ബ്രിസ്‌ബെയിനില്‍ സിഖ് ക്ഷേത്രത്തിന്റെ പേരില്‍ അധികാരത്തര്‍ക്കം; തെരുവില്‍ വാളും, കത്തിയും, കുറുവടിയുമായി പരസ്പരം പോരാടി; എട്ട് പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍; ഒരാളുടെ നില ഗുരുതരം; 40 പേര്‍ അറസ്റ്റില്‍

ബ്രിസ്‌ബെയിനില്‍ സിഖ് ക്ഷേത്രത്തിന്റെ പേരില്‍ അധികാരത്തര്‍ക്കം; തെരുവില്‍ വാളും, കത്തിയും, കുറുവടിയുമായി പരസ്പരം പോരാടി; എട്ട് പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍; ഒരാളുടെ നില ഗുരുതരം; 40 പേര്‍ അറസ്റ്റില്‍

ആരാധനാലയങ്ങളുടെ അധികാരത്തര്‍ക്കം ഇന്ത്യയിലും, നമ്മുടെ കൊച്ചുകേരളത്തില്‍ ഒരു പുതിയ കാര്യമല്ല. എന്നാല്‍ അങ്ങ് ഓസ്‌ട്രേലിയയിലും ഇതിന്റെ പേരിലുള്ള തമ്മിലടി നടത്തിയിരിക്കുകയാണ് ഒരു സംഘം സിഖുകാര്‍. സിഖ് ക്ഷേത്രത്തിന്റെ പേരിലുള്ള അധികാരത്തര്‍ക്കം തെരുവില്‍ സംഘര്‍ഷത്തില്‍ കലാശിച്ചതോടെയാണ് ബ്രിസ്‌ബെയിനില്‍ 40 പേരെ ക്യൂന്‍സ്‌ലാന്‍ഡ് പോലീസ് അറസ്റ്റ് ചെയ്തത്.


വടികളും, വാളും, കോടാലിയും, കത്തിയും പോലുള്ള ആയുധങ്ങളുമായി പരസ്പരം പോരാടിയതിനാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. സൗത്ത് ബ്രിസ്‌ബെയിനിലെ റണ്‍കോണിലുള്ള ഡോ റോഡിലാണ് തിങ്കളാഴ്ച രാത്രി അടിയുണ്ടായത്. ആരാധനാലയത്തിന്റെ പേരില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ നിന്നാണ് സംഘര്‍ഷം ഉടലെടുത്തതെന്ന് പോലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ചുള്ള അന്വേഷണം ഇന്ത്യന്‍ സിഖ് സമൂഹത്തിന്റെ പെരുമാറ്റത്തെ കുറിച്ചും, തര്‍ക്കം സംഘര്‍ഷമായി മാറിയത് എങ്ങിനെയെന്നും തേടും. സംഭവം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോള്‍ കൈയ്ക്കും, കഴുത്തിലും, തലയ്ക്കും ഗുരുതരമായി പരുക്കേറ്റ 36-കാരനെ കണ്ടെത്തി. ഇയാളെ ഗുരുതരാവസ്ഥയില്‍ പ്രിന്‍സസ് അലക്‌സാന്‍ഡ്ര ഹോസ്പിറ്റലില്‍ പ്രവേശിച്ചു. മറ്റ് ഏഴ് പേരും പരുക്കുകള്‍ക്ക് ചികിത്സയിലുണ്ട്.

എയ്റ്റ് മൈല്‍ പ്ലെയിന്‍സിലെ ബ്രിസ്‌ബെയിന്‍ സിഖ് ക്ഷേത്രത്തില്‍ ഒരു വിഭാഗം സര്‍വ്വീസ് നടത്തവെയാണ് ഇവിടെ കടന്നുകയറി എതിര്‍വിഭാഗം പ്രശ്‌നമുണ്ടാക്കിയതെന്നാണ് ആരോപണം. അക്രമത്തില്‍ പങ്കെടുത്തവരെല്ലാം 29 മുതല്‍ 36 വയസ്സ് വരെ പ്രായമുള്ളവരാണ്. അഞ്ച് പേര്‍ക്ക് ജാമ്യം ലഭിക്കാന്‍ തടസ്സങ്ങള്‍ നേരിടുമെന്ന് ആക്ടിംഗ് സൂപ്രണ്ട് സിമോണ്‍ ടെയ്‌ലര്‍ പറഞ്ഞു.

തെരുവില്‍ ഇത്രയും ആയുധങ്ങളുമായി തുറന്ന പോര് നടത്താന്‍ അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. അക്രമത്തില്‍ പരുക്കേറ്റ ഒരാളുടെ കൈ വെട്ടേറ്റ് മുറിഞ്ഞുപോകുന്ന നിലയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരസ്പരം തമ്മില്‍ തല്ലി ചാകുന്ന അവസ്ഥയാണ് അരങ്ങേറിയതെന്നും ഇവര്‍ വെളിപ്പെടുത്തി.
Other News in this category4malayalees Recommends