താലിബാന്‍ വന്നെന്ന് കേട്ടപ്പോള്‍ ആദ്യം തിരഞ്ഞത് ഹിജാബ്! ഭയങ്ങള്‍ സത്യമാകുന്നുവെന്ന് അഫ്ഗാന്‍ അധ്യാപിക; വെല്ലുവിളികള്‍ നേരിട്ടാലും അവകാശങ്ങള്‍ക്കായി പോരാടും

താലിബാന്‍ വന്നെന്ന് കേട്ടപ്പോള്‍ ആദ്യം തിരഞ്ഞത് ഹിജാബ്! ഭയങ്ങള്‍ സത്യമാകുന്നുവെന്ന് അഫ്ഗാന്‍ അധ്യാപിക; വെല്ലുവിളികള്‍ നേരിട്ടാലും അവകാശങ്ങള്‍ക്കായി പോരാടും
കഥകളിലെ വില്ലന്‍മാര്‍ മാത്രമാണ് താലിബാനെന്ന ധാരണ 2021 ആഗസ്റ്റ് 15ന് തിരുത്തപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ നിന്നും യുഎസ് സൈന്യം പിന്‍മാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെ നിയന്ത്രണം പിടിച്ചെടുക്കാന്‍ താലിബാന്‍ രംഗത്തിറങ്ങിയതോടെയാണ് അധ്യാപികയായി സാര്‍ലാഷ്ട് വാലി ഉള്‍പ്പെടെയുള്ളവര്‍ ഭീകരതയുടെ യഥാര്‍ത്ഥ മുഖം മനസ്സിലാക്കുന്നത്.

സംഭവിക്കുന്നത് യാഥാര്‍ത്ഥ്യമാണെന്ന് വിശ്വസിക്കാന്‍ വാലിയ്ക്ക് സാധിച്ചില്ലെങ്കിലും വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ ആദ്യം തിരഞ്ഞത് ഹിജാബാണെന്ന് ഈ അധ്യാപിക പറയുന്നു. 'എന്റെ ലോകം കീഴ്‌മേല്‍ മറിഞ്ഞു. സ്വന്തം രാജ്യത്ത് സുരക്ഷിതമല്ലാത്ത അവസ്ഥ. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ച് രണ്ട് ദിവസത്തിന് ശേഷം വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ ആദ്യം തിരഞ്ഞത് ഹിജാബാണ്', അധ്യാപികയും, സോഷ്യല്‍ ആക്ടിവിസ്റ്റുമായ 26കാരി വെളിപ്പെടുത്തുന്നു.

പെന്‍ പാത്ത് ഫൗണ്ടേഷനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് സാര്‍ലാഷ്ട് വാലി. രാജ്യത്ത് 60,000ഓളം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത് ഇവരാണ്. 1996 മുതല്‍ 2001 വരെയുള്ള കാലത്ത് കുട്ടിയായിരുന്നതിനാല്‍ താലിബാന്റെ ഭരണഭീകരതയെ കുറിച്ച് വാലിക്ക് വലിയ ബോധ്യമുണ്ടായില്ല. മുതിര്‍ന്നവര്‍ പറഞ്ഞുകേട്ട കഥകളില്‍ മാത്രമാണ് ആ ഭയം നിഴലിച്ചിരുന്നത്.

ശൈത്യത്തില്‍ അണിയുന്ന വസ്ത്രങ്ങള്‍ അണിഞ്ഞ് വാലി വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോഴേക്കും രാജ്യത്തിന്റെ അവസ്ഥ മാറിയിരുന്നു. എന്നിരുന്നാലും താലിബാനെതിരെ പോരാടുമെന്ന് പറയുന്ന ധൈര്യമുള്ള അഫ്ഗാനികളുടെ കൂട്ടത്തിലാണ് ഈ യുവതിയും. രാജ്യം വിടാന്‍ നിരവധി പേര്‍ ഉപദേശിച്ചു. പക്ഷെ ഈ സമയത്ത് രാജ്യത്തെ സേവിക്കാന്‍ ഇവിടെ ഉണ്ടാകാനാണ് വാലി തീരുമാനിച്ചത്. പല അധ്യാപകരെയും, ആക്ടിവിസ്റ്റുകളെയും, മാധ്യമപ്രവര്‍ത്തകരെയും താലിബാന്‍ അക്രമിക്കുന്നതായും സാര്‍ലാഷ്ട് വാലി കൂട്ടിച്ചേര്‍ത്തു.


Other News in this category4malayalees Recommends