മയക്കുമരുന്നിനെ മയക്കുമരുന്ന് എന്നുതന്നെ പറഞ്ഞാല്‍ മതി ; ദീപിക ലേഖനവും തള്ളി ; പാലാ ബിഷപ്പിനെ തള്ളി കര്‍ദിനാള്‍ മാര്‍ ക്ലീമിസ് ബാവ

മയക്കുമരുന്നിനെ മയക്കുമരുന്ന് എന്നുതന്നെ പറഞ്ഞാല്‍ മതി ; ദീപിക ലേഖനവും തള്ളി ; പാലാ ബിഷപ്പിനെ തള്ളി കര്‍ദിനാള്‍ മാര്‍ ക്ലീമിസ് ബാവ
പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് എന്ന വിവാദ പരാമര്‍ശത്തെ പരോക്ഷമായി തള്ളി കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാത്തോലിക്ക ബാവ. മയക്കുമരുന്നിനെ മയക്കുമരുന്ന് എന്നുതന്നെ പറഞ്ഞാല്‍ മതിയെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

തന്റെ ഈ അഭിപ്രായം വ്യക്തമാണെന്നും തിരുവനന്തപുരത്ത് വിവിധ മതമേലധ്യക്ഷന്മാരെ വിളിച്ചുകൂട്ടി നടത്തിയ യോഗത്തിന് ശേഷം അദ്ദേഹം പ്രതികരിച്ചു. ദീപികയില്‍ വന്ന വിവാദ ലേഖനങ്ങളെയും അദ്ദേഹം പിന്തുണച്ചില്ല. കത്തോലിക്കസഭ അങ്ങനെ തീരുമാനമെടുത്തിട്ടില്ലെന്നും സംഘടനകള്‍ നിലപാട് എടുത്തിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

പാലാ ബിഷപ്പിന്റെ പ്രസ്താവനയെ അടിസ്ഥാനമാക്കിയാണ് യോഗം ചേര്‍ന്നത് എന്നത് ശരിയാണ്. ഞങ്ങള്‍ ചര്‍ച്ചചെയ്തത് അതിനപ്പുറത്തെ വിഷയമാണ്. കേരളത്തിന്റെ മതസൗഹാര്‍ദം എങ്ങനെ കൂടുതല്‍ ഊട്ടി ഉറപ്പിക്കാന്‍ കഴിയും എന്നത് സംബന്ധിച്ചാണ് ചര്‍ച്ചനടന്നതെന്നും കര്‍ദിനാള്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.

അതേസമയം, മാര്‍ ക്ലീമിസ് ബാവ വിളിച്ചുകൂട്ടിയ യോഗത്തില്‍ ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് പങ്കെടുത്തില്ല. അദ്ദേഹം അസൗകര്യം അറിയിക്കുകയായിരുന്നു. എന്താണ് അസൗകര്യം എന്ന് അറിയില്ല. പാണക്കാട് കുടുംബത്തില്‍നിന്ന് ഇത്ര ദൂരം യാത്ര ചെയ്ത് മുനവ്വറലി തങ്ങള്‍ എത്തിയെന്ന് പറഞ്ഞ കര്‍ദിനാള്‍, വരാതിരുന്നവരെ കുറിച്ചല്ല, വന്നവരെപ്പറ്റിയാണ് സംസാരിക്കേണ്ടതെന്നും പറഞ്ഞു

വരാത്തവരെ ബഹുമാനത്തോടെയാണ് കാണുന്നത്. അവരെക്കൂടി കൂട്ടിച്ചേര്‍ക്കാനാണ് ഞങ്ങളുടെ പരിശ്രമം. എന്തായാലും അവരുംകൂടി ഒരുമിച്ച് കൂടേണ്ടവരാണെന്നും അദ്ദേഹം പറഞ്ഞു

Other News in this category4malayalees Recommends