യുകെയില്‍ ഗ്യാസ് പ്രതിസന്ധി! കാര്‍ബണ്‍ ഡയോക്‌സൈഡ് കിട്ടാനില്ല; സൂപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഫുകളില്‍ നിന്നും മാംസം രണ്ടാഴ്ച കഴിഞ്ഞാല്‍ അപ്രത്യക്ഷമാകും, ക്രിസ്മസ് ഡിന്നറും കുഴപ്പത്തില്‍; അടിയന്തര യോഗം വിളിച്ച് ബിസിനസ്സ് സെക്രട്ടറി

യുകെയില്‍ ഗ്യാസ് പ്രതിസന്ധി! കാര്‍ബണ്‍ ഡയോക്‌സൈഡ് കിട്ടാനില്ല; സൂപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഫുകളില്‍ നിന്നും മാംസം രണ്ടാഴ്ച കഴിഞ്ഞാല്‍ അപ്രത്യക്ഷമാകും, ക്രിസ്മസ് ഡിന്നറും കുഴപ്പത്തില്‍; അടിയന്തര യോഗം വിളിച്ച് ബിസിനസ്സ് സെക്രട്ടറി

ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര യോഗം വിളിച്ച് ബിസിനസ്സ് സെക്രട്ടറി ക്വാസി ക്വാര്‍ടെംഗ്. ആവശ്യത്തിന് കാര്‍ബണ്‍ ഡയോക്‌സൈഡ് കിട്ടാതെ വന്നതോടെ ഭക്ഷ്യക്ഷാമം രൂപപ്പെടുമെന്ന ആശങ്കയാണ് ഉയരുന്നത്. ഗ്യാസ് നിരക്ക് ഉയര്‍ന്നതോടെ ടീസൈഡിലെയും, ചെഷയറിലെയും രണ്ട് ഫെര്‍ട്ടിലൈസര്‍ പ്ലാന്റുകള്‍ അടച്ചത് ഭക്ഷ്യ, പാനീയ വ്യവസായത്തെ ബാധിക്കുമെന്നാണ് ഭീതി.


ഫെര്‍ട്ടിലൈസര്‍ ഉത്പാദനത്തിലെ ഉപോത്പന്നമായ കാര്‍ബണ്‍ ഡയോക്‌സൈഡ് ഫിസി പാനീയങ്ങളിലും, ബിയറിലും, മൃഗങ്ങളെ മാംസത്തിനായി അറുക്കുന്നതിന് മുന്‍പ് മൃഗങ്ങളെ സ്തംബ്ധരാക്കാനും, ഷെല്‍ഫ് ലൈഫ് കൂട്ടാനായി പാക്കേജിംഗിലും, ഡെലിവെറികള്‍ ശീതീകരിച്ച് സൂക്ഷിക്കാനും ഉപയോഗിക്കുന്നുണ്ട്. കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ ലഭ്യത കുറഞ്ഞാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഷെല്‍ഫുകളില്‍ നിന്നും മാംസം അപ്രത്യക്ഷമാകുന്ന സ്ഥിതിയുണ്ട്.

നിലവിലെ കാര്‍ബണ്‍ ഡയോക്‌സൈഡ് സ്‌റ്റോക്ക് പ്രകാരം അടുത്ത രണ്ടാഴ്ചത്തേക്ക് മാത്രമാണ് പ്രവര്‍ത്തനം സാധിക്കുകയെന്ന് ബ്രിട്ടീഷ് മീറ്റ് പ്രൊസസേഴ്‌സ് അസോസിയേഴ്‌സ് മുന്നറിയിപ്പ് നല്‍കി. ഗ്യാസ് ലഭ്യത ഇല്ലാത്ത അവസ്ഥ കനത്ത ആഘാതമാണെന്നും, തകര്‍ച്ചയുടെ വക്കിലേക്ക് എത്തിക്കുകയാണ് ചെയ്തതെന്നും ബെര്‍ണാഡ് മാത്യൂസ് & 2 സിസ്റ്റേഴ്‌സ് ഫുഡ് ഗ്രൂപ്പ് ഉടമ രഞ്ജിത്ത് സിംഗ് ബൊപാരന്‍ പറഞ്ഞു.

അടച്ച രണ്ട് ഫെര്‍ട്ടിലൈസര്‍ പ്ലാന്റുകളും യുഎസ് സ്ഥാപനമായ സിഎഫ് ഇന്‍ഡസ്ട്രീസ് ഉടമസ്ഥതയിലുള്ളതാണ്. ബ്രിട്ടന്റെ കാര്‍ബണ്‍ ഡയോക്‌സൈഡ് ഉത്പാദനത്തിലെ 60 ശതമാനവും ഇവിടെ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. എനര്‍ജി ചെലവ് കുതിച്ചുയര്‍ന്നതോടെ ഇവ അടച്ചത് അനുബന്ധ സ്ഥാപനങ്ങളെയാണ് കുഴപ്പത്തില്‍ ചാടിച്ചിരിക്കുന്നത്.

നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ക്രിസ്മസ് ഡിന്നറുകള്‍ക്ക് ആവശ്യമായ മാംസപദാര്‍ത്ഥങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കാത്ത അവസ്ഥ നേരിടും. എനര്‍ജി ബില്ലുകളുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ടി വരുകയും ചെയ്യും.
Other News in this category4malayalees Recommends