കാനഡയുടെ ഇന്ത്യന്‍ വിദ്വേഷം വോട്ടായി മാറുമോ? ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് തുടരുന്നത് കനേഡിയന്‍ തെരഞ്ഞെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരുടെ വോട്ടുകളെ സ്വാധീനിക്കുന്നത് എങ്ങിനെ?

കാനഡയുടെ ഇന്ത്യന്‍ വിദ്വേഷം വോട്ടായി മാറുമോ? ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് തുടരുന്നത് കനേഡിയന്‍ തെരഞ്ഞെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരുടെ വോട്ടുകളെ സ്വാധീനിക്കുന്നത് എങ്ങിനെ?

സെപ്റ്റംബര്‍ 20ന് കാനഡ പോളിംഗ് ബൂത്തിലെത്തുമ്പോള്‍ ഇന്ത്യന്‍ വംശജരായ കനേഡിയന്‍ പൗരന്‍മാര്‍ സംശയത്തിലാണ്. കോവിഡ്-19 മഹാമാരിയുടെ പേരില്‍ കാനഡ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുമ്പോള്‍ ഇന്ത്യയില്‍ കുടുങ്ങിയവര്‍ക്ക് മടങ്ങിയെത്താനും, വോട്ട് ചെയ്യാനും പോലും സാധിക്കാത്ത അവസ്ഥയുണ്ട്.


ഇന്ത്യയിലെ രണ്ടാം തരംഗത്തോടെയാണ് വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ അവസ്ഥ മെച്ചപ്പെട്ടതോടെ പല രാജ്യങ്ങളും വിലക്ക് നീക്കി. പക്ഷെ യുഎസും, കാനഡയും വിമാനങ്ങള്‍ക്കുള്ള വിലക്ക് നീട്ടുകയാണ് ചെയ്തത്. ആഗസ്റ്റ് 21ന് തീരേണ്ട വിലക്കാണ് ഒരു മാസം കൂടി നീട്ടിയത്.

ഇതോടെ ഇന്ത്യയില്‍ നിന്നും കാനഡയിലേക്ക് യാത്ര ചെയ്യുന്നവര്‍ മൂന്നാമതൊരു രാജ്യത്തെത്തി കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായെങ്കില്‍ മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. ഇത് യാത്രാ ചെലവും, സമ്മര്‍ദവും ഉയര്‍ത്തുന്ന കാര്യവുമാണ്. ഡെല്‍റ്റാ വേരിയന്റിനെതിരെ ജാഗ്രത തുടരുന്നതാണ് വിലക്കിന് കാരണമായി കനേഡിയന്‍ അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്.

എന്നാല്‍ ഇന്ത്യക്കെതിരെ വിവേചനപരമായ, രാഷ്ട്രീയ നിലപാടാണ് നടപ്പാക്കിയതെന്ന് പലരും ആരോപിക്കുന്നു. ലോകാരോഗ്യ സംഘടനയും, കാനഡയും അംഗീകരിച്ച കോവിഷീല്‍ഡ് വാക്‌സിനെടുത്ത യാത്രക്കാര്‍ ഇന്ത്യയില്‍ നിന്നും യാത്ര ചെയ്യുമ്പോള്‍ പ്രവേശിപ്പിക്കാതിരിക്കുകയും, മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്ക് ഇത് അനുവദിക്കുകയും ചെയ്യുന്നത് എന്ത് കൊണ്ടാണെന്ന് കാനഡ-ഇന്ത്യ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ സതീഷ് തക്കര്‍ ചോദിക്കുന്നു.

തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ കുടുങ്ങിയവര്‍ക്ക് മെയില്‍ വഴി വോട്ട് ചെയ്യാന്‍ സംവിധാനമുണ്ട്. ഇത് സെപ്റ്റംബര്‍ 20 വരെ സ്വീകരിക്കും. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഗവണ്‍മെന്റിന് ഇന്ത്യന്‍ കനേഡിയന്‍ വിഭാഗത്തിന്റെ രോഷം ഏല്‍ക്കേണ്ടി വരുമോയെന്നതാണ് ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യം. ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ, ആല്‍ബെര്‍ട്ട, മാനിതോബ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ സമൂഹം അധികമായി താമസിക്കുന്നുണ്ട്.
Other News in this category



4malayalees Recommends