3% ശമ്പള വര്‍ദ്ധനവില്‍ എതിര്‍പ്പ് അറിയിച്ച് ഭൂരിപക്ഷം എന്‍എച്ച്എസ് ജീവനക്കാര്‍; ആരോഗ്യ പ്രവര്‍ത്തകര്‍ രാജിവെച്ച് കൂടുതല്‍ മാന്യമായ ശമ്പളമുള്ള ജോലിക്ക് പോകാന്‍ ആലോചിക്കുന്നുവെന്ന് യൂണിയനുകളുടെ മുന്നറിയിപ്പ്

3% ശമ്പള വര്‍ദ്ധനവില്‍ എതിര്‍പ്പ് അറിയിച്ച് ഭൂരിപക്ഷം എന്‍എച്ച്എസ് ജീവനക്കാര്‍; ആരോഗ്യ പ്രവര്‍ത്തകര്‍ രാജിവെച്ച് കൂടുതല്‍ മാന്യമായ ശമ്പളമുള്ള ജോലിക്ക് പോകാന്‍ ആലോചിക്കുന്നുവെന്ന് യൂണിയനുകളുടെ മുന്നറിയിപ്പ്

ഗവണ്‍മെന്റിന്റെ 3% ശമ്പള വര്‍ദ്ധവില്‍ എതിര്‍പ്പ് രേഖപ്പെടുത്തി എന്‍എച്ച്എസ് ജീവനക്കാര്‍. എല്ലാം എളുപ്പത്തില്‍ കിട്ടുന്ന തരത്തിലെടുക്കുന്ന സര്‍ക്കാരിന്റെ മാനസികാവസ്ഥയില്‍ ആയിരക്കണക്കിന് ജീവനക്കാര്‍ മനസ്സ് മടുത്ത് ഇരിക്കുകയാണെന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ ഹെല്‍ത്ത് യൂണിയന്‍ മുന്നറിയിപ്പ് നല്‍കി.


സമ്മര്‍ മുഴുവന്‍ നീണ്ട അഭിപ്രായ ശേഖരണത്തിലെ ഫലങ്ങളാണ് യുണീഷന്‍ പുറത്തുവിട്ടത്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ശമ്പള വര്‍ദ്ധനവില്‍ ഭൂരിപക്ഷം, 80% ജീവനക്കാര്‍ക്കും തൃപ്തിയില്ലെന്ന് യുണീഷന്‍ വ്യക്തമാക്കി. വിഷയത്തില്‍ സര്‍ക്കാരിനെ വെല്ലുവിളിക്കാനും ഇവര്‍ ആവശ്യപ്പെടുന്നു. അഞ്ചില്‍ ഒരാള്‍, ഏകദേശം 20 ശതമാനത്തിന് മാത്രമാണ് വര്‍ദ്ധനവ് സ്വീകാര്യമായത്.

ഇതോടെ ശമ്പള വര്‍ദ്ധനവ് തീരുമാനങ്ങള്‍ പുനഃപ്പരിശോധിക്കാനുള്ള സമ്മര്‍ദം സര്‍ക്കാരിന് മേല്‍ ഉയരുകയാണ്. ഏതാനും ദിവസം മുന്‍പ് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് നടത്തിയ കണ്‍സള്‍ട്ടേറ്റീവ് ബാലറ്റില്‍ പത്തില്‍ ഒന്‍പത് അംഗങ്ങളും സ്വീകാര്യമല്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. പണിയെടുത്ത് മടുത്ത ആയിരക്കണക്കിന് ജീവനക്കാര്‍ ജോലികള്‍ ഉപേക്ഷിക്കാനുള്ള ഒരുക്കത്തിലാണെന്ന് യുണീഷന്‍ വ്യക്തമാക്കി.

നഴ്‌സുമാര്‍, ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റ്, ആംബുലന്‍സ് വര്‍ക്കര്‍, ഹോസ്പിറ്റല്‍ പോര്‍ട്ടേഴ്‌സ് എന്നിവര്‍ ഇതില്‍ ഉള്‍പ്പെടും. മറ്റ് പല മേഖലകളും ജോലിക്കാരെ ആകര്‍ഷിക്കാനായി വേതനങ്ങള്‍ ഉയര്‍ത്തുകയാണ്. ഈ ഘട്ടത്തില്‍ സമ്മര്‍ദം കുറവുള്ള, മെച്ചപ്പെട്ട ശമ്പളമുള്ള ജോലികളിലേക്ക് മാറാന്‍ നിരവധി ഹെല്‍ത്ത് ജീവനക്കാര്‍ ശ്രമിക്കുന്നതായി യൂണിയന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ആശുപത്രി അഡ്മിഷനുകള്‍ ഉയരുകയും, വിന്റര്‍ കൂടുതല്‍ ദുസ്സഹമാകുകയും ചെയ്താല്‍ ജീവനക്കാര്‍ വീണ്ടും ദുരിതത്തിലാകുമെന്ന് യുണീഷന്‍ ഹെല്‍ത്ത് ഹെഡ് സാറാ ഗോര്‍ടണ്‍ ചൂണ്ടിക്കാണിച്ചു. ചുരുങ്ങിയത് 2000 പൗണ്ട് വര്‍ദ്ധനവെങ്കിലും ലഭിക്കണമെന്നും യൂണിയന്‍ ആവശ്യപ്പെടുന്നു.
Other News in this category4malayalees Recommends