അവരുടെ വോട്ടു കൊണ്ടുള്ള വിജയം സിപിഐഎമ്മിന് ആവശ്യമില്ല, കോണ്‍ഗ്രസിനെ പോലെയല്ല തങ്ങള്‍ ; എസ്ഡിപിഐയുമായി ചേര്‍ന്ന് ഈരാറ്റുപേട്ട നഗരസഭ ഭരിക്കില്ലെന്ന് മന്ത്രി വിഎന്‍ വാസവന്‍

അവരുടെ വോട്ടു കൊണ്ടുള്ള വിജയം സിപിഐഎമ്മിന് ആവശ്യമില്ല, കോണ്‍ഗ്രസിനെ പോലെയല്ല തങ്ങള്‍ ; എസ്ഡിപിഐയുമായി ചേര്‍ന്ന് ഈരാറ്റുപേട്ട നഗരസഭ ഭരിക്കില്ലെന്ന് മന്ത്രി വിഎന്‍ വാസവന്‍
എസ്ഡിപിഐയുമായി ചേര്‍ന്ന് ഈരാറ്റുപേട്ട നഗരസഭ ഭരിക്കില്ലെന്ന് മന്ത്രി വിഎന്‍ വാസവന്‍. ഭരിക്കാന്‍ വേണ്ടി എസ്ഡിപിഐ പിന്തുണ സ്വീകരിക്കില്ല. ഇത് പാര്‍ട്ടിയുടെ പ്രഖ്യാപിത നയമാണ്. അതില്‍ നിന്ന് പിന്മാറ്റമില്ല. അവരുടെ വോട്ടു കൊണ്ടുള്ള വിജയം സിപിഐഎമ്മിന് ആവശ്യമില്ലെന്നും വിഎന്‍ വാസവന്‍ വ്യക്തമാക്കി. അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയപ്പോള്‍ അവര്‍ വോട്ടു ചെയ്തുവെന്നത് സത്യമാണ്. അത് സിപിഐഎമ്മുമായോ ഇടതുപക്ഷമായിട്ടോ ചര്‍ച്ചയോ ആശയവിനിമയമോ നടത്തിയിട്ടില്ലെന്നും വാസവന്‍ വ്യക്തമാക്കി.

എസ്ഡിപിഐയുമായി ഒരു ബന്ധവും ഒരിക്കലും ഉണ്ടാക്കില്ല. എപ്പോഴെങ്കിലും എസ്ഡിപിഐ വോട്ട് അനുകൂലമായി ലഭിച്ചിട്ടുണ്ടോ, അപ്പോഴെല്ലാം രാജി വെച്ച്, ശക്തമായ നിലപാട് സിപിഐഎം സ്വീകരിച്ചിട്ടുണ്ട്. മുമ്പ് രണ്ടുതവണ എസ്ഡിപിഐയുടെ വോട്ടില്‍ എല്‍ഡിഎഫിന് ചെയര്‍മാന്‍ സ്ഥാനം ലഭിച്ചപ്പോള്‍ ഉടന്‍ തന്നെ രാജി വെച്ച് ചരിത്രമാണുള്ളതെന്നും വാസവന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ നിലപാടും നിലവാരവുമല്ല സിപിഐഎമ്മിന്. എല്ലാക്കാലത്തും എസ്ഡിപിഐയെ ഇടതുപക്ഷം രാഷ്ട്രീയമായി എതിര്‍ത്തിട്ടുണ്ട്. ആ നിലപാടില്‍ മാറ്റമില്ല. അവരുടെ വോട്ടു കൊണ്ടുള്ള വിജയം സിപിഐഎമ്മിന് വേണ്ടെന്നും വാസവന്‍ വ്യക്തമാക്കി.

മുസ്‌ലിം ലീഗിലെ സുഹ്‌റാ അബ്ദുല്‍ ഖാദറിനെതിരെ നഗരസഭയിലെ ഭരണസ്തംഭനം ചൂണ്ടിക്കാട്ടി ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം എസ്ഡിപിഐ പിന്തുണയോടെയാണ് പാസായത്. എസ്ഡിപിഐ പിന്തുണയോടെ നഗരസഭാ ഭരണം അട്ടിമറിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തിയതെന്ന് ആക്ഷേപം ഉയരുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സിപിഎം പ്രാദേശിക നേതൃത്വം വിശദീകരണവുമായി രംഗത്തെത്തിയത്.

പ്രമേയം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുന്നണിക്ക് പുറത്ത് യാതൊരുവിധ ചര്‍ച്ചകളും നടത്തിയിട്ടില്ലെന്ന് സിപിഎം ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Other News in this category4malayalees Recommends