിലെ ജനങ്ങളുടെ നന്മയും സുരക്ഷയുമാണ് ഇന്ത്യയുടെ ലക്ഷ്യം. അഫ്ഗാനിലെ 34 പ്രവിശ്യകളിലും അഞ്ഞൂറിലേറെ വികസന പ്രവര്‍ത്തനങ്ങളാണ് ഇന്ത്യ ഏറ്റെടുത്തു നടപ്പാക്കിയതെന്നും തിരുമൂര്‍ത്തി പറഞ്ഞു

അതേസമയം മറ്റ് രാജ്യങ്ങളില്‍ ഭീകരാക്രമണം നടത്തുന്ന ഭീകര സംഘടനകള്‍ക്ക് അഫ്ഗാന്‍ മണ്ണില്‍ അഭയം ലഭിക്കുന്നത് തടയണമെന്ന് ബ്രിക്‌സ് അംഗങ്ങളായ അഞ്ച് രാജ്യങ്ങള്‍ ശക്തമായി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വെര്‍ച്വല്‍ ഉച്ചകോടിയിലാണ് ഈ ആവശ്യം ഉയര്‍ന്നത്. ഒപ്പം അഫ്ഗാനിലെ സ്ത്രീകള്‍, കുട്ടികള്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്നിവയുടെ സംരക്ഷണവും ബ്രിക്‌സ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.

അഫ്ഗാനിലെ സമാധാനത്തിനായി താലിബാനുമായി ചര്‍ച്ച നടത്തുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അറിയിച്ചു.


Other News in this category4malayalees Recommends