അമേരിക്കക്കൊപ്പം നിന്നതില്‍ ഖേദിക്കുന്നു, അഫ്ഗാനിസ്ഥാന്റെ ഈ അവസ്ഥയ്ക്ക് കാരണം പാകിസ്ഥാനല്ല ; ഇമ്രാന്‍ഖാന്‍

അമേരിക്കക്കൊപ്പം നിന്നതില്‍ ഖേദിക്കുന്നു, അഫ്ഗാനിസ്ഥാന്റെ ഈ അവസ്ഥയ്ക്ക് കാരണം പാകിസ്ഥാനല്ല ; ഇമ്രാന്‍ഖാന്‍
അഫ്ഗാനിസ്ഥാന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം പാകിസ്ഥാനാണെന്ന അമേരിക്കന്‍ പരാമര്‍ശത്തിനെതിരെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. മുമ്പ് അമേരിക്കക്കൊപ്പം നിന്നതില്‍ ഖേദിക്കുന്നുവെന്നും ഇപ്പോഴത്തെ അഫ്ഗാന്റെ അവസ്ഥയ്ക്ക് കാരണം പാകിസ്ഥാനാണെന്ന് അമേരിക്കന്‍ രാഷ്ട്രീയക്കാര്‍ പറയുന്നതില്‍ ദുഖമുണ്ടെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

'അഫ്ഗാന്‍ വിഷയത്തില്‍ അമേരിക്കയ്‌ക്കൊപ്പം നിന്നതിനും അമേരിക്കയുടെ അഫ്ഗാനിലെ പ്രവര്‍ത്തികളെ പിന്തുണച്ചതിനും പാകിസ്ഥാന് വലിയ വില കൊടുക്കേണ്ടി വന്നു.

അമേരിക്കന്‍ സെനറ്റര്‍മാര്‍ നടത്തുന്ന ചില പരാമര്‍ശങ്ങള്‍ ഒരു പാകിസ്ഥാനി എന്ന നിലയില്‍ എന്നെ മുറിവേല്‍പ്പിക്കുന്നു. അഫ്ഗാനിലെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം പാകിസ്ഥാന്‍ ആണെന്ന് പറഞ്ഞ് ഞങ്ങളെ കുറ്റപ്പെടുത്തുന്നത് ഏറ്റവും വേദനയുളവാക്കുന്ന ഒരു കാര്യമാണ്,' ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയതിന് പിന്നാലെയാണ് അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങള്‍ പാകിസ്ഥാനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയത്. അഫ്ഗാനിലെ അമേരിക്കന്‍ സേനയുടെ പരാജയത്തിനും പിന്മാറ്റത്തിനും കാരണം ഇസ്ലാമാബാദ് ആണെന്നാണ് ചില അമേരിക്കന്‍ സെനറ്റര്‍മാര്‍ പറഞ്ഞിരുന്നത്.ഇതിനെതിരെയാണ് രൂക്ഷ പ്രതികരണവുമായി ഇമ്രാന്‍ ഖാന്‍ രംഗത്ത് എത്തിയത്. കഴിഞ്ഞമാസമാണ് താലിബാന്‍ വീണ്ടും അഫ്ഗാനിസ്ഥാന്‍ കീഴടക്കുകയും പുതിയ ഭരണകൂടം സ്ഥാപിക്കുകയും ചെയ്തത്.

Other News in this category4malayalees Recommends