ജസ്റ്റിന്‍ ട്രൂഡോയ്ക്ക് മൂന്നാമതും അവസരം നല്‍കി കനേഡിയന്‍ ജനത; കാനഡ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വീണ്ടുമൊരു തൂക്കുസഭ ചിത്രം തെളിയുന്നു; നന്ദി പറഞ്ഞ് ട്രൂഡോ

ജസ്റ്റിന്‍ ട്രൂഡോയ്ക്ക് മൂന്നാമതും അവസരം നല്‍കി കനേഡിയന്‍ ജനത; കാനഡ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വീണ്ടുമൊരു തൂക്കുസഭ ചിത്രം തെളിയുന്നു; നന്ദി പറഞ്ഞ് ട്രൂഡോ

ചൂടേറിയ തെരഞ്ഞെടുപ്പ് പോരാട്ടത്തിനൊടുവില്‍ കാനഡയില്‍ വീണ്ടും ജസ്റ്റിന്‍ ട്രൂഡോയുടെ സര്‍ക്കാര്‍ അധികാരത്തിലേക്ക്. കൃത്യമായ ഭൂരിപക്ഷമില്ലാതെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ലിബറലുകള്‍ മാറുമെന്നതാണ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തെളിയുന്ന ചിത്രം.


44-ാം പൊതുതെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ സര്‍ക്കാരിനെയാണ് ലിബറല്‍ നേതാവ് ട്രൂഡോയ്ക്ക് നയിക്കേണ്ടി വരിക. മഹാമാരിയുടെ അടുത്ത ഘട്ടത്തിലും ഈ നേതാവിലാണ് തങ്ങള്‍ക്ക് വിശ്വാസമെന്ന് കനേഡിയന്‍ ജനത മൂന്നാം വട്ടവും വിധിയെഴുതി. എന്നാല്‍ മഹാമാരിക്കിടെ ഒരു ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും ഭൂരിപക്ഷം പിടിക്കാന്‍ കഴിഞ്ഞില്ലെന്നത് വരുംദിനങ്ങളില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തും.

അവസാന റിപ്പോര്‍ട്ടുകള്‍ പ്രകാരം 157-ഓളം റൈഡിംഗുകളില്‍ ലീഡ് ചെയ്യുകയോ, വിജയിക്കുകയോ ചെയ്യാന്‍ ലിബറല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് സാധിച്ചിട്ടുണ്ട്. 2019 തെരഞ്ഞെടുപ്പില്‍ വിജയിച്ച അതേ നിലവാരത്തിലാണ് ലിബറല്‍ മുന്നേറ്റം. കോവിഡ്-19 വാക്‌സിന്‍ മുന്നേറ്റം വോട്ടായി മാറ്റാമെന്ന പ്രതീക്ഷയോടെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെങ്കിലും ജനങ്ങള്‍ ഇതിനെ പൂര്‍ണ്ണമായി അനുകൂലിച്ചില്ല.

അതേസമയം തെരഞ്ഞെടുപ്പ് വിജയത്തില്‍ ട്രൂഡോ കാനഡയ്ക്ക് നന്ദി പറഞ്ഞു. മഹാമാരി കടന്ന് മെച്ചപ്പെട്ട ദിനങ്ങളിലേക്ക് രാജ്യത്തെ നയിക്കാന്‍ വ്യക്തമായ നിലപാടാണ് നിങ്ങള്‍ പ്രഖ്യാപിച്ചത്, വിജയ പ്രസംഗത്തില്‍ ട്രൂഡോ പറഞ്ഞു. 49-കാരനായ ട്രൂഡോ കണ്‍സര്‍വേറ്റീവുകളില്‍ നിന്നും നേരിട്ട കനത്ത പോരാട്ടത്തെ അതിജീവിച്ചാണ് വീണ്ടും അധികാരം നേടുന്നത്.

നിലവിലെ മഹാമാരിയുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ അന്തിമഫല പ്രഖ്യാപനത്തിന് കാലതാമസമെടുക്കും. ഈ വിജയത്തോടെ ഇമിഗ്രേഷനില്‍ ഉള്‍പ്പെടെ ലിബറലുകള്‍ തുടര്‍ന്ന നയങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് പ്രതീക്ഷ.
Other News in this category4malayalees Recommends