പത്തു ദിവസത്തിനിടെ കവര്‍ന്നത് എട്ടു കുട്ടികളുടെ ജീവന്‍ ; പല്‍വാല്‍ ജില്ലയില്‍ അജ്ഞാത പനി പടര്‍ന്നു പിടിക്കുന്നു ; ആശങ്ക

പത്തു ദിവസത്തിനിടെ കവര്‍ന്നത് എട്ടു കുട്ടികളുടെ ജീവന്‍ ; പല്‍വാല്‍ ജില്ലയില്‍ അജ്ഞാത പനി പടര്‍ന്നു പിടിക്കുന്നു ; ആശങ്ക
ഹരിയാനയിലെ പല്‍വാല്‍ ജില്ലയില്‍ 'അജ്ഞാതമായ' പനി പടര്‍ന്നു പിടിക്കുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ എട്ട് കുട്ടികളാണ് മരിച്ചു വീണത്. പല്‍വാല്‍ ജില്ലയിലെ ചില്ലി ഗ്രാമത്തിലാണു പനി പടരുന്നത്.

ഇതുവരെ, 44 പേരെങ്കിലും പനി ലക്ഷണങ്ങളുമായി സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതില്‍ 35 പേരും പ്രായപൂര്‍ത്തിയാകാത്തവരാണ്. മരണകാരണം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെങ്കിലും ഡെങ്കിയാകാനുള്ള സാധ്യതയും ഡോക്ടര്‍മാര്‍ കണക്കിലെടുക്കുന്നുണ്ട്. കേസുകളില്‍ ഭൂരിഭാഗവും പനിയും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണക്കുറവും ബാധിച്ചാണു ആശുപത്രികളിലെത്തുന്നത്.

ഇതോടെ ഡെങ്കി ബോധവല്‍ക്കരണവുമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ എത്തുന്നുണ്ട്. പനി ബാധിച്ചു വരുന്നവരില്‍ ഡെങ്കി, മലേറിയ, കോവിഡ് എന്നീ പരിശോധനകളും നടത്തുന്നുണ്ട്. അജ്ഞാതപനിയുടെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.

'പനി ബാധിച്ചു കുഞ്ഞുങ്ങള്‍ മരിക്കുകയാണ്. ഉദ്യോഗസ്ഥര്‍ വീടുകളില്‍ നേരിട്ടെത്തുന്നുണ്ട്. മരുന്നു വിതരണം നടത്തുന്നു. ആരോഗ്യ വകുപ്പ് സദാസമയവും പ്രവര്‍ത്തിക്കുന്നുണ്ട്. വീടുകളില്‍ ശുചിത്വക്കുറവുള്ളതായി കണ്ടെത്തി. പനിയുടെ കാരണം കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്' സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍ വിജയ് കുമാര്‍ പ്രതികരിച്ചു.

Other News in this category4malayalees Recommends