മംഗളൂരൂ ആശുപത്രിയിലെ ജീവനക്കാരന് നിപ രോഗലക്ഷണം ; കേരളത്തില്‍ നിന്നെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് ആരോഗ്യ വകുപ്പ് ; അടുത്തിടെ ഗോവ യാത്രയും നടത്തി ; നഗരത്തില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം

മംഗളൂരൂ ആശുപത്രിയിലെ ജീവനക്കാരന് നിപ രോഗലക്ഷണം ; കേരളത്തില്‍ നിന്നെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് ആരോഗ്യ വകുപ്പ് ; അടുത്തിടെ ഗോവ യാത്രയും നടത്തി ; നഗരത്തില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം
മംഗളൂരൂ വെന്‍ലോക് ആശുപത്രിയിലെ ജീവനക്കാരന് നിപ രോഗലക്ഷണം കണ്ടെത്തി. ലാബ് ടെക്‌നീഷ്യനാണ് രോഗലക്ഷണം കണ്ടെത്തിയത്. തനിക്ക് രോഗലക്ഷണങ്ങളുണ്ടെന്ന് ഇയാള്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ഇയാളുടെ സ്രവ സാമ്പിളുകള്‍ പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചു. ഇയാള്‍ കേരളത്തില്‍ നിന്നെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അടുത്തിടെ ഗോവയിലേക്ക് യാത്രയും ഇയാള്‍ നടത്തിയിരുന്നെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ മംഗളൂരു നഗരത്തില്‍ പ്രത്യേക ജാഗ്രത പുലര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ന്ന കടന്ന് വരുന്നവരെ പരിശോധനകള്‍ക്ക് വിധേയരാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 17 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതില്‍ 5 എണ്ണം എന്‍.ഐ.വി. പൂനയിലും ബാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ 140 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. മരണപ്പെട്ട കുട്ടിക്ക് അല്ലാതെ മറ്റൊരാള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നത് ആശ്വാസമാണ്. സമഗ്രമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യവകുപ്പ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ആസ്‌ട്രേലിയയില്‍ നിന്ന് മരുന്നെത്തിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. തയ്യാറെടുപ്പുകള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കിയത് ഗുണം ചെയ്തു. ഹൈ റിസ്‌കിലുള്ളവര്‍ നിരീക്ഷണത്തില്‍ തുടരും. ഇവര്‍ ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ തുടരുകയാണ്. ഇവര്‍ക്കാര്‍ക്കും തന്നെ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തത് ആശ്വാസകരമായ കാര്യമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Other News in this category4malayalees Recommends