അതിര്‍ത്തികള്‍ തുറക്കാന്‍ വിസമ്മതിച്ച് ക്യൂന്‍സ്‌ലാന്‍ഡ്; ഓസ്‌ട്രേലിയയില്‍ വാക്‌സിനേഷന്‍ 90 ശതമാനം എത്തിയ ശേഷം പദ്ധതിയെക്കുറിച്ച് ചിന്തിക്കാമെന്ന് പാലാസൂക്; പ്രധാനമന്ത്രിയുടെ പദ്ധതി അവതാളത്തില്‍

അതിര്‍ത്തികള്‍ തുറക്കാന്‍ വിസമ്മതിച്ച് ക്യൂന്‍സ്‌ലാന്‍ഡ്; ഓസ്‌ട്രേലിയയില്‍ വാക്‌സിനേഷന്‍ 90 ശതമാനം എത്തിയ ശേഷം പദ്ധതിയെക്കുറിച്ച് ചിന്തിക്കാമെന്ന് പാലാസൂക്; പ്രധാനമന്ത്രിയുടെ പദ്ധതി അവതാളത്തില്‍

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ പാത പിന്തുടര്‍ന്ന് അതിര്‍ത്തികള്‍ക്ക് തുറക്കാന്‍ വിസമ്മതിച്ച് ക്യൂന്‍സ്‌ലാന്‍ഡ്. ഓസ്‌ട്രേലിയയില്‍ വാക്‌സിനേഷന്‍ നിരക്ക് 90 ശതമാനം എത്തിച്ചേര്‍ന്ന ശേഷം ഇതിലേക്ക് നീങ്ങാമെന്ന നിലപാടിലാണ് പ്രീമിയര്‍ അന്നാസ്ടാഷ്യ പാലാസൂക്. ഓസ്‌ട്രേലിയന്‍ ജനസംഖ്യയില്‍ 80 ശതമാനത്തിന് സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ലഭിച്ചാല്‍ അതിര്‍ത്തി തുറക്കാനുള്ള പദ്ധതിയില്‍ നിന്നും പിന്‍വാങ്ങുന്ന രണ്ടാമത്തെ പ്രീമിയറാണ് പാലാസൂക്.


നേരത്തെ മാര്‍ക്ക് മക്കോവന്‍ ഇതേ അഭിപ്രായം വ്യക്തമാക്കിയിരുന്നു. ജൂലൈയില്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പ്രഖ്യാപിച്ച പദ്ധതിയെ എല്ലാ സ്റ്റേറ്റും, ടെറിട്ടറികളും ആ സമയത്ത് അംഗീകരിച്ചതാണ്. എന്നാല്‍ സ്റ്റേറ്റുകളുടെ വാക്‌സിനേഷന്‍ ഉയര്‍ത്താനാണ് വിമത പ്രീമിയര്‍മാര്‍ ഇപ്പോള്‍ സമ്മര്‍ദം ചെലുത്തുന്നത്. 90 ശതമാനം വാക്‌സിനേഷന്‍ എത്തുന്നത് വരെ ഇന്റര്‍സ്‌റ്റേറ്റ് യാത്രകള്‍ പുനരാരംഭിക്കേണ്ടെന്ന നിലപാടിനെ പാലാസൂകിന്റെ ക്യാബിനറ്റും പിന്തുണയ്ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഫെഡറല്‍ ഗവണ്‍മെന്റിന്റെ നാല് ഘട്ട പദ്ധതി അനുസരിച്ച് കോവിഡ് ലോക്ക്ഡൗണ്‍ ജനസംഖ്യയില്‍ 70 ശതമാനം വാക്‌സിനേഷന്‍ എത്തുമ്പോള്‍ അവസാനിക്കേണ്ടതാണ്. നവംബര്‍ 2ന് ഈ നാഴികക്കല്ല് ഓസ്‌ട്രേലിയ താണ്ടുമെന്നാണ് കരുതുന്നത്. ഡിസംബര്‍ 5ന് കോവിഡ് വാക്‌സിനേഷന്‍ നിരക്ക് 80 ശതമാനം എത്തുമ്പോള്‍ വാക്‌സിനെടുത്ത ഓസ്‌ട്രേലിയക്കാര്‍ക്ക് ഇന്റര്‍സ്‌റ്റേറ്റ് യാത്രക്കായി അതിര്‍ത്തികള്‍ തുറക്കേണ്ടതുണ്ട്.

ഡെല്‍റ്റാ വേരിയന്റിന്റെ നേരിടുന്ന എന്‍എസ്ഡബ്യു, വിക്ടോറിയ എന്നിവിടങ്ങളില്‍ വാക്‌സിനേഷന്‍ നിരക്ക് 70 ശതമാനം എത്തിയാല്‍ ലോക്ക്ഡൗണ്‍ അവസാനിപ്പിക്കുമെന്ന് പ്രീമിയര്‍മാരായ ഗ്ലാഡിസ് ബെരെജിക്ലിയാന്‍, ഡാന്‍ ആന്‍ഡ്രൂസ് എന്നിവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പാലാസൂകും, മക്കോവനും സമാനമായ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ തയ്യാറായിട്ടില്ല.

ക്യൂന്‍സ്‌ലാന്‍ഡും, വെസ്റ്റേണ്‍ ഓസ്‌ട്രേലിയയും വാക്‌സിനേഷനില്‍ ഏറെ പിന്നിലുമാണ്. അവസ്ഥ ഇതായിരിക്കവെയാണ് പാലാസൂക് ലക്ഷ്യം 90 ശതമാനത്തിലേക്ക് ഉയര്‍ത്തുന്നത്.
Other News in this category4malayalees Recommends