ഏറ്റവും സ്വാധീനശക്തിയുള്ള നൂറ് വ്യക്തികളുടെ പട്ടികയില്‍ താലിബാന്റെ മുല്ല ബരാദര്‍

ഏറ്റവും സ്വാധീനശക്തിയുള്ള നൂറ് വ്യക്തികളുടെ പട്ടികയില്‍ താലിബാന്റെ മുല്ല ബരാദര്‍
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ പുതുതായി പ്രഖ്യാപിച്ച സര്‍ക്കാരിലെ ഉപപ്രധാനമന്ത്രിയും ദോഹ ഇടപാടിലെ പ്രധാന വ്യക്തിയുമായ മുല്ല അബ്ദുല്‍ ഗനി ബരാദര്‍ ടൈം മാസികയുടെ 2021 ലെ ഏറ്റവും സ്വാധീനശക്തിയുള്ള 100 ആളുകളില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു.

സമാധാന ഉടമ്പടിയില്‍ അമേരിക്കയുമായുള്ള ചര്‍ച്ചയ്ക്ക് താലിബാനെ നയിച്ചത് മുല്ല ബരാദര്‍ ആണ്. വളരെ അപൂര്‍വ്വമായി മാത്രം പരസ്യ പ്രസ്താവനകള്‍ നല്‍കുന്ന നിശ്ശബ്ദനായ വ്യക്തി ആയാണ് മുല്ല ബരാദര്‍ കണക്കാക്കപ്പെടുന്നത്.

2020 ഫെബ്രുവരിയില്‍, അഫ്ഗാന്‍ അനുരഞ്ജനത്തിനായുള്ള യുഎസ് പ്രത്യേക പ്രതിനിധി സല്‍മയ് ഖലീല്‍സാദ് ദോഹയില്‍ സമാധാന കരാറില്‍ ഔദ്യോഗികമായി ഒപ്പുവെച്ചപ്പോള്‍, താലിബാന്റെ മുഖ്യ പ്രതിനിധിയായിരുന്നു ബരാദര്‍.

അടുത്തിടെ, അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം നേടിയപ്പോള്‍, ബരാദര്‍ ചര്‍ച്ച ചെയ്ത വ്യവസ്ഥകളിലായിരുന്നു അത്. മുന്‍ ഭരണകൂടത്തിലെ അംഗങ്ങള്‍ക്ക് നല്‍കിയ പൊതുമാപ്പ്, താലിബാന്‍ കാബൂളില്‍ പ്രവേശിച്ചപ്പോള്‍ രക്തച്ചൊരിച്ചിലിന്റെ അഭാവം, അയല്‍ രാജ്യങ്ങള്‍, പ്രത്യേകിച്ച് ചൈന, പാകിസ്ഥാന്‍ എന്നിവയുമായുള്ള ഭരണകൂടത്തിന്റെ ബന്ധങ്ങളും സന്ദര്‍ശനങ്ങളും ഉള്‍പ്പെടെ എല്ലാ പ്രധാന തീരുമാനങ്ങളും ബരാദര്‍ എടുക്കുന്നുവെന്ന് പറയപ്പെടുന്നതായി ടൈം മാസിക പറഞ്ഞു.

2010 ല്‍, ബരാദറിനെ പാകിസ്ഥാനില്‍ വെച്ച് രാജ്യത്തിന്റെ സുരക്ഷാ സേന അറസ്റ്റ് ചെയ്യുകയും 2018 ല്‍ അഫ്ഗാനിസ്ഥാന്‍ വിട്ടുപോകാനുള്ള ശ്രമങ്ങള്‍ യുഎസ് ഊര്‍ജ്ജിതമാക്കിയപ്പോള്‍ വിട്ടയക്കുകയും ചെയ്തു.

താലിബാന്റെ സഹസ്ഥാപകനായിരുന്നിട്ടും അമേരിക്കയുമായുള്ള ചര്‍ച്ചകളില്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടും, ബരാദറിന് താത്കാലിക സര്‍ക്കാരില്‍ താരതമ്യേന താഴ്ന്ന സ്ഥാനം മാത്രമാണ് നല്‍കിയിരിക്കുന്നത് എന്ന ആക്ഷേപവുമുണ്ട്


Other News in this category4malayalees Recommends