കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നാലും സ്‌കൂള്‍ അടയ്ക്കരുത്; വാച്ച്‌ഡോഗിന്റെ മുന്നറിയിപ്പ്; 12 മുതല്‍ 15 വരെ പ്രായത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്തി കോവിഡ് വാക്‌സിനേഷന്‍ നല്‍കാനുള്ള പദ്ധതി ആരംഭിച്ചു

കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നാലും സ്‌കൂള്‍ അടയ്ക്കരുത്; വാച്ച്‌ഡോഗിന്റെ മുന്നറിയിപ്പ്; 12 മുതല്‍ 15 വരെ പ്രായത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്തി കോവിഡ് വാക്‌സിനേഷന്‍ നല്‍കാനുള്ള പദ്ധതി ആരംഭിച്ചു

കോവിഡ് കേസുകള്‍ നിയന്ത്രണം വിട്ട് കുതിച്ചുയര്‍ന്നാലും സ്‌കൂളുകള്‍ ഇനി അടയ്ക്കരുതെന്ന് ഇംഗ്ലണ്ടിന്റെ ചില്‍ഡ്രന്‍സ് കമ്മീഷണര്‍. മഹാമാരി യുകെയില്‍ ആദ്യം ആഞ്ഞടിച്ചപ്പോള്‍ ശാസ്ത്രീയ ഉപദേശങ്ങള്‍ പ്രകാരം സ്‌കൂളുകള്‍ അടച്ചത് ശരിയായ കാര്യമായിരുന്നുവെന്നും ഡെയിം റേച്ചല്‍ ഡി സൂസ പറഞ്ഞു.


'എന്നാല്‍ ഇനിയും സ്‌കൂളുകള്‍ അടയ്ക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ല. ഇത് സുപ്രധാനമാണ്. വിദ്യാഭ്യാസം നഷ്ടമാകുന്നതിന്റെ ദൂഷ്യങ്ങള്‍ വലുതാണ്', വാച്ച്‌ഡോഗ് വ്യക്തമാക്കി. ഈ വര്‍ഷം സ്‌കൂളുകളെ കുറിച്ചുള്ള കുട്ടികളുടെ അഭിപ്രായം തേടി ഇവര്‍ ബിഗ് സര്‍വ്വെയ്ക്ക് തുടക്കം കുറിച്ചിരുന്നു. കുട്ടികള്‍ക്ക് സ്‌കൂളുകള്‍ ഇഷ്ടമാണെന്നും, അധ്യാപകര്‍ക്ക് മുന്നില്‍ ഇരിക്കുന്നതിന് പകരം കമ്പ്യൂട്ടറുകള്‍ക്ക് മുന്നിലിരുന്നാല്‍ പറ്റില്ലെന്നും ഇവര്‍ തിരിച്ചറിഞ്ഞതായും പഠനം കണ്ടെത്തി.

കുട്ടികളെ തിരിച്ചെത്തിക്കാന്‍ മാനസിക ആരോഗ്യത്തില്‍ കൂടി പിന്തുണ നല്‍കണമെന്ന റിപ്പോര്‍ട്ട് പുറത്തിറക്കുകയായിരുന്നു ചില്‍ഡ്രന്‍സ് കമ്മീഷണര്‍. ക്ലാസുകളില്‍ എത്താന്‍ കഴിയാതെയും, മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്ന കുട്ടികളെ രക്ഷപ്പെടുത്തിയെടുക്കാനുള്ള പാക്കേജ് സ്‌കൂളുകള്‍ക്ക് ലഭ്യമാക്കണമെന്നും ചില്‍ഡ്രന്‍സ് കമ്മീഷണര്‍ ആവശ്യപ്പെട്ടു.

ഇതിനിടെ വിന്റര്‍ കാലത്ത് കോവിഡ് തരംഗം രൂപപ്പെട്ട് ക്ലാസുകള്‍ അടയ്ക്കുന്നത് തടയാനായി ബ്രിട്ടനിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനുള്ള പദ്ധതിക്ക് തുടക്കമായി. എസെക്‌സിലാണ് ഇംഗ്ലണ്ടിലെ ആദ്യത്തെ കോവിഡ് വാക്‌സിനേഷന് തുടക്കം കുറിച്ചിരിക്കുന്നത്. 12 മുതല്‍ 15 വരെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് കോവിഡിന് എതിരായ വാക്‌സിനേഷന്‍ നല്‍കാന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പച്ചക്കൊടി വീശിയതോടെയാണ് പദ്ധതിക്ക് തുടക്കമായത്.

ശൈത്യകാലം എത്തിച്ചേരുന്നതിന് മുന്‍പ് പരമാവധി സുരക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍ വീണ്ടുമൊരു വ്യാപനം ഉണ്ടാകാതെ തടയാന്‍ കഴിയുമെന്നാണ് ഗവണ്‍മെന്റ് പ്രതീക്ഷിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിനെ സ്വതന്ത്ര വാക്‌സിന്‍ ഉപദേശക പാനലായ ജെസിവിഐ ആദ്യം തള്ളിയിരുന്നെങ്കിലും ചീഫ് മെഡിക്കല്‍ ഓഫീസര്‍ നിലപാട് തിരുത്തുകയായിരുന്നു. പല സ്‌കൂളുകളും കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ മാതാപിതാക്കളുടെ അനുമതി തേടി കത്ത് അയച്ച് തുടങ്ങിയിട്ടുണ്ട്.
Other News in this category4malayalees Recommends