സ്ത്രീകള്‍ക്ക് സ്ഥാനം നല്‍കുമെന്ന പ്രഖ്യാപനം പാഴ് വാക്ക് ; വനിതാകാര്യ മന്ത്രാലയത്തില്‍ സ്ത്രീ ജീവനക്കാര്‍ക്ക് പ്രവേശനം നിഷേധിച്ച് താലിബാന്‍

സ്ത്രീകള്‍ക്ക് സ്ഥാനം നല്‍കുമെന്ന പ്രഖ്യാപനം പാഴ് വാക്ക് ; വനിതാകാര്യ മന്ത്രാലയത്തില്‍ സ്ത്രീ ജീവനക്കാര്‍ക്ക് പ്രവേശനം നിഷേധിച്ച് താലിബാന്‍
കാബൂളിലെ വനിതാകാര്യമന്ത്രാലയത്തില്‍ സ്ത്രീ ജീവനക്കാര്‍ക്ക് പ്രവേശം നിഷേധിച്ച് താലിബാന്‍. മന്ത്രാലയത്തിന്റെ കെട്ടിടത്തിലേക്ക് പുരുഷന്മാര്‍ക്ക് മാത്രമേ പ്രവേശനമുളളൂവെന്ന് ജീവനക്കാരിലൊരാള്‍ പറഞ്ഞു. നാല് സ്ത്രീകളെ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞുവെന്ന് ജീവനക്കാരനെ ഉദ്ദരിച്ച് സ്പുട്‌നിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

20 വര്‍ഷങ്ങള്‍ക്ക് ശേഷം താലിബാന്‍ വീണ്ടും അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതോടെ സ്ത്രീകള്‍ക്ക് കടുത്ത നിയന്ത്രണങ്ങളാണ് കൊണ്ടുവന്നത്. എന്നാല്‍ ഇസ്ലാം മതം അനുവധിക്കുന്ന സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് നല്‍കുമെന്നായിരുന്നു അധികാരം പിടിച്ചെടുത്ത സമയത്ത് താലിബാന്‍ നല്‍കിയ വാഗ്ദാനം.

അഫ്ഗാന്‍ സ്ത്രീകളെ പുരുഷന്മാര്‍ക്കൊപ്പം ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന് താലിബാന്‍ ഭരണകക്ഷിയുടെ ഒരു മുതിര്‍ന്ന നേതാവ് ദിവസങ്ങള്‍ക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു. സ്ത്രീകളെ അവര്‍ ആഗ്രഹിക്കുന്നിടത്ത് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് അന്താരാഷ്ട്ര സമൂഹം സമ്മര്‍ദ്ദം ചെലുത്തിയിട്ടും, താലിബാന്‍ അതിന് കാത് കൊടുക്കാന്‍ തയ്യാറാകുന്നില്ല. ഇസ്ലാമിക് നിയമത്തിന്റെ പൂര്‍ണരൂപം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് താലിബാനെന്ന് മുതിര്‍ന്ന നേതാവായ വഹീദുല്ല ഹാഷിമി റോയിട്ടേഴ്‌സിനോട് പറഞ്ഞു.

അതേസമയം അഫ്ഗാനില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും വിദ്യാഭ്യാസത്തിനായി താലിബാന്‍ സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അഫ്ഗാന്‍ സ്ത്രീകള്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം അനുവദിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി അബ്ദുല്‍ ബാഖി ഹഖാനി പറഞ്ഞു. എന്നാല്‍, പുരുഷന്മാര്‍ക്കൊപ്പം ഇരുന്ന് പഠിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

Other News in this category4malayalees Recommends