മൂന്നര വര്‍ഷം വിചാരണ പോലുമില്ലാതെ ജയിലില്‍ കിടന്നു, ജീവിതം വഴിമുട്ടി ; കള്ളക്കേസില്‍ 2 കോടി വീതം നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് മറിയം റഷീദയും ഫൗസിയ ഹസനും

മൂന്നര വര്‍ഷം വിചാരണ പോലുമില്ലാതെ ജയിലില്‍ കിടന്നു, ജീവിതം വഴിമുട്ടി ; കള്ളക്കേസില്‍ 2 കോടി വീതം നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് മറിയം റഷീദയും ഫൗസിയ ഹസനും
ഐഎസ്ആര്‍ഒ ചാരക്കേസില്‍ തങ്ങള്‍ക്കും നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മറിയം റഷീദയും, ഫൗസിയ ഹസനും സുപ്രീംകോടതിയെ സമീപിച്ചു. ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന കേസ് അന്വേഷിക്കുന്ന സിബിഐ മുഖാന്തരമാണ് ഇവര്‍ ഹര്‍ജി സമര്‍പ്പിച്ചത്. കളളക്കേസില്‍ കുടുക്കിയതിന് നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കിയ സുപ്രീംകോടതി വിധിക്ക് തുടര്‍ച്ചയായിട്ടാണ് രണ്ടുപേരുടേയും നീക്കം. മൂന്നര വര്‍ഷം വിചാരണ പോലുമില്ലാതെ ജയിലില്‍ കിടന്നു. തുടര്‍ന്നുളള ജീവിതം വഴിമുട്ടിയെന്നും ഹര്‍ജിയിലുണ്ട്.

മാലി ചാര വനിതകളെന്ന് മുദ്രകുത്തി കളളക്കേസില്‍ ജയിലിലടക്കപ്പെട്ട തങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. കേസില്‍ സിബി മാത്യൂസ് അടക്കമുളള അന്നത്തെ 18 അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന 2 കോടി വീതം നഷ്ടപരിഹാരം ഈടാക്കണമെന്നാണ് ഇവരുടെ ആവശ്യം. തങ്ങളെയും ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരേയും ചാരക്കേസില്‍ കുടുക്കി അന്വേഷണ ഉദ്യോഗസ്ഥര്‍ കോടികള്‍ സമ്പാദിച്ചത് സംബന്ധിച്ചെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്.

കേസിന്റെ ആദ്യ ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഇന്‍സ്‌പെക്ടര്‍ എസ് വിജയന്റെ വ്യക്തിവൈരാഗ്യമാണ് ചാരക്കേസിന് ആധാരം. എസ് വിജയന്‍ ലൈംഗികമായി പീഡിപ്പിച്ചു. അദ്ദേഹത്തിനെതിരെ പീഡനക്കേസ് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും മറിയം റഷീദയുടെ ഹര്‍ജിയിലുണ്ട്. നേരത്തെ സിബിഐയുടെ പക്കലുളള ഐഎസ്ആര്‍ഒ ഗൂഢാലോചന കേസില്‍ പ്രതികളായിരുന്നവര്‍ക്കോ സാക്ഷികള്‍ക്കൊ പുതുതായി എന്തെങ്കിലും ബോധ്യപ്പെടുത്താനുണ്ടെങ്കില്‍ അറിയിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മറിയം റഷീദയും ഫൗസിയ ഹസനും സിബിഐ മുഖേന നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ദേശീയ തലത്തില്‍ തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഐഎസ്ആര്‍ഒ. ചാരക്കേസ്. തിരുവനന്തപുരം ഐഎസ്ആര്‍ഒയിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ. ശശികുമാരനും ഡോ. നമ്പിനാരായണനും ചേര്‍ന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങള്‍ വിദേശികള്‍ക്ക് ചോര്‍ത്തിനല്‍കി എന്നതായിരുന്നു ആരോപണം.

Other News in this category4malayalees Recommends